
കൊച്ചി: ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, മദ്രാസ് സര്‍വകലാശാലയുമായി ചേര്‍ന്ന് തമിഴ്‌നാട്ടില്‍ സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് (എസ്‌ഐഎസ്) ആരംഭിച്ചു. യുവജനങ്ങള്‍ക്ക് ഭാവിയിലേക്കുള്ള സാങ്കേതിക കഴിവുകള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മദ്രാസ് സര്‍വകലാശാലയിലെ മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥി കാര്യ ഡീന്‍ ഡോ. പി. എസ്. മഞ്ജുള, രജിസ്ട്രാര്‍ ഡോ. റീത്ത ജോണ്‍, വൈസ് ചാന്‍സലര്‍ കണ്‍വീനര്‍ കമ്മിറ്റി അംഗം ഡോ. എസ്. ആംസ്‌ട്രോങ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ബിഗ് ഡാറ്റ, കോഡിംഗ് എന്നിവയില്‍ പരിശീലനം നല്‍കുന്ന ഈ പദ്ധതി നിലവില്‍ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി നടപ്പിലാക്കുന്നു. രാജ്യത്തുടനീളം 20,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനാണ് ലക്ഷ്യം.
തമിഴ്‌നാട്ടില്‍ മാത്രം ഈ വര്‍ഷം 5,000 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിക്കും. ആദ്യ ഘട്ടത്തില്‍ മദ്രാസ് സര്‍വകലാശാലയിലെ 500 വിദ്യാര്‍ത്ഥികള്‍ക്കും. തുടര്‍ന്ന് അനുബന്ധ കോളേജുകളിലെ 1,500 വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കും. 2022ല്‍ ഇന്ത്യയില്‍ ആരംഭിച്ച സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് 2024 വരെ 6,500 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചു. ആകെ 26,500 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതായിരിക്കും. വനിതാ പങ്കാളിത്തം 44 ശതമാനമാണെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. സാങ്കേതിക പരിശീലനത്തിനൊപ്പം സോഫ്റ്റ് സ്‌കില്‍സ് പരിശീലനവും തൊഴില്‍ അവസരങ്ങള്‍ക്കായുള്ള പിന്തുണയും നല്‍കുന്നതിലൂടെ യുവജനങ്ങളെ തൊഴില്‍യോഗ്യമാക്കുകയാണ് സാംസങിന്റെ ലക്ഷ്യം.