പിഎസ്‍സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ ആരംഭിക്കും; എൽഡിസി, ലാസ്റ്റ് ​ഗ്രേഡ് പരീക്ഷകൾ നവംബറിന് മുമ്പ്

By Web TeamFirst Published May 16, 2020, 9:16 AM IST
Highlights

എല്‍.ഡി. ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷകള്‍ ഈ വര്‍ഷം നവംബറിന് മുന്‍പ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എല്‍.ഡി. ക്ലര്‍ക്കിന് 17.60 ലക്ഷം അപേക്ഷകരാണുള്ളത്. 

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകള്‍ ജൂണ്‍മുതല്‍ നടത്താനുള്ള നടപടികൾക്ക് തുടക്കമായി. പൊതുഗതാഗതം പുനഃസ്ഥാപിക്കുന്ന മുറയ്ക്കാണ് പരീക്ഷ നടത്തുക. അപേക്ഷകര്‍ കുറവുള്ളവയ്ക്കും മാറ്റിവെച്ചവയ്ക്കുമായിരിക്കും മുന്‍ഗണന നൽകുക. കോവിഡ് രോ​ഗബാധയെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കര്‍ശന വ്യവസ്ഥകളോടെയായിരിക്കും പരീക്ഷകള്‍ നടത്തുക. ചെറിയ പരീക്ഷകള്‍ സ്വന്തം പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് ഓണ്‍ലൈനില്‍ നടത്താനാണ് പി.എസ്.സി.യുടെ തീരുമാനം. അപേക്ഷകര്‍ കൂടുതലുള്ള ഒ.എം.ആര്‍. പരീക്ഷകള്‍ ഓഗസ്റ്റില്‍ തുടങ്ങാനാണ് ആലോചന.

62 തസ്തികകള്‍ക്കായി 26 പരീക്ഷകളാണ് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താൻ  പി.എസ്.സി. നിശ്ചയിച്ചിരുന്നത്. ഈ പരീക്ഷകള്‍ക്കുള്ള  എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചിരുന്നു. പരീക്ഷ എഴുതുമെന്ന ഉറപ്പ് അപേക്ഷകരില്‍നിന്ന് വാങ്ങുകയും ചോദ്യക്കടലാസുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു.  ഇവ കൂടുതല്‍ സമയം സൂക്ഷിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ മാറ്റിവെച്ച പരീക്ഷകള്‍ എത്രയും വേഗം നടത്തണം. പരീക്ഷയെഴുതുമെന്ന ഉറപ്പ് നല്‍കാന്‍ അപേക്ഷകര്‍ക്ക് ഇനിയും അവസരം നല്‍കേണ്ടെന്ന് പി.എസ്.സി. യോഗം തീരുമാനിച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകളില്‍ ഭൂരിഭാഗവും ജൂണ്‍, ജൂലായ് മാസങ്ങളിലായി പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. 

ലാസ്റ്റ്‌ഗ്രേഡിന് 14 ജില്ലകളിലായി 6.90 ലക്ഷം അപേക്ഷകരുണ്ട്. ഇത് സെപ്റ്റംബറില്‍ തുടങ്ങാനാണ് മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒക്ടോബറിലോ നവംബറിലോ നടത്താനാണ് സാധ്യത. ലാസ്റ്റ്‌ഗ്രേഡിന്റെ നിലവിലെ റാങ്ക്പട്ടികയ്ക്ക് 2021 ജൂണ്‍ 29 വരെ കാലാവധിയുണ്ട്. എല്‍.പി., യു.പി അധ്യാപക പരീക്ഷകളും ഈ വര്‍ഷം നടത്തേണ്ടതുണ്ട്. 2021 ഡിസംബറില്‍ ഇപ്പോഴത്തെ റാങ്ക്പട്ടികകള്‍ റദ്ദാകും. എല്‍.പി.യ്ക്ക് 1.07 ലക്ഷവും യു.പി.യ്ക്ക് 36,000-ഉം അപേക്ഷകരുണ്ട്. ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സിനും പുതിയ റാങ്ക്പട്ടിക തയ്യാറാക്കേണ്ടതുണ്ട്. നിലവിലെ പട്ടിക 2021 ജൂലായ് 15-ന് റദ്ദാകും. 14 ജില്ലകളിലായി 73,000 പേരാണ് അപേക്ഷിച്ചത്. ഇതും ഈ വര്‍ഷം നടത്തേണ്ടതുണ്ട്.

എല്‍.ഡി. ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷകള്‍ ഈ വര്‍ഷം നവംബറിന് മുന്‍പ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എല്‍.ഡി. ക്ലര്‍ക്കിന് 17.60 ലക്ഷം അപേക്ഷകരാണുള്ളത്. ഇത് ജൂണില്‍ ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് കഴിഞ്ഞുള്ള തീയതിയായിരിക്കും ഇനി നിശ്ചയിക്കാന്‍ സാധ്യത. നിലവിലെ റാങ്ക്പട്ടികയ്ക്ക് 2021 ഏപ്രില്‍ ഒന്നാം തീയതി വരെ കാലാവധിയുണ്ട്. അതിനുശേഷം പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചാല്‍ മതിയാകും. 

പോലീസ്, എക്‌സൈസ് തുടങ്ങിയ യൂണിഫോം സേനകളിലേക്കും പുതിയ വിജ്ഞാപനം ക്ഷണിച്ചിരുന്നു. നിലവില്‍ റാങ്ക്പട്ടികയുണ്ടെങ്കിലും ഒരു വര്‍ഷമാണ് കാലാവധി. അതിനാല്‍ ഈ വര്‍ഷം തന്നെ അവയുടെ കാലാവധി അവസാനിക്കും. സേനകള്‍ക്കെല്ലാം കൂടി 16 ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഒ.എം.ആറിന് പുറേമ ഇവയ്ക്ക് കായികക്ഷമതാ-ശാരീരിക ക്ഷമതാ പരീക്ഷകള്‍ കൂടി നടേത്തണ്ടതുണ്ട്. ഈ വര്‍ഷംതന്നെ ഇവ പൂര്‍ത്തിയാക്കുകയെന്നത് പി.എസ്.സി.യെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരിക്കുകയാണ്. 
 

click me!