
ഭോപ്പാൽ: മധ്യപ്രദേശിലെ വിദിഷയിലുള്ള ഗേൾസ് കോളേജ് റീ-നീറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തിരി വൈകിയെത്തിയതും, ബയോമെട്രിക് പ്രശ്നങ്ങൾ, അഡ്മിറ്റ് കാർഡിലെ പിഴവുകൾ എന്നിവ കാരണം മൂന്ന് വിദ്യാർത്ഥികൾക്കാണ് ഇവിടെ പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായത്. വർഷങ്ങളുടെ പ്രതീക്ഷകളും ത്യാഗങ്ങളുമായി പരീക്ഷാ കേന്ദ്രത്തിന് മുന്നിൽ കാത്തുനിന്ന വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങൾ തകർന്ന ഹൃദയഭേദകമാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം.
അതേസമയം, രാജ്യത്തുടനീളം കർശന സുരക്ഷാവലയത്തിലാണ് നീറ്റ് യുജി പുനപരീക്ഷ പൂർത്തിയായത്. പരീക്ഷ സുഗമമായി നടത്താൻ സഹായിച്ച കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി നന്ദി അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച പരീക്ഷ വൈകുന്നേരം അഞ്ചേകാലിനാണ് അവസാനിച്ചത്. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 5,454 ലേറെ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്നൽ ജാമറുകളും സജ്ജമാക്കിയിരുന്നു. പതിനായിരത്തിലേറെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. എൻടിഎ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ എത്തി വിദ്യാഭ്യാസമന്ത്രി നേരിട്ടാണ് പരീക്ഷ വിലയിരുത്തിയത്.
റദ്ദാക്കിയ മെയ് മൂന്നിലെ പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തെ പുനപരീക്ഷ കഠിനമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. ഫിസിക്സ് പരീക്ഷയാണ് വിദ്യാർത്ഥികളെ ഏറെ വലച്ചത്. കെമിസ്ട്രിയും ബയോളജിയും ശരാശരി നിലവാരത്തിലുള്ളതായിരുന്നുവെന്നും പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾ പറഞ്ഞു. യോഗദിന പരിപാടിക്ക് ശേഷം കൊൽക്കത്തയിൽ നിന്ന് ദില്ലിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷ ആരംഭിക്കുന്ന രണ്ട് മണി വരെ വിമാനത്താവളത്തിൽ തന്നെ തുടർന്നു. പ്രധാനമന്ത്രിയുടെ യാത്ര മൂലമുണ്ടാകുന്ന ഗതാഗത നിയന്ത്രണങ്ങൾ പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികളെ വഴിയിൽ വലയ്ക്കാതിരിക്കാനാണ് അദ്ദേഹം രണ്ട് മണിക്ക് ശേഷം മാത്രം വസതിയിലേക്ക് പുറപ്പെട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
🚨Re-NEET exam held today at 4 centres in the city. 3 girls missed the test at Girls College centre. Two reached late; third carried the old exam’s admit card by mistake. pic.twitter.com/bX9GXqPSyx
— indiainlast24hr (@indiain24hr) June 22, 2026