സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിക്കുന്ന പ്രാദേശിക ചരിത്രരചന സംസ്ഥാനതല ശില്പശാല തിരുവനന്തപുരത്ത്

By Web TeamFirst Published May 27, 2023, 4:48 PM IST
Highlights

തിരുവനന്തപുരം സീമാറ്റ്  കേരളയിൽ മെയ് 28, 29, 30 തീയതികളിലായി നടക്കുന്ന സംസ്ഥാനതല ത്രിദിന ചരിത്ര ശിൽപ്പശാലയിൽ പ്രശസ്ത ചരിത്രകാരന്മാർ കുട്ടികളുമായി സംവദിക്കും. 
 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ കണ്ടെത്തിയ തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ചരിത്ര രേഖപ്പെടുത്തലുകളുടെ  അവതരണവും സംവാദവും തിരുവനന്തപുരത്ത് നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മെയ് 28 ന്  പ്രാദേശിക ചരിത്രരചനയുടെ സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നും ആൺ-പെൺ വിഭാഗത്തിലായി തെരഞ്ഞെടുക്കപ്പെട്ട 28 കുട്ടികളാണ് ചരിത്രാവതരണങ്ങൾ നടത്തുന്നത്.  തിരുവനന്തപുരം സീമാറ്റ്  കേരളയിൽ മെയ് 28, 29, 30 തീയതികളിലായി നടക്കുന്ന സംസ്ഥാനതല ത്രിദിന ചരിത്ര ശിൽപ്പശാലയിൽ പ്രശസ്ത ചരിത്രകാരന്മാർ കുട്ടികളുമായി സംവദിക്കും. 

ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കുട്ടികൾ സന്ദർശിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിലാണ് പാദമുദ്രകൾ എന്ന ശില്പശാല സംഘടിപ്പിക്കുന്നത്. പ്രാദേശിക ചരിത്രകണ്ടെത്തലുകളുടെ അവതരണത്തിന്മേൽ സംവാദവും നടക്കും. സ്കൂൾതലത്തിൽ മികവ് പുലർത്തിയ കുട്ടികളിൽ നിന്നും ബിആർസി തലത്തിലും അവിടെനിന്ന് ജില്ലാതലങ്ങളിലും മികവ് തെളിയിച്ചവരെയാണ് സംസ്ഥാനതലത്തിലേക്ക് തെരെഞ്ഞെടുത്തിട്ടുള്ളത്. ചരിത്ര ശില്പശാലയിൽ ഈ 28 കുട്ടികളാണ്  ചരിത്രാവതരണങ്ങൾ നടത്തുന്നത്. പ്രാദേശിക തലത്തിൽ ഇന്നോളം ആരും കണ്ടെത്താത്ത സവിശേഷതകൾ, വ്യക്തികൾ സംഭവങ്ങൾ എന്നിവയെയാണ് കുട്ടികൾ ഗവേഷണാത്മകമായി സമീപിച്ചതും രേഖ തയ്യാറാക്കി അവതരിപ്പിക്കുന്നതും.

ചരിത്രകാരൻ ഡോ. കെ എൻ ഗണേഷ്,  മാധ്യമപ്രവർത്തകൻ ശരത് ചന്ദ്രൻ, ചരിത്രാധ്യാപകരായ ഡോ. രാജേഷ് എസ് വി,  ഡോ. പി പി അബ്ദുൽ റസാഖ്, ബിനോ പി.ജോസ് തുടങ്ങിയവർ  വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു സമാപന സമ്മേളന ചടങ്ങ് ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ്ജ് ഐ എ എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ.എ.എസ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഏജൻസികളുടെ ഡയറക്ടർമാർ തുടങ്ങിയ പ്രമുഖർ ശില്പശാലയുടെ വിവിധ സെഷനുകളിൽ സംബന്ധിക്കുമെന്ന് സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ. ആർ അറിയിച്ചു.

 

 

click me!