കെ എസ് യു എം സ്റ്റാര്‍ട്ടപ്പ് ഷോപ്ഡോക്കിന് യുഎഇ നിക്ഷേപകരില്‍ നിന്ന് 1.36 മില്യണ്‍ ഡോളറിന്‍റെ സീഡ് ഫണ്ട്

By Web TeamFirst Published Oct 27, 2021, 9:08 AM IST
Highlights

രോഗികളുടെ ആവശ്യത്തിനനുസരിച്ച് ഡോക്ടര്‍മാരെ ലഭ്യമാക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആപ്ലിക്കേഷനായ ഷോപ്ഡോക് മധ്യപൂര്‍വേഷ്യയില്‍ വിപണി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഗള്‍ഫിലെ നിക്ഷേപകരില്‍ നിന്ന് 10 കോടിയിലേറെ വരുന്ന സീഡ് ഫണ്ട് നേടിയത്. കൊച്ചി ആസ്ഥാനമായാണ് ഷോപ്ഡോക് പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്‍റെ (kerala Start Up Mission) മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പരിരക്ഷാ സ്റ്റാര്‍ട്ടപ്പായ ഷോപ്ഡോക് (Shopdoc) യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിക്ഷേപകരില്‍ നിന്നും 1.36 മില്യണ്‍ ഡോളറിന്‍റെ സീഡ് ഫണ്ട് (Seed Fund) നേടി. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന ജൈടെക്സ് ഫ്യൂച്ചര്‍ സ്റ്റാര്‍സ് 2021 പ്രദര്‍ശനത്തിലാണ് സീഡ് ഫണ്ട് സ്വന്തമാക്കിയത്.

രോഗികളുടെ ആവശ്യത്തിനനുസരിച്ച് ഡോക്ടര്‍മാരെ ലഭ്യമാക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആപ്ലിക്കേഷനായ ഷോപ്ഡോക് മധ്യപൂര്‍വേഷ്യയില്‍ വിപണി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഗള്‍ഫിലെ നിക്ഷേപകരില്‍ നിന്ന് 10 കോടിയിലേറെ വരുന്ന സീഡ് ഫണ്ട് നേടിയത്. കൊച്ചി ആസ്ഥാനമായാണ് ഷോപ്ഡോക് പ്രവര്‍ത്തിക്കുന്നത്.

മധ്യപൂര്‍വേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യന്‍ മേഖല എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളുടെ ബൃഹദ് സമ്മേളനമായിരുന്നു നാല് ദിവസത്തെ ജൈടെക്സ് ഫ്യൂച്ചര്‍ സ്റ്റാര്‍സ് പ്രദര്‍ശനം. കെഎസ്യുഎം പ്രദര്‍ശിപ്പിച്ച 20 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു ഷോപ്ഡോക്. ജൈടെക്സിലെ സൂപ്പര്‍ നോവ ചലഞ്ചിലെ മികച്ച രാജ്യാന്തര സ്റ്റാര്‍ട്ടപ്പ് വിഭാഗത്തില്‍ സെമി ഫൈനലിലേക്കും ഷോപ്ഡോക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപൂര്‍വേഷ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി കഴിഞ്ഞ മാസം ഷോപ്ഡോക്  മൂന്ന് രോഗീപരിചരണ സേവനങ്ങള്‍ക്ക് ദുബായില്‍ തുടക്കമിട്ടിരുന്നു.

സ്റ്റാര്‍ട്ടപ്പിന്‍റെ നൂതന സേവനങ്ങള്‍ക്ക് യുഎഇയില്‍ ലഭിച്ച അംഗീകാരം സുപ്രധാനമാണെന്ന് കെഎസ്യുഎം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോണ്‍ എം. തോമസ് പറഞ്ഞു. നമ്മുടെ സ്റ്റാര്‍ട്ടപ്പ് വ്യവസ്ഥയുടെ കരുത്തും മികവും അവതരിപ്പിക്കുന്നതിനുള്ള മികച്ച വേദിയായിരുന്നു ജൈടെക്സ്. ഈ ആഗോള വേദിയില്‍ കേരളത്തിലെ 20 സ്റ്റാര്‍ട്ടപ്പുകളും മികവ് തെളിയിച്ചതായും ഷോപ്ഡോക് മാതൃകയായതായും അദ്ദേഹം വ്യക്തമാക്കി.

ദുബായില്‍ സേവനങ്ങള്‍ വിപുലീകരിച്ചതു മുതല്‍ ഇന്ത്യന്‍ ബിസിനസ് സമൂഹം, സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, നിക്ഷേപകര്‍ എന്നിവരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതായി ഷോപ്ഡോക്കിന്‍റെ സ്ഥാപകനും സിഇഒയുമായ ശിഹാബ് മകനിയില്‍ പറഞ്ഞു. യുഎഇയില്‍ ഓഫീസ് സ്ഥാപിക്കുന്നതിനും ജിസിസിയില്‍ ഉടനീളമുള്ള രോഗികള്‍ക്ക് പ്രതിബദ്ധതയാര്‍ന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആരോഗ്യ പരിരക്ഷാ ദാതാക്കളേയും പ്രാദേശിക ഡോക്ടര്‍മാരേയും ബന്ധിപ്പിക്കുന്നതിനുള്ള പ്രാദേശിക സംയോജിത ആരോഗ്യ പരിരക്ഷാ പ്ലാറ്റ്ഫോം രൂപീകരിക്കുന്നതിനും സീഡ് ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ തുടക്കമിട്ട ആദ്യവര്‍ഷം തന്നെ 200 ആശുപത്രികള്‍, 3575 ഡോക്ടര്‍മാര്‍, 21 രോഗനിര്‍ണയ ശൃംഖലകള്‍ എന്നിവ ഈ ഹെല്‍ത്ത് കെയര്‍ സ്റ്റാര്‍ട്ടപ്പിന് ഉപഭോക്താക്കളായിട്ടുണ്ട്. ലോജിസ്റ്റിക്സ് ഫിന്‍ടെക്, റോബോട്ടിക്സ് ആരോഗ്യപരിരക്ഷ, ലഘുവ്യാപാരം- സംരംഭങ്ങള്‍, പെട്രോളിയം/ എണ്ണ, ഗ്യാസ് മേഖലകളില്‍ നിന്നുള്ള 20 സ്റ്റാര്‍ട്ടപ്പുകളാണ് ജൈടെക്സ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് 50 സ്റ്റാര്‍ട്ടപ്പുകളായിരുന്നു പങ്കെടുത്തത്.

tags
click me!