Latest Videos

കടുകട്ടി കെമിസ്ട്രി പരീക്ഷയെ എളുപ്പമാക്കാൻ അധ്യാപക കൂട്ടായ്മ; ഓൺലൈൻ പരിശീലന പരിപാടി അവസാനഘട്ട ഒരുക്കങ്ങളിൽ

By Akhila NandakumarFirst Published Jul 20, 2022, 11:34 AM IST
Highlights

 വിദ്യാർത്ഥികൾ നിരവധി പേർ സമാന ആശങ്ക പങ്ക് വെച്ചതോടെയാണ് കെമിസ്ട്രി അദ്ധ്യാപകരുടെ സംസ്ഥാനതല കൂട്ടായ്മ പരിഹാരവുമായി മുന്നിട്ടിറങ്ങിയത്. CHEM TAK support 2022 എന്ന ഓൺലൈൻ പരിശീലന പരിപാടി ജൂലൈ 4 ന് തുടങ്ങി.

തിരുവനന്തപുരം: ചോദ്യപേപ്പറിലെ പ്രശ്നങ്ങളും പരീക്ഷാമൂല്യനിർണ്ണയത്തിലെ ആശയക്കുഴപ്പങ്ങളും കാരണം  കഴിഞ്ഞ കെമിസ്ട്രി പ്ലസ് ടു പരീക്ഷ (chemistry plus two exam) ചർച്ചാ വിഷയമായിരുന്നു. ഇത്തവണത്തെ പരീക്ഷ കടുകട്ടിയെന്നായിരുന്നു ഭൂരിഭാഗം വിദ്യാർത്ഥികളും പറഞ്ഞത്. അത് പരീക്ഷാഫലത്തിലും കണ്ടു. 2021ൽ കെമിസ്ട്രി പരീക്ഷയിൽ എ പ്ലസ് നേടിയവർ 64,308 ആയിരുന്നെങ്കിൽ ഇക്കുറി അത് പകുതിയിൽ താഴെയായി, 30615. പരീക്ഷയിൽ തോറ്റവരുടെ എണ്ണവും കാര്യമായി കൂടി. കഴിഞ്ഞ വർഷം 12135 പേരാണ് തോറ്റതെങ്കിൽ ഇത്തവണ അത് 19,705 ലെത്തി.

രസതന്ത്രപരിഹാരവുമായി അദ്ധ്യാപക കൂട്ടായ്മ

കെമിസ്ട്രി പ്ലസ് ടു പരീക്ഷയിൽ തോറ്റവർ ഒരുഭാഗത്ത്. കെമിസ്ട്രിക്ക് വിചാരിച്ചത്ര മാർക്കില്ലാത്തതിനാൽ ഉപരിപഠനത്തിന് മങ്ങലേറ്റവർ മറ്റൊരു ഭാഗത്ത്. മിക്കവർക്കും കെമിസ്ട്രി ഒഴികെയുള്ള ശാസ്ത്രവിഷയങ്ങളിൽ എല്ലാം നല്ല മാർക്കും. വിദ്യാർത്ഥികൾ നിരവധി പേർ സമാന ആശങ്ക പങ്ക് വെച്ചതോടെയാണ് കെമിസ്ട്രി അദ്ധ്യാപകരുടെ സംസ്ഥാനതല കൂട്ടായ്മ പരിഹാരവുമായി മുന്നിട്ടിറങ്ങിയത്. CHEM TAK support 2022 എന്ന ഓൺലൈൻ പരിശീലന പരിപാടി ജൂലൈ 4 ന് തുടങ്ങി. ലക്ഷ്യം രസതന്ത്രത്തിൽ കുരുങ്ങിയ വിദ്യാർത്ഥികളുടെ മോചനം. ജൂലൈ 25ന് നടക്കുന്ന സേ പരീക്ഷയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് എല്ലാ ജില്ലകളിലെയും വിദ്യാർത്ഥികൾ. പിന്നിൽ കരുത്തരായ അദ്ധ്യാപകരുണ്ടെങ്കിൽ പിന്നെന്തിന് പേടി? കാസർകോട് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥി വിസ്മയ പറയുന്നത് കേൾക്കാം.
 

കൈയ്യടിക്കണം ഈ അദ്ധ്യാപകർക്ക്

ആദ്യമായാണ് സംസ്ഥാനത്ത് ഉടനീളമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്  ഇത്തരത്തിൽ പരിശീലന പരിപാടി. വിവിധ ജില്ലകളിലായി ഇത് വരെ 3300 ഓളം വിദ്യാർത്ഥികളാണ് പ്രതിദിനം ഓൺലൈൻ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. ഗൂഗിൾ മീറ്റ്, യു ട്യൂബ് ലൈവ് എന്നീ സംവിധാനങ്ങളിലൂടെയാണ് ക്ലാസുകൾ. ഓരോ ദിവസവും പാഠഭാഗങ്ങളിലെ ഏറ്റവും പ്രധാന ചോദ്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്യുന്നു. വിശദീകരിക്കുന്നതിനൊപ്പം വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് തത്സമയം മറുപടി.

ഇന്ററാക്റ്റീവ് ലൈവ് വീഡിയോ ക്ലാസുകൾ ആണ് അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാദിവസവും നടക്കുന്നത്. കുട്ടികളുടെ ആത്മവിശ്വാസം കൂട്ടി മികച്ച സ്കോർ നേടി ഉപരിപഠനത്തിനുള്ള സാധ്യത ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. എല്ലാ ദിവസവും ഓരോ യൂണിറ്റ് വീതം ഓൺലൈനിൽ വിശദീകരിക്കുന്നു. കുട്ടികളുടെ സംശയങ്ങൾക്ക് വിദഗ്ധരായ അധ്യാപകർ മറുപടികൾ നൽകുന്നു. ലൈവ് ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് യുട്യൂബിൽ അപ്‍ലോഡ് ചെയ്ത വീഡിയോ വഴി പിന്നീടും കാര്യങ്ങൾ കേട്ടും കണ്ടും പഠിക്കാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിപാടി അനുഗ്രഹമായത്. സ്പെഷ്യൽ ട്യൂഷൻ ക്ലാസിനായി പണം ചിലവാക്കേണ്ട അവസ്ഥ ഒഴിവായി. എൻട്രൻസ് പരീക്ഷകൾക്ക് വിഷയം ഹൃദിസ്ഥമാക്കാനും പ്രഗത്ഭരായ അദ്ധ്യാപകരുടെ ക്ലാസുകൾ ഗുണം ചെയ്തു. തൃശൂരിൽ നിന്നുള്ള വിദ്യാർത്ഥി ഫാത്തിമയുടെ വാക്കുകളിലുണ്ട് ആത്മവിശ്വാസം.

'വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടില്ല, നിയമഭേദഗതി കൊണ്ടുവരും': മുഖ്യമന്ത്രി

മാതൃകാപരം ഈ കൂട്ടായ്മ

വിദ്യാർത്ഥികൾക്കൊരു പ്രശ്നമുണ്ടാകുമ്പോൾ ആദ്യം മുന്നിട്ടിറങ്ങേണ്ടത് അദ്ധ്യാപകരല്ലാതെ മറ്റാര്? കക്ഷിരാഷ്ട്രീയ ഭേദങ്ങളില്ലാതെയാണ് ChemTak ന്‍റെ പ്രവർത്തനങ്ങൾ. സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുടെ കൂട്ടായ്മയാണ് ChemTak. ഇടത് –വലത് അദ്ധ്യാപക സംഘടനയിൽ ഭാരവാഹികളായവർ വരെ കെമിസ്ട്രി എന്ന പൊതുവികാരത്തിന്‍റെ കീഴിൽ കൈകോർക്കുന്നു. ആദ്യം ജില്ല അടിസ്ഥാനത്തിൽ രൂപീകരിച്ച സംഘടന ഒരുമിച്ച് നിന്നപ്പോൾ സംസ്ഥാനതല പരിപാടി വിജയകരമായി പൂർത്തിയാകുന്നു. ഫലമോ മുഴുവൻ ജില്ലകളിലെയും വിദ്യാർത്ഥികൾക്ക് മികച്ച നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കാനായി. 

സംഘടനയുടെ അക്കാദമിക് കോർഡിനേറ്റർ ജിജീഷ് ഏലിയാസ് ആണ് പരിശീലന പരിപാടികൾക്കു നേതൃത്വം നൽകുന്നത്. യു.ധന്യ ആണ് സംഘടനയുടെ പ്രസിഡന്‍റ്. സെക്രട്ടറിയായ പ്രഭാഷ് എസ് കുമാർ, ട്രഷറർ ഫിറോസ് ടി. അബ്ദുള്ള എന്നിവരും ക്ലാസുകളുടെ ഏകോപനം നടത്തുന്നു. ഹയർ സെക്കന്‍ററി വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയർത്താൻ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതികളോട് സംഘടന പൂർണ്ണമായി സഹകരിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. അല്ലെങ്കിലും ഒരുമിച്ച് നിന്നാൽ അസാധ്യമായത് എല്ലാം സാധ്യമാകുമെന്നാണല്ലോ. ആ ആത്മവിശ്വാസത്തിൽ എല്ലാവരും വരുന്ന 25 ആം തിയതി, തിങ്കളാഴ്ച ദിവസത്തേക്കുള്ള കാത്തിരിപ്പിലാണ്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനം മികച്ച പരീക്ഷാഫലം ഉറപ്പാക്കുമെന്ന പ്രതീക്ഷയിൽ.
 

click me!