സ്വതന്ത്ര സോഫ്റ്റ്‌വെയർ അല്ലാതെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

By Web TeamFirst Published Sep 26, 2022, 8:58 AM IST
Highlights

രണ്ടു പതിറ്റാണ്ടായി നടന്നു വരുന്ന കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസം മാതൃകയാകുന്നത് പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായതുകൊണ്ട് കൂടിയാണെന്നും തത്ഫലമായി 3000 കോടി രൂപ ലാഭിക്കാനായതും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനെതിരെ കർശന നടപടിയെടുക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.  പൊതുജനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്‌വെയർ പരിശീലനം നൽകാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കൈറ്റും ഡി.എ.കെ.എഫും സംഘടിപ്പിച്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്‌സിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  രണ്ടു പതിറ്റാണ്ടായി നടന്നു വരുന്ന കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസം മാതൃകയാകുന്നത് പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായതുകൊണ്ട് കൂടിയാണെന്നും തത്ഫലമായി 3000 കോടി രൂപ ലാഭിക്കാനായതും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം പോലെതന്നെ പ്രധാനമാണ് ഇന്റർനെറ്റ് ഗവേണൻസുമായി ബന്ധപ്പെട്ട സങ്കീർണ പ്രശ്‌നങ്ങളെന്നും ഇതിനും സമൂഹ പങ്കാളിത്തം ആവശ്യമാണെന്നും അമർനാഥ് രാജ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ഐകാൻ ഉപദേശക സമിതി അംഗം സതീഷ് ബാബു പറഞ്ഞു.  കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് പദ്ധതി വിശദീകരണം നടത്തി. തുടർന്ന് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയിലെ 14 വിഷയങ്ങളിൽ വിദഗ്ധർ പ്രഭാഷണം നടത്തുകയും അത് തത്സമയം ലൈവായി പ്രദർശിപ്പിക്കുകയും ചെയ്തു.  ഉച്ചയ്ക്ക് പൊതുജനങ്ങൾക്ക് സൗജന്യ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് നടത്തിക്കൊണ്ടാണ് സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന് തിരശീല വീണത്.  ക്ലാസുകൾ www.kite.kerala.gov.in/SFDay2022 ലിങ്ക് വഴി കാണാവുന്നതാണ്.

ഇ-കൊമേഴ്‌സ് വെബിനാര്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ,് വ്യവസായ വാണിജ്യ വകുപ്പ് സംരംഭകര്‍ക്ക് വേണ്ടി ഇ-കൊമേഴ്‌സിന്റെ സാധ്യതകള്‍ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫ്‌ളിപ്കാര്‍ട്ട് ഒഫിഷ്യല്‍സ് നയിക്കുന്ന പരിശീലനം ഒക്ടോബര്‍ ഒന്ന് രാവിലെ 11 മുതല്‍ 12.30 വരെ ഓണ്‍ലൈനായി നടക്കും. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റില്‍ സെപ്റ്റംബര്‍ 29 ന് മുന്‍പ് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2532890 / 2550322

click me!