
മുംബൈ: സിആർപിഎഫിൽ സെലക്ഷൻ ലഭിച്ചതിന് പിന്നാലെ റോഡരികിൽ പച്ചക്കറികൾ വിറ്റ് കുടുംബം പോറ്റിയ അമ്മയുടെ കാലിൽ വീഴുന്ന മകന്റെ വീഡിയോ വൈറലാകുന്നു. ഗോപാൽ സാവന്ത് എന്ന യുവാവാണ് സ്വപ്ന ജോലി ലഭിച്ച വിവരം അമ്മയുടെ കാലിൽ വീണ് അറിയിച്ചത്. സിആർപിഎഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരണം ലഭിച്ചതിന് പിന്നാലെ ഗോപാൽ നേരെ പോയത് തന്റെ സ്വപ്നം സാധ്യമാക്കിയ ആ റോഡരികിലേയ്ക്കാണ്. തുടർന്ന് അമ്മയും മകനും തമ്മിലുള്ള വൈകാരിക രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം വൈറലായി മാറി.
പിംഗുലിയിലെ ഷെത്കർ വാഡി സ്വദേശിയാണ് ഗോപാൽ സാവന്ത്. കുടുംബം പോറ്റാൻ പച്ചക്കറികൾ വിറ്റഴിച്ച് അമ്മ വർഷങ്ങളായി റോഡരികിൽ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയായിരുന്നു. താൻ സെൻട്രൽ റിസർവ് പൊലീസ് സേനയിലേക്ക് (സിആർപിഎഫ്) തിരഞ്ഞെടുക്കപ്പെട്ടതായി ഗോപാൽ അമ്മയോട് പറയുന്നു. ആദ്യം അമ്മ നിശബ്ദമായാണ് ഈ വാർത്ത കേൾക്കുന്നത്. പിന്നെ, പതുക്കെ, വർഷങ്ങളുടെ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഭാരം വഹിച്ച അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
വിലാസ് കുഡാൽക്കർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. ‘പിംഗുലിയിലെ ഷെത്കർ വാഡിയിൽ നിന്നുള്ള ഗോപാൽ സാവന്ത് രാജ്യത്തെ സേവിക്കുന്നതിനായി സിആർപിഎഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുഡൽ നഗർ പഞ്ചായത്തിലെ നടപ്പാതയിൽ കച്ചവടം നടത്തുന്ന തന്റെ അമ്മയോട് അദ്ദേഹം ഈ വാർത്ത പറയുന്ന ഹൃദയസ്പർശിയായ വീഡിയോ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ദിവസങ്ങൾക്കുള്ളിൽ 12 ദശലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. മകന്റെ നേട്ടത്തെയും അമ്മയുടെ ശക്തിയെയും പ്രശംസിച്ചുകൊണ്ട് ആയിരക്കണക്കിനാളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. കുട്ടികൾക്ക് വലിയ ജീവിതം സ്വപ്നം കാണാൻ കഴിയുന്ന തരത്തിൽ അക്ഷീണം ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ത്യാഗമാണ് ഈ രംഗങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന അഭിപ്രായമാണ് പലരും പങ്കുവെച്ചത്.