പത്താംതരം പ്രാഥമിക പരീക്ഷ: അർഹതാ പട്ടിക പ്രസിദ്ധീകരിച്ചു; അന്തിമപരീക്ഷ നവംബർ, ഡിസംബർ മാസങ്ങളിൽ

By Web TeamFirst Published Sep 18, 2021, 9:45 AM IST
Highlights

14 ജില്ലകളിലേക്കുള്ള എൽ.ഡി.ക്ലർക്ക് തസ്തികയുടെയും സെക്രട്ടറിയേറ്റ്/പി.എസ്.സി. ഓഫീസ് അറ്റൻഡന്റ് തസ്തികയുടെയും അർഹതാപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 

തിരുവനന്തപുരം: പത്താംതരം പ്രാഥമിക പരീക്ഷയിൽ ഉൾപ്പെട്ട 192 കാറ്റഗറിയിലുള്ള തസ്തികകളുടെ അർഹതാപട്ടിക കേരള പി.എസ്.സി. പ്രസിദ്ധീകരിച്ചു തുടങ്ങി. സംസ്ഥാനതല തസ്തികകളുടെ പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലേക്കുള്ള എൽ.ഡി.ക്ലർക്ക് തസ്തികയുടെയും സെക്രട്ടറിയേറ്റ്/പി.എസ്.സി. ഓഫീസ് അറ്റൻഡന്റ് തസ്തികയുടെയും അർഹതാപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ജില്ലാതലത്തിലുള്ള ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് അടക്കമുള്ള മറ്റ് തസ്തികകളുടെ പട്ടികകൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വിശദാംശങ്ങൾ പി.എസ്.സി. വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. 

നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന അന്തിമ പരീക്ഷകൾ എഴുതുവാൻ അർഹത നേടിയവരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഓഫ് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണത്തിന്റെ ആറിരട്ടിയെങ്കിലും വരുന്ന ഉദ്യോഗാർത്ഥികളെയാണ് പട്ടികയിലുൾപ്പെടുത്തുന്നത്.
സംവരണ വിഭാഗങ്ങളെയും ആവശ്യമായ തോതനുസരിച്ച് ഉൾപ്പെടുത്തുന്നതാണ്.

ഭിന്നശേഷിക്കാരുൾപ്പടെ വിവിധ ആനുകൂല്യങ്ങൾക്കർഹരായവരെ അപേക്ഷാ സമർപ്പണ സമയത്ത് അവർ സ്വയം അവകാശപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അർഹതാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്തിമ പരീക്ഷയ്ക്ക് ശേഷം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവർക്കായി നടക്കുന്ന പ്രമാണപരിശോധനയിൽ അവകാശവാദം തെറ്റെന്ന് ബോധ്യപ്പെടുന്ന പക്ഷം അത്തരക്കാരെ തുടർന്നുള്ള തെരഞ്ഞെടുപ്പിൽ നിന്നും ഒഴിവാക്കുന്നതാണ്. 192 കാറ്റഗറികളിൽ കഴിഞ്ഞ ഫെബ്രുവരി, മാർച്ച്, ജൂലായ് മാസങ്ങളിൽ അഞ്ചു ഘട്ടങ്ങളിലായി നടന്ന പരീക്ഷയിൽ 15 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടന്നതിനാൽ മാർക്ക് സമീകരണം നടത്തിയാണ് മൂല്യനിർണ്ണയം പൂർത്തീകരിച്ചത്.

ലക്ഷക്കണക്കിന് അപേക്ഷകൾ ലഭിക്കുന്ന സമാന യോഗ്യതയുളള തസ്തികകളിലേക്ക് ആദ്യഘട്ടത്തിൽ പ്രാഥമിക പരീക്ഷയും തുടർന്ന് ഓരോ തസ്തികയ്ക്കും ജോലി സ്വഭാവമനുസരിച്ച് കഴിവും പ്രാപ്തിയും പരിശോധിക്കുന്ന പ്രത്യേക അന്തിമപരീക്ഷയും നടത്തണമെന്ന ഏറെക്കാലത്തെ ആവശ്യമാണ് പുതിയ പരീക്ഷാ പരിഷ്കരണത്തിലൂടെ കേരള പി.എസ്.സി. പ്രാവർത്തികമാക്കുന്നത്. കോവിഡ് സാഹചര്യത്തിലും ഓഫീസ് പൂർണ്ണമായ തോതിൽ പ്രവർത്തിച്ചതിനാലാണ് സമയബന്ധിതമായി അർഹതാപട്ടിക തയ്യാറാക്കാൻ സാധിച്ചത്. പ്രാഥമിക പരീക്ഷയിൽ അർഹത നേടിയവർ അതാത് കാറ്റഗറികൾ അനുസരിച്ച് നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന അന്തിമപരീക്ഷ എഴുതേണ്ടതാണ്. ജോലി സ്വഭാവമനുസരിച്ച് 11 വിഭാഗങ്ങളായി തിരിച്ച പരീക്ഷകളുടെ തീയതികളും വിശദമായ സിലബസും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!