സാങ്കേതിക സര്‍വകലാശാല ബി.ടെക് എട്ടാം സെമസ്റ്റര്‍ പരീക്ഷ ജൂലായ് ഒന്നുമുതല്‍

By Web TeamFirst Published Jun 28, 2020, 10:08 AM IST
Highlights

പഠിച്ച കോളേജിൽത്തന്നെ പരീക്ഷ എഴുതണമെന്നില്ല. സൗകര്യപ്രദമായ ഏതു സെന്ററിലും എഴുതാം. യാത്രയ്ക്കും സുരക്ഷയ്ക്കുമുള്ള സൗകര്യങ്ങൾ ഉറപ്പാക്കും. 

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ അവസാന സെമസ്റ്റർ പരീക്ഷകൾ മാറ്റിവെക്കാവുന്നതാണെന്ന നിർദേശം ഉയർന്നെങ്കിലും ബി.ടെക്. എട്ടാം സെമസ്റ്റർ പരീക്ഷ നടത്താമെന്ന നിലപാടിൽ സാങ്കേതിക സർവകലാശാല. ജൂലായ് ഒന്ന്, മൂന്ന്, ആറ്, എട്ട് തീയതികളിലായി നാലുദിവസമാണ് പരീക്ഷ. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നതിനാൽ ഒരുസമയം കൂടുതൽ കുട്ടികൾ കാമ്പസിൽ എത്തുന്നത് ഒഴിവാക്കാനാകും.

കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് പരീക്ഷ നടത്താൻ സർവകലാശാല സജ്ജമാണെന്ന് വി.സി. ഡോ. എം.എസ്. രാജശ്രീ പറഞ്ഞു. അവസാന സെമസ്റ്റർ പരീക്ഷ മുടങ്ങുന്നത് കുട്ടികളുടെ ഭാവിയെ ബാധിച്ചേക്കാം. കാമ്പസ് ഇന്റർവ്യൂവഴി ജോലി ലഭിച്ചവർക്ക് യഥാസമയം സർട്ടിഫിക്കറ്റ് നൽകണം.

പഠിച്ച കോളേജിൽത്തന്നെ പരീക്ഷ എഴുതണമെന്നില്ല. സൗകര്യപ്രദമായ ഏതു സെന്ററിലും എഴുതാം. യാത്രയ്ക്കും സുരക്ഷയ്ക്കുമുള്ള സൗകര്യങ്ങൾ ഉറപ്പാക്കും. ഇപ്പോൾ നടക്കുന്ന പരീക്ഷ എഴുതാൻ കഴിയാത്തവർക്കായി ഒക്ടോബറിൽ വീണ്ടും പരീക്ഷ നടത്തും. അതെഴുതുന്നതും ആദ്യ ചാൻസായിത്തന്നെ കണക്കാക്കും.

പരീക്ഷ മാറ്റാവുന്നതാണെന്ന പൊതുനിർദേശം യു.ജി.സി. നൽകിയിട്ടുണ്ടെങ്കിലും അതത് സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാനാകുമെന്നാണ് വിലയിരുത്തൽ. ഏഴാം സെമസ്റ്റർവരെയുള്ള പരീക്ഷ നടത്തേണ്ടെന്ന നിലപാടാണ് സിൻഡിക്കേറ്റിനുള്ളത്. ഇതിനുപകരം മാർക്ക് എങ്ങനെ നൽകണമെന്ന് തീരുമാനിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.

click me!