സ്കൂളുകളില്‍ ഇനി ഇന്‍റര്‍നെറ്റിന് വേഗതയേറും ; ബിഎസ്എൻഎല്ലുമായി ധാരണ

Published : Jul 27, 2022, 03:06 PM ISTUpdated : Jul 27, 2022, 04:23 PM IST
സ്കൂളുകളില്‍ ഇനി ഇന്‍റര്‍നെറ്റിന് വേഗതയേറും ; ബിഎസ്എൻഎല്ലുമായി ധാരണ

Synopsis

ഇതോടെ ഹൈടെക് സ്കൂള്‍ പദ്ധതിയില്‍പ്പെട്ട 4685 സ്കൂളുകളിലെ 45000 ക്ലാസ്‍മുറികളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തിന് വേഗത കൂടിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ലഭ്യമാകും. 

തിരുവനന്തപുരം: കേരളത്തിലെ (high school ) ഹൈസ്കൂള്‍ - ഹയർസെക്കന്ററി - വി.എച്ച്.എസ്.ഇ സ്കൂളുകളില്‍ 100 എം.ബി.പി.എസ് വേഗതയില്‍ (100 mbps speed) ബ്രോഡ്ബാന്റ് ഇന്റർനെറ്റ് (broadband internet) സൗകര്യം ഏർപ്പെടുത്താന്‍ കൈറ്റും ബി.എസ്.എന്‍.എല്ലും ധാരണയായി. നിലവിലുള്ള 8 എം.ബി.പി.എസ് വേഗതയിലുള്ള ഫൈബർ കണക്ഷനുകളിലാണ് പന്ത്രണ്ടര ഇരട്ടി വേഗതയില്‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നല്‍കാനുള്ള ധാരണാപത്രം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന്റെയും സാന്നിധ്യത്തില്‍ കൈറ്റ് സി.ഇ.ഒ കെ അന്‍വർ സാദത്തും ബി.എസ്.എന്‍.എല്‍ കേരളാ സി.ജി.എം സി.വി. വിനോദും കൈമാറി.

ഇതോടെ ഹൈടെക് സ്കൂള്‍ പദ്ധതിയില്‍പ്പെട്ട 4685 സ്കൂളുകളിലെ 45000 ക്ലാസ്‍മുറികളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തിന് വേഗത കൂടിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ലഭ്യമാകും. ഈ ക്ലാസ്‍മുറികളില്‍ 2018ല്‍ കൈറ്റ് കിഫ്ബി ധനസഹായത്തോടെ ലാപ്‍ടോപ്പുകളും മൗണ്ട് ചെയ്ത പ്രൊജക്ടറുകളും യു.എസ്.ബി സ്പീക്കറുകളും നെറ്റ്‍വർക്കിംഗ് സൗകര്യവും ഇന്റർനെറ്റും ലഭ്യമാക്കിയിരുന്നു. നിലവില്‍ ക്ലാസ്‍മുറികളില്‍ സമഗ്ര വിഭവ പോർട്ടലും സഹിതം മെന്ററിംഗ് പോർട്ടലും ഓഫ്‍ലൈന്‍ രൂപത്തില്‍ ഉപയോഗിക്കാന്‍ സൗകര്യ മുണ്ടെങ്കിലും വേഗത കൂടിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് എല്ലാ ക്ലാസ്‍മുറികളിലും എത്തുന്നത് ഡിജിറ്റല്‍/ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള ക്ലാസ്‍റൂം വിനിമയങ്ങള്‍ക്ക് ശക്തിപ്പെടുത്തും. ഇതോടെ കൈറ്റ് വിക്ടേഴ്സ് ചാനല്‍ എല്ലാ ക്ലാസ് മുറിയിലും തടസങ്ങളില്ലാതെ ലഭ്യമാകും.

നേരത്തെ പ്രതിവർഷം 10,000/- രൂപ എന്ന നിരക്കില്‍ (നികുതി പുറമെ) 8 എം.ബി.പി.എസ് വേഗതയില്‍ ബ്രോ‍ഡ്ബാന്റ് നല്‍കാനുള്ള കരാറില്‍ അധിക തുക ഈടാക്കാതെയാണ് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ 100 എം.ബി.പി.എസ് വേഗതയില്‍ ഇന്റർനെറ്റ് നല്‍കുന്നത്. ഒരു സ്കൂളിന് പ്രതിമാസം 3300 ജിബി ഡേറ്റ ഈ വേഗതയില്‍ ഉപയോഗിക്കാം. രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഈ പദ്ധതി ഒരു വി‍ജ്ഞാന സമൂഹമായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു