22 സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു; 92 ശതമാനം അധ്യാപകരുടെ വാക്സിനേഷൻ പൂർണ്ണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Web Desk   | Asianet News
Published : Nov 04, 2021, 01:32 PM IST
22 സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു; 92 ശതമാനം അധ്യാപകരുടെ വാക്സിനേഷൻ പൂർണ്ണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Synopsis

ഇന്ത്യയിലെ 92 ശതമാനത്തിലധികം അധ്യാപകരും കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് അവലോകന യോ​ഗം വിളിച്ചു ചേർത്തിരുന്നു. 

ദില്ലി: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ദീർഘകാലം അടച്ചിടലിന് ശേഷം രാജ്യത്തെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും (Schools Open)  മിക്ക വിദ്യാലയങ്ങളും തുറന്നു. ഇന്ത്യയിലെ 92 ശതമാനത്തിലധികം അധ്യാപകരും കൊവിഡ് വാക്സിനേഷൻ (Teachers Vaccinated) സ്വീകരിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് അവലോകന യോ​ഗം വിളിച്ചു ചേർത്തിരുന്നു. അതിവേ​ഗ വാക്സിനേഷൻ പദ്ധതിയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ  മന്ത്രാലയം പുറത്തു വിട്ട കണക്ക് അനുസരിച്ച് രാജ്യത്തുടനീളമുളള 92 ശതമാനം അധ്യാപകരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അധ്യാപകരിൽ 96 ശതമാനമാണ് വാക്സിൻ സ്വീകരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധ്യാപക ജീവനക്കാരിൽ 86 ശതമാനം വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഈ ഡേറ്റയിൽ പറയുന്നു. 

സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നൈപുണ്യ വികസന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെ വാക്സിനേഷൻ വിവരങ്ങൾ അവലോകനം ചെയ്തു. രാജ്യത്ത് അതിവേ​ഗ വാക്സിനേഷൻ പ്രോ​ഗ്രാം നടപ്പാക്കുന്നതിലൂടെ, സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സാധാരണ നിലയിലേക്ക് എത്തിച്ചേരുന്ന ഒരു ഭാവികാലത്തെക്കുറിച്ചാണ് പ്രത്യാശിക്കുന്നത്. ധർമ്മേന്ദ്ര പ്രധാൻ ട്വീറ്റിൽ കുറിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി കഴിഞ്ഞ വർഷം മാർച്ചിലാണ് രാജ്യത്തുടനീളമുള്ള സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളം അടച്ചിടാൻ തീരുമാനിച്ചത്. 

കഴിഞ്ഞ ഒക്ടോബറിൽ മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കായി ചില സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഭാ​ഗികമായി തുറന്നെങ്കിലും ഈ വർഷം ഏപ്രിലിൽ കൊവിഡിന്റെ രണ്ടാം തരം​ഗം വന്നതിനെ തുടർന്ന് വീണ്ടും അടച്ചിടേണ്ടി വന്നു. കഴിഞ്ഞ നാലുമാസത്തിനുള്ളിലാണ് സ്കൂളുകൾ തുറക്കാൻ ആരംഭിച്ചത്. ദില്ലി. ഉത്തർപ്രേദേശ്, ഹരിയാന, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, കർണാടക, തമിഴ്നാട്, കേരളം, ഛത്തീസ്​ഗണ്ഡ്, അസം, അരുണാചൽപ്രദേശ്, ബീഹാർ, രാജസ്ഥാൻ, തുടങ്ങിയ സംസ്ഥാനങ്ങളിൽ എല്ലാ സ്കൂളുകളിലെ എല്ലാ ക്ലാസുകളും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

ജമ്മു കശ്മീർ, ഒഡീഷ, അരുണാചൽ, ഗോവ, പുതുച്ചേരി എന്നിവയുൾപ്പെടെ ആറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ലഡാക്ക്, ഗുജറാത്ത്, പഞ്ചാബ്, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവയുൾപ്പെടെ ആറ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠനം ആരംഭിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, പശ്ചിമ ബംഗാളിലും മണിപ്പൂരും മാത്രമാണ് ഇതുവരെ സ്‌കൂളുകൾ തുറക്കാത്തത്. നവംബർ 16 മുതൽ 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്കായി സ്‌കൂളുകൾ തുറക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചെങ്കിലും മണിപ്പൂർ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു