പിന്നാക്ക വിഭാഗങ്ങൾക്കുള്ള 20 പദ്ധതികൾക്ക് തുടക്കമായി; നൂറു ദിനം കൊണ്ട് 3060 പേർക്ക് തൊഴിൽ

By Web TeamFirst Published Oct 19, 2020, 8:32 AM IST
Highlights

പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനു കീഴിൽ 1500 പേർക്ക് തൊഴിൽ നൽകുന്ന ഒപ്പം പദ്ധതി, സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കാർഷിക മേഖലാ വായ്പകൾ എന്നിവ ഉൾപ്പെടുന്നു.


തിരുവനനതപുരം: പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിനു കീഴിൽ ഇരുപത് പദ്ധതികൾക്ക് തുടക്കമായി. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനു കീഴിൽ നൂറു ദിനം കൊണ്ട് 3060 പേർക്ക് തൊഴിൽ, നടപ്പു സാമ്പത്തിക വർഷത്തിൽ 650 കോടി രൂപയുടെ വായ്പാ പദ്ധതികൾ, കാഞ്ഞങ്ങാട്, തലശ്ശേരി, മാനന്തവാടി, കാഞ്ഞിരപ്പള്ളി, പത്തനാപുരം, അടൂർ എന്നീ പുതിയ ഓഫീസുകൾ തുടങ്ങിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനു കീഴിൽ 1500 പേർക്ക് തൊഴിൽ നൽകുന്ന ഒപ്പം പദ്ധതി, സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കാർഷിക മേഖലാ വായ്പകൾ എന്നിവ ഉൾപ്പെടുന്നു.

സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷനു കീഴിൽ കോട്ടയത്ത് മത്സര പരീക്ഷ പരിശീലന കേന്ദ്രം, കോവിഡ് ബാധിച്ച 500 കുടുംബങ്ങൾക്കുള്ള പ്രത്യേക ധനസഹായ വിതരണം എന്നിവയ്ക്ക് തുടക്കമായി. പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിൽ ഇടുക്കി കോടാലിപ്പാറയിൽ പോസ്റ്റ്മെട്രിക് ഹോസ്റ്റൽ, കാസർഗോഡ് ബേഡഡുക്കയിൽ പ്രീമെട്രിക് ഹോസ്റ്റൽ, കുറ്റിക്കോൽ പ്രീ-മെട്രിക് ഹോസ്റ്റൽ, ഇരിട്ടിയിലുള്ള ആറളം ഫാം ഉല്പന്ന ഷോറൂമായ തണൽ മിനി സൂപ്പർ മാർക്കറ്റ്, കേരള സ്റ്റേറ്റ് ട്രൈബൽ അറ്റ്ലസ് പ്രസിദ്ധീകരണം എന്നിവയാണ് മറ്റു പദ്ധതികൾ.

പട്ടികജാതി വികസന വകുപ്പിനു കീഴിൽ കോഴിക്കോട് മരുതോങ്കരയിൽ നിർമ്മിച്ച ഡോ.ബി.ആർ. അംബേദ്കർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഫോർ ഗേൾസ്, പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ എന്നീ പൂർത്തികരിച്ച പദ്ധതികളും ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം തോന്നയ്ക്കൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന്റെ ശിലാസ്ഥാപനവും ആറ്റിങ്ങൽ മണ്ഡലത്തിലെ 18 പട്ടികജാതി കോളനികൾക്കുള്ള കുടിവെള്ള പദ്ധതിയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.

click me!