കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ എൻസിസിക്കാർക്ക് അവസരം; 55 ഒഴിവ്

By Web TeamFirst Published Jan 27, 2021, 12:29 PM IST
Highlights

2021 ഏപ്രിലിൽ ആരംഭിക്കുന്ന 49–ാമത് എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീം പ്രവേശനത്തിന് ജനുവരി 28 വരെ ഓൺലൈനായി അഅപേക്ഷിക്കാം. 

ദില്ലി: കരസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ എൻസിസിക്കാർക്ക് അവസരം. 2021 ഏപ്രിലിൽ ആരംഭിക്കുന്ന 49–ാമത് എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീം പ്രവേശനത്തിന് ജനുവരി 28 വരെ ഓൺലൈനായി അഅപേക്ഷിക്കാം. പുരുഷൻമാർക്ക് 50 ഒഴിവും സ്‌ത്രീകൾക്കു അഞ്ച് ഒഴിവുമാണുള്ളത്. അവിവാഹിതരായിരിക്കണം. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും (യഥാക്രമം 5, 1 ഒഴിവ്) അപേക്ഷിക്കാം. പ്രായം: 2021 ജനുവരി ഒന്നിന് 19- 25 വയസ്‌ (1996 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉൾപ്പെടെ).

യോഗ്യത:
1. കുറഞ്ഞതു മൊത്തം 50% മാർക്കോടെ അംഗീകൃത ബിരുദം/തത്തുല്യം. 2. എൻസിസിയുടെ സീനിയർ ഡിവിഷൻ/ വിങ്ങിൽ കുറഞ്ഞതു
3 അധ്യയന വർഷം/ 2 വർഷം പ്രവർത്തിച്ചിരിക്കണം. 4. എൻസിസിയുടെ ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ബി ഗ്രേഡ് നേടിയിരിക്കണം. യുദ്ധത്തിൽ പരുക്കേറ്റവരുടെ/ കൊല്ലപ്പെട്ടവരുടെ/ കാണാതായവരുടെ ആശ്രിതർക്കു സി സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല. വ്യവസ്‌ഥകൾക്കു വിധേയമായി അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ ആദ്യ രണ്ടു വർഷങ്ങളിലും 50% മാർക്ക് നേടിയിരിക്കണം. 2021 ഏപ്രിൽ ഒന്നിനു മുൻപ് ബിരുദം നേടിയതിന്റെ തെളിവ് ഹാജരാക്കുകയും വേണം.

ശാരീരിക യോഗ്യത:
കരസേനാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്‌ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരിക ക്ഷമതയുള്ളവരായിരിക്കണം അപേക്ഷകർ. തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിൽ.  ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റർവ്യൂ.

എസ്‌എസ്‌ബി ഇന്റർവ്യൂ അഞ്ചു ദിവസം നീളും. രണ്ടു ഘട്ടങ്ങളായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽ തിരിച്ചയയ്‌ക്കും. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുണ്ടാകും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു നിബന്ധനകൾക്കു വിധേയമായി യാത്രാബത്ത നൽകും. പരിശീലനം: ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനമുണ്ടാകും. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.

അപേക്ഷിക്കേണ്ട വിധം
എൻസിസി സി സർട്ടിഫിക്കറ്റ് ഉള്ളവർ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഇതിൽ ഒന്നിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോർട് സൈസ് ഫോട്ടോ പതിക്കണം. നിശ്‌ചിത സ്‌ഥാനത്ത് ഉദ്യോഗാർഥി ഒപ്പിടണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം എസ്എസ്ബി ഇന്റർവ്യൂവിനു സിലക്ഷൻ സെന്ററിൽ ഹാജരാക്കണം. അപേക്ഷാഫോമിന്റെ ഒരു പ്രിന്റ്് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ അസലും കയ്യിൽ കരുതണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് കാണുക.
 

click me!