Pinarayi Vijayan : ഒരു വർഷത്തിൽ ഒരു ലക്ഷം സംരംഭത്തിലൂടെ മൂന്നു മുതൽ അഞ്ചു ലക്ഷം വരെ തൊഴിലവസരം: മുഖ്യമന്ത്രി

Published : Mar 30, 2022, 07:56 PM IST
Pinarayi Vijayan : ഒരു വർഷത്തിൽ ഒരു ലക്ഷം സംരംഭത്തിലൂടെ മൂന്നു മുതൽ അഞ്ചു ലക്ഷം വരെ തൊഴിലവസരം: മുഖ്യമന്ത്രി

Synopsis

അഭ്യസ്ഥവിദ്യരായ യുവജനങ്ങളുടെ അഭിരുചിക്കും ശേഷിക്കും അനുസരിച്ചുള്ള തൊഴിൽ നാട്ടിൽ സൃഷ്ടിക്കാനാണ് ശ്രമം.

തിരുവനന്തപുരം: ഒരു വർഷത്തിൽ ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിലൂടെ ഏകദേശം മൂന്നു മുതൽ അഞ്ചു ലക്ഷം വരെ തൊഴിലവസരം (job opportunities) സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് (Pinarayi Vijayan) മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംരംഭക വർഷം 2022-23 ന്റെ പ്രഖ്യാപനവും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. 120 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ശിൽപശാലകൾ നടത്തും. ആദ്യ ഘട്ടത്തിൽ സംരംഭങ്ങൾ തുടങ്ങാൻ താത്പര്യമുള്ളവർക്ക് ബോധവത്ക്കരണം നൽകും. തുടർന്ന് ലൈസൻസ്, വായ്പ, ധനസഹായം എന്നിവ ലഭ്യമാക്കുന്നതിന് മേള സംഘടിപ്പിക്കും. ഏപ്രിൽ മാസത്തിൽ പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സാങ്കേതിക യോഗ്യതയുള്ള ഇന്റേണുകളെ നിയമിക്കും. വ്യവസായ, തദ്ദേശസ്വയംഭരണ വകുപ്പുകൾ പദ്ധതി പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഉറപ്പാക്കി അടുത്ത നാലു വർഷത്തിൽ വ്യവസായ മേഖലയിൽ മാത്രം 10,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കും. വ്യവസായ മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 6380 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. ഇക്കാലയളവിൽ 12443 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ കേരളത്തിൽ പുതിയതായി ആരംഭിച്ചു. ഇതിലൂടെ 1292.62 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. 46228 പേർക്ക് പുതിയതായി തൊഴിൽ ലഭിക്കുകയും ചെയ്തു.

അഭ്യസ്ഥവിദ്യരായ യുവജനങ്ങളുടെ അഭിരുചിക്കും ശേഷിക്കും അനുസരിച്ചുള്ള തൊഴിൽ നാട്ടിൽ സൃഷ്ടിക്കാനാണ് ശ്രമം. ഇത്തരത്തിൽ 40 ലക്ഷം തൊഴിൽ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറു വർഷത്തിനിടെ 3500 സ്റ്റാർട്ട് അപ്പുകൾ ആരംഭിച്ചു. 35000 തൊഴിൽ അവസരങ്ങൾ ഈ മേഖലയിൽ ഉണ്ടായി. 2016ൽ സ്റ്റാർട്ട്അപ്പ് നിക്ഷേപം ഏകദേശം 50 കോടി ആയിരുന്നെങ്കിൽ ഇപ്പോഴത് 3200 കോടി രൂപയായി. 2026ഓടെ കേരളത്തിൽ വലിയ തോതിൽ മാറ്റം സംഭവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് ഒരു വർഷത്തിൽ ഒരു ലക്ഷം തൊഴിൽ എന്ന പദ്ധതി നടപ്പാക്കുന്നതെന്ന് അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന്റെ ഓഫീസുകളുടെ പ്രവർത്തന രീതി തന്നെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഐ. ഐ. എം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിശീലനം നൽകുന്നതായി മന്ത്രി പറഞ്ഞു. പുതിയ പദ്ധതിയെ സംബന്ധിച്ച് തദ്ദേശസ്ഥാപന പ്രതിനിധികളോടും സെക്രട്ടറിമാരോടും വിശദീകരിച്ചിട്ടുണ്ടെന്ന് ഹാൻഡ്ബുക്ക് പ്രകാശനം നിർവഹിച്ച തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംരംഭകരെ ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് സഹകരണ വകുപ്പിന്റെ എല്ലാവിധ പിന്തുണയും സഹകരണ മന്ത്രി വി. എൻ. വാസവൻ വാഗ്ദാനം ചെയ്തു. പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ