പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: രാജസ്ഥാൻ ​ഗവർണർ

By Web TeamFirst Published Nov 1, 2021, 4:17 PM IST
Highlights

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനത്തിന് പ്രാധാന്യം നൽകണം. അവസരം നൽകിയാൽ എല്ലാ മേഖലകളിലും കഴിവ് തെളിയിക്കാൻ അവർക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 


രാജസ്ഥാൻ: വിദ്യാസമ്പന്നരായ സ്ത്രീകൾ ഉൾപ്പെടുന്ന സമൂഹം അതിവേ​ഗം വികസനത്തിലേക്ക് എത്തുന്നുവെന്ന് രാജസ്ഥാൻ ​ഗവർണർ കൽരാജ് മിശ്ര. പെൺകുട്ടികളുടെ വിദ്യാഭ്യാസം (girl child education) പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. സർവ്വകലാശാലകൾ അതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അ​ദ്ദേഹം പറഞ്ഞു. ജയ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ (Jaipur Nationa University) പതിനൊന്നാമത് ബിരുദ ​ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികളുടെ പ്രവേശനത്തിന് പ്രാധാന്യം നൽകണം. അവസരം നൽകിയാൽ എല്ലാ മേഖലകളിലും കഴിവ് തെളിയിക്കാൻ അവർക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

34 വർഷങ്ങൾക്ക് ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നിരിക്കുന്നത്. ഒരു വിദ്യാർത്ഥിയുടെ സമ​ഗ്രമായ വികസനത്തിന് വിദ്യാഭ്യാസം അത്യാവശ്യമായ സഹായകരമാക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം. സർവ്വകലാശാലകളിൽ നൂതനവും ​ഗുണനിലവാരവുമുള്ള ​ഗവേഷണം പ്രോത്സാഹിപ്പിക്കണം. വിദ്യാർത്ഥികളുടെ വിമർശനാത്മകവും വിശകലനപരവുമായ കഴിവുകൾ വി​കസിപ്പിക്കാൻ ഉതകുന്നതാകണം ​ഗവേഷണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഠനപരവും സാമൂഹികവുമായ വീക്ഷണകോണിൽ പ്രയോജനപ്പെടുന്ന രീതിയിലായിരിക്കണം ​ഗവേഷണം. 

മനുഷ്യാവകാശങ്ങളുടെയും കടമകളുടെയും ആ​ഗോളരേഖയാണ് ഇന്ത്യൻ ഭരണഘടനയെന്നും പുതുതലമുറ അതിനെക്കുറിച്ച് ബോധവാന്മാരാകണമെന്നും മിശ്ര പറഞ്ഞു. ഭരണഘടനയുടെ ഉന്നതമായ ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുള്ള പ്രചോദനം വിദ്യാർത്ഥികൾക്ക് ലഭിക്കണം. 

click me!