കോളേജ് വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ; ഡിസംബർ ഒന്നു വരെ അപേക്ഷിക്കാം

By Web TeamFirst Published Oct 21, 2020, 8:37 AM IST
Highlights

കേരള സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) സംസ്ഥാനത്തെ സർവകലാശാലകളോട് ബന്ധപ്പെട്ട എല്ലാ ഗവൺമെന്റ്/എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റുകളിലെയും വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പ് 2020-2021 അധ്യയന വർഷത്തിൽ വിദ്യാർഥികൾക്ക്  നൽകുന്ന സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ്, ഹിന്ദി സ്‌കോളർഷിപ്പ്, സംസ്‌കൃത സ്‌കോളർഷിപ്പ് തുടങ്ങിയവയ്ക്ക് ഡിസംബർ ഒന്നു വരെ അപേക്ഷിക്കാം. www.dcescholarship.kerala.gov.in ൽ ഓൺലൈനായി അപേക്ഷ നൽകാം. ഓൺലൈൻ രജിസ്‌ട്രേഷൻ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് ഡിസംബർ ഏഴിനകം നൽകണം. 

കേരള സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് (ഫ്രഷ്/റിന്യൂവൽ) സംസ്ഥാനത്തെ സർവകലാശാലകളോട് ബന്ധപ്പെട്ട എല്ലാ ഗവൺമെന്റ്/എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റുകളിലെയും വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റിലെ  State Merit Scholarship (SMS) എന്ന ലിങ്കിൽ അപേക്ഷ നൽകാം. അപേക്ഷകർ ഒന്നാം വർഷ ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർഥികളായിരിക്കണം. 

2020 മാർച്ചിലെ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിനു മുകളിൽ നേടിയിരിക്കണം. ഒന്നാം വർഷ ബിരുദാന്തര ബിരുദ വിദ്യാർഥികൾക്ക് ബിരുദ പരീക്ഷയിൽ ഐശ്ചിക വിഷയത്തിനും സബ്‌സിഡിയറിക്കും കൂടി 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. കഴിഞ്ഞ വർഷം അർഹതാ പരീക്ഷ ജയിച്ച് ഉപരിപഠനത്തിനു ചേർന്നവർക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകരുടെ രക്ഷകർത്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല. മെറിറ്റടിസ്ഥാനത്തിൽ പോസ്റ്റ് ഇന്റർ സ്റ്റേജിൽ ആർട്‌സ് വിഭാഗത്തിലെ ആറ് വിദ്യാർഥികൾക്കും സയൻസ് വിഭാഗത്തിലെ ആറ് വിദ്യാർഥികൾക്കും കൊമേഴ്‌സ് വിഭാഗത്തിലെ മൂന്ന് വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദ ഘട്ടത്തിൽ ഓരോ വിഭാഗത്തിലെയും ആദ്യത്തെ കുട്ടിക്കും ഓരോ വിഭാഗത്തിലെ ആദ്യത്തെ കുട്ടിക്കും വരുമാന പരിധി നോക്കാതെ സ്‌കോളർഷിപ്പ് നൽകും.  

ബിരുദം (ബി.എ/ബി.എസ്‌സി, ബി.കോം (പോസ്റ്റ് ഇന്റർ സ്റ്റേജ്) വിദ്യാർഥികൾക്ക് പ്രതിവർഷം 1250 രൂപ ലഭിക്കും. ബിരുദാനന്തര ബിരുദ (എം.എ/എം.എസ്‌സി,/എം.കോം (പി.ജി. സ്റ്റേജ്) വിദ്യാർഥികൾക്ക് പ്രതിവർഷം 1500 രൂപ ലഭിക്കും. ഹിന്ദി സ്‌കോളർഷിപ്പിന് 2020 മാർച്ചിൽ പ്ലസ് ടു സംസ്ഥാന സിലബസ് പഠിച്ച് 60 ശതമാനം മാർക്കോടെ ആദ്യ അവസരത്തിൽ പാസ്സായ ശേഷം ബി.എ/ബി.എസ്‌സി/ബി.കോം കോഴ്‌സിന് ഒന്നാം വർഷ പ്രവേശനം നേടയവരും വിവിധ പരീക്ഷ 60 ശതമാനം മാർക്കോടെ പാസ്സായ ശേഷം ബിരുദാനന്തര കോഴ്‌സുകൾക്ക് പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം.  ഹിന്ദി പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പാണിത്. വെബ്‌സൈറ്റിലെ Hindi Scholarship (HS) എന്ന ലിങ്കിൽ അപേക്ഷ നൽകാം.

ബി.എ/ബി.എസ്‌സി/ബി.കോം കോഴ്‌സുകൾക്ക് ഹിന്ദി ഉപവിഷയമായി പഠിക്കുന്നവർ, മെട്രിക്കുലേഷനോ (എസ്.എസ്.എൽ.സി) തത്തുല്യ കോഴ്‌സോ കഴിഞ്ഞ് അധ്യാപക ട്രെയിനിംഗ് കോഴ്‌സുകൾക്ക് പ്രവേശനം നേടിയവർ, പോസ്റ്റ് മെട്രിക് സ്റ്റാൻഡേർഡിന് തുല്യമായി ഹിന്ദിയിൽ മാത്രം ഒരു കോഴ്‌സിന് പഠിക്കുന്നവർ, ബി.എ ഹിന്ദിയോ തത്തുല്യമായ പരീക്ഷയോ പാസ്സായി അധ്യാപക ട്രെയിനിംഗിന് പ്രവേശനം ലഭിച്ചവർ, എം.എ ഹിന്ദി, പി.എച്ച്.ഡി/എം.ലിറ്റ്/എം.ഫിൽ (ഹിന്ദി), ബി.എഡ്,എം.എഡ് (ഹിന്ദി) തുടങ്ങിയവർക്ക് അപേക്ഷിക്കാം. വരുമാന പരിധി ഇല്ല.

സംസ്‌കൃത കോളേജിൽ സംസ്‌കൃതം പ്രധാന വിഷയമായി പഠിക്കുന്നവർ, ആർട് ആൻഡ് സയൻസ് കോളേജുകൾ, ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി, പയ്യന്നൂർ, പട്ടാമ്പി, പാവറട്ടി, തൃപ്പുണിത്തുറ എന്നിവിടങ്ങളിലെ സംസ്‌കൃത സ്ഥാപനങ്ങൾ (ഗവൺമെന്റ് എയ്ഡഡ് കോളേജ്/ യൂണിവേഴ്‌സിറ്റി റീജിയണൽ സെന്റർ) എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് സംസ്‌കൃത പഠന സ്‌കോളർഷിപ്പിന് മുൻ വർഷങ്ങളിൽ സ്‌കോളർഷിപ്പ് ലഭിച്ചിട്ടുള്ളതും പഠനം തുടരുന്നതുമായ വിദ്യാർഥികൾക്ക് സംസ്‌കൃത റിന്യൂവൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. 

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ. ഡിഗ്രിക്ക് പഠിക്കുന്ന ആദ്യ അഞ്ച് വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദ പഠിക്കുന്ന ആദ്യത്തെ രണ്ട് വിദ്യാർഥികൾക്കും യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ വരുമാനപരിധി കണക്കാക്കാതെ സ്‌കോളർഷിപ്പ് നൽകും. പ്രതിമാസം 200 രൂപ വീതമാണ് സ്‌കോളർഷിപ്പ്.

click me!