പിഎസ്‌സി ഓൺലൈൻ പരീക്ഷകളും അഭിമുഖങ്ങളും ജൂലൈ മുതൽ

By Web TeamFirst Published Jun 11, 2020, 10:30 AM IST
Highlights

കെഎഎസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തായ സംഭവത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താനുള്ള തീരുമാനം യോഗം അംഗീകരിച്ചു. 


തിരുവനന്തപുരം: പിഎസ്‌സി ഓൺലൈൻ പരീക്ഷകളും അഭിമുഖങ്ങളും ജൂലൈയിൽ ആരംഭിക്കാൻ കമ്മിഷൻ യോഗം തീരുമാനിച്ചു. ലോക്ഡൗണിനെത്തുടർന്നു മാറ്റിവച്ച പരീക്ഷകൾ സ്കൂൾ അധികൃതരുമായുള്ള ചർച്ചയ്ക്കു ശേഷം ഓഗസ്റ്റിൽ നടത്തും. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡയറ്റുകളിൽ അധ്യാപക നിയമനത്തിനുള്ള വിശേഷാൽ ചട്ടവും കമ്മിഷൻ അംഗീകരിച്ചു. കെഎഎസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്ന ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ പുറത്തായ സംഭവത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താനുള്ള തീരുമാനം യോഗം അംഗീകരിച്ചു. പരീക്ഷയുടെ ഫലം ഈ മാസം തന്നെ പ്രസിദ്ധീകരിക്കും. കൂടുതൽ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു നിയോഗിക്കും. 

രഹസ്യവിവരങ്ങൾ പുറത്താകുന്നത് ഒഴിവാക്കാൻ കർശനനടപടി വേണമെന്ന് യോഗം പിഎസ്‌സി സെക്രട്ടറിക്കു നിർദേശം നൽകി. മൂല്യനിർണയം നടത്താൻ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥർക്കു പുറമേ പരീക്ഷാ കൺട്രോളർക്കും വിവിധ ജോയിന്റ്  സെക്രട്ടിമാർക്കും ഡപ്യൂട്ടി സെക്രട്ടറിമാർക്കും അണ്ടർ സെക്രട്ടറിമാർക്കും വിവിധ സെക്‌ഷനുകളിലെ തലവൻമാർക്കും ഉത്തരവിന്റെ കോപ്പി ഡപ്യൂട്ടി സെക്രട്ടറി അയച്ചിട്ടുണ്ട്. അതിനാൽ കുറ്റക്കാരെ കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്ന പി എസ്‌ സി സെക്രട്ടറിയുടെ റിപ്പോർട്ട് കമ്മിഷൻ അംഗീകരിച്ചു.  
 

click me!