ഒരൊറ്റ ക്ലിക്കിൽ സിദ്ധാന്തിന് നഷ്ടമായത് സ്വപ്നമായിരുന്ന ഐഐടി പഠനം

By Web TeamFirst Published Dec 1, 2020, 2:04 PM IST
Highlights

 പ്രാഥമിക അലോട്ട്മെൻ്റ് എത്തിയപ്പോൾ സിദ്ധാന്തിന് ഇലക്ട്രിക്കൽ എഞ്ചിനീയറിം​ഗിൽ പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അലോട്ട്മെന്റിലെ പുതിയ വിവരങ്ങൾക്കായി സൈറ്റിൽ കയറിയ സിദ്ധാന്ത് അബദ്ധത്തിൽ പ്രവേശനത്തിൽ നിന്ന് പിൻമാറാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തു. 

മുംബൈ: കഷ്ടപ്പെട്ട് പഠിച്ച് എഞ്ചിനീയറിം​ഗ് പരീക്ഷ മികച്ച മാർക്കോടെ പാസ്സായിട്ടും ഒരൊറ്റ ക്ലിക്കിലൂടെ ആ​ഗ്രഹിച്ച പഠനാവസരം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് ആ​ഗ്ര സ്വദേശിയായ സിദ്ധാന്ത്. വെബ്സൈറ്റിലെ തെറ്റായ ലിങ്ക് ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് സിദ്ധാന്തിന് ഐഐടിയിലെ അവസരം നഷ്ടമായത്. ജെ.ഇ.ഇ. മെയിന്‍ അഖിലേന്ത്യ പ്രവേശനപട്ടികയില്‍ 270-ാം റാങ്ക് ആണ് പതിനെട്ടുകാരനായ സിദ്ധാന്ത് നേടിയത്. പ്രാഥമിക അലോട്ട്മെൻ്റ് എത്തിയപ്പോൾ സിദ്ധാന്തിന് ഇലക്ട്രിക്കൽ എഞ്ചിനീയറിം​ഗിൽ പ്രവേശനം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അലോട്ട്മെന്റിലെ പുതിയ വിവരങ്ങൾക്കായി സൈറ്റിൽ കയറിയ സിദ്ധാന്ത് അബദ്ധത്തിൽ പ്രവേശനത്തിൽ നിന്ന് പിൻമാറാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തു. ഇതോടെ വലിയൊരു സ്വപ്നമാണ് ഇല്ലാതായത്. 

93 പേര്‍ക്കായിരുന്നു ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ പ്രവേശനാവസരം.. നവംബർ പത്തിന് പ്രവേശന ലഭിച്ച വിദ്യാർത്ഥികളുടെ ലിസ്റ്റ് എത്തിയപ്പോൾ അതിൽ  തന്റെ പേര് കാണാതെ വന്നപ്പോഴാണ് അബദ്ധം പറ്റിയതായി സിദ്ധാന്തിന് മനസ്സിലായത്. പിന്നീട് വീണ്ടും പ്രവേശനം ലഭിക്കാൻ സിദ്ധാന്ത് ഹൈക്കോടതിയുടെ സഹായം തേടി. ഹൈക്കോടതി ഐഐ‍ടിയോട് സിദ്ധാന്തിന്റെ അപേക്ഷ പരി​ഗണിക്കാൻ നിർദ്ദേശം നൽകിയെങ്കിലും ഐഐടി അപേക്ഷ തള്ളിക്കളഞ്ഞു. 

അപേക്ഷ പിൻവലിക്കപ്പെട്ടതിൽ  സ്ഥാപനത്തിന് പങ്കില്ലെന്നും സിദ്ധാന്തിന്റെ പരാതിയ്ക്ക് പരിഹാരം നല്‍കാനാവില്ലെന്നും ഐ.ഐ.ടി. രജിസ്ട്രാര്‍ ആര്‍. പ്രേംകുമാര്‍ അറിയിച്ചു. പ്രവേശനം ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി(JoSSA)യാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രവേശനം പൂര്‍ത്തിയായതായും സീറ്റൊഴിവില്ലാത്തതിനാല്‍ സിദ്ധാന്തിന് അടുത്ത കൊല്ലം പ്രവേശനത്തിന് ശ്രമിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം തനിക്ക് നഷ്ടമായ സീറ്റ് ലഭിക്കുന്നതിന് വേണ്ടി സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സിദ്ധാന്ത്. ചെറുപ്പത്തിൽ തന്നെ അച്ഛനും രണ്ട് കൊല്ലം മുമ്പ് അമ്മയും നഷ്ടപ്പെട്ട സിദ്ധാന്ത്  മുത്തച്ഛനും മുത്തശ്ശിയ്ക്കും അമ്മാവനും ഒപ്പമാണ് താമസിക്കുന്നത്. തനിക്ക് ഇക്കൊല്ലം തന്നെ ഐഐടിയിൽ പഠിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സി​ദ്ധാന്ത്. 

click me!