
ദില്ലി: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) ഉടൻ തന്നെ ആർആർബി എൻടിപിസി (RRB NTPC) ഗ്രാജുവേറ്റ് ലെവൽ റിക്രൂട്ട്‌മെന്റ് പരീക്ഷ 2025ന്റെ ഫലം പ്രസിദ്ധീകരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഈ വർഷം ഓഗസ്റ്റ് 7നും സെപ്റ്റംബർ 8നും ഇടയിലാണ് ആർആർബി എൻടിപിസി പരീക്ഷ നടന്നത്. ഇതിന് ശേഷം സെപ്റ്റംബർ 15ന് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ താൽക്കാലിക ഉത്തര സൂചിക പുറത്തിറക്കിയിരുന്നു. താൽക്കാലിക ഉത്തര സൂചികയിൽ അതൃപ്തിയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ആവശ്യമായ ഫീസ് അടച്ച് എതിർപ്പുകൾ ഉണ്ടെങ്കിൽ ഉന്നയിക്കാവുന്നതാണ്. തുടർന്ന്, വിഷയ വിദഗ്ധർ ഉദ്യോഗാർത്ഥികൾ ഉന്നയിച്ച പരാതികൾ അവലോകനം ചെയ്യും. മാറ്റങ്ങൾ ആവശ്യമെങ്കിൽ അവ കൂടി പരിഗണിച്ച ശേഷം അന്തിമ ഉത്തരസൂചികയും അന്തിമ സ്കോറുകളും പ്രസിദ്ധീകരിക്കുകയും ചെയ്യും.
ഘട്ടം 1: റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: ഹോം പേജിൽ ലഭ്യമായ RRB NTPC Result 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഒരു പുതിയ പേജ് തുറന്നുവരും, അവിടെ ഉദ്യോഗാർത്ഥികൾ ആവശ്യമായ വിശദാംശങ്ങൾ നൽകിയ ശേഷം ലോഗിൻ ചെയ്യുക.
ഘട്ടം 4: Submit എന്നതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫലം കാണാവുന്നതാണ്.
ഘട്ടം 5: ഫലം പരിശോധിച്ച് പേജ് ഡൗൺലോഡ് ചെയ്യുക. ഭാവിയിലെ റഫറൻസിനായി ഇതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കുക.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉത്തര സൂചിക പുറത്തിറങ്ങിയതിനാൽ ആർആർബി എൻടിപിസി ഫലം എപ്പോൾ പുറത്തുവരുമെന്ന ആകാംക്ഷയിലാണ് ഉദ്യോഗാർത്ഥികൾ. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഫലം ഈ മാസം തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, അന്തിമ ഫലം എന്ന് പുറത്തുവരുമെന്ന കാര്യത്തിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ഔദ്യോഗികമായി ഒരറിയിപ്പും നൽകിയിട്ടില്ല.
ഈ വർഷം റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി 8,113 ഗ്രാജുവേറ്റ് ലെവൽ ഒഴിവുകൾ നികത്താനാണ് ആർആർബിയുടെ ശ്രമം. ഇതിൽ 1,736 ഒഴിവുകൾ ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, 994 ഒഴിവുകൾ സ്റ്റേഷൻ മാസ്റ്റർ, 3,144 ഒഴിവുകൾ ഗുഡ്‌സ് ട്രെയിൻ മാനേജർ, 1,507 ഒഴിവുകൾ ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, 732 ഒഴിവുകൾ സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലാണ്.