Armed Force Vacancies : സായുധ സേനയില്‍ ഓഫീസേഴ്സ് ഒഴിവുകൾ; കരസേനയിൽ 7476 , നേവിയിൽ 1265, എയർഫോഴ്സിൽ 621

By Web TeamFirst Published Dec 7, 2021, 1:37 PM IST
Highlights

എയർമെൻ, സെയിലേഴ്സ്, ജൂനിയർ കമ്മീഷൻഡ് ഓഫീസേഴ്സ്, മറ്റ് ഉദ്യോ​ഗസ്ഥർ എന്നീ തസ്തികകളിലായി ഇന്ത്യൻ ആർമിയിൽ 97177 ഒഴിവുകളാണുള്ളത്.

ദില്ലി: ഇന്ത്യൻ ആർമിയിൽ (Indian Army) 7476 ഓഫീസേഴ്സിന്റെ (Officers Vacancies) തസ്തികളിൽ ഒഴിവ്. എയർമെൻ, സെയിലേഴ്സ്, ജൂനിയർ കമ്മീഷൻഡ് ഓഫീസേഴ്സ്, മറ്റ് ഉദ്യോ​ഗസ്ഥർ എന്നീ തസ്തികകളിലായി ഇന്ത്യൻ ആർമിയിൽ 97177 ഒഴിവുകളാണുള്ളത്. ഇന്ത്യൻ എയർഫോഴ്സിൽ 621ഉം ഇന്ത്യൻ നേവിയിൽ 1265ഉം ഓഫീസർ തസ്തികയിൽ ഒഴിവുകളുണ്ട്. എയർഫോഴ്സിലെ മറ്റ് തസ്തികകളിലെ ആകെ ഒഴിവുകൾ 4850 ആണ്. ഇന്ത്യൻ നേവിയിൽ മറ്റ് തസ്തികകളിലെ ഒഴിവുകൾ 11166 ആണ്.  രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം മറുപടി പറയുന്ന അവസരത്തിലാണ് പ്രതിരോധ സഹ മന്ത്രി അജയ് ഭട്ട്  ഒഴിവുകളെക്കുറിച്ച് വെളിപ്പെടുത്തിയത്. 

സായുധ സേനകളിലെ ഒഴിവുകൾ നികത്താൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സായുധ സേനയിൽ വെല്ലുവിളി നിറഞ്ഞ, അതേ സമയം തൃപ്തികരവുമായ ഒരു കരിയർ തെരഞ്ഞെടുക്കുന്നതിലെ നേട്ടങ്ങളെക്കുറിച്ച് യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കാനുള്ള  നടപടികൾ ആരംഭിച്ചു. യുവാക്കളെ സായുധ സേനയിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്നതിനായി, സ്കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നാഷണൽ കേഡറ്റ് കോർപ്സ് (NCC) ക്യാമ്പുകൾ എന്നിവിടങ്ങളിൽ മോട്ടിവേഷണൽ പ്രഭാഷണങ്ങൾ പതിവായി സംഘടിപ്പിക്കാറുണ്ട്. കൂടാതെ, സായുധ സേനയിലെ പ്രമോഷൻ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും ഒഴിവുകൾ നികത്തുന്നതിനും ഉൾപ്പെടെ സായുധ സേനയിലെ സേവനം കൂടുതൽ ആകർഷകമാക്കുന്നതിന് സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഈ വിഷയത്തിലെ സർക്കാർ നയം അനുസരിച്ച്, എല്ലാ പൗരന്മാർക്കും അവരുടെ ജാതി, മതം, പ്രദേശം അല്ലെങ്കിൽ മതം എന്നിവ പരിഗണിക്കാതെ ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതിന് അർഹതയുണ്ട്. സ്വാതന്ത്ര്യാനന്തരം, ഒരു പ്രത്യേക വർഗത്തിനോ സമുദായത്തിനോ മതത്തിനോ പ്രദേശത്തിനോ വേണ്ടി ഒരു പുതിയ റെജിമെന്റുംസൃഷ്ടിക്കേണ്ടതില്ലെന്നതാണ് ഗവൺമെന്റിന്റെ നയം. രാജ്യസഭയിൽ രാകേഷ് സിംഹയുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ് പ്രതിരോധ സഹമന്ത്രി അജയ്ഭട്ട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

click me!