
തൃശ്ശൂർ: ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടത്തിന്റെ നിമിഷത്തിൽ, തന്നെ ഇവിടെവരെ എത്തിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച മാതാപിതാക്കളെ ഓർത്ത് തൃശ്ശൂർ ജില്ലാ കളക്ടർ പങ്കുവെച്ച കുറിപ്പ് വായനക്കാരുടെ കണ്ണ് നിറയ്ക്കുന്നു. തൃശ്ശൂരിന്റെ അമരക്കാരിയായി ചുമതലയേൽക്കുമ്പോൾ, ഡയാലിസിസ് കിടക്കയിൽ നിന്ന് തനിക്ക് ഊർജ്ജം നൽകിയ അച്ഛന്റെ അഭാവം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് കളക്ടർ കുറിച്ചു. "ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകുന്നു." ഡയാലിസിസ് കിടക്കയിൽ കിടക്കുമ്പോഴും അച്ഛൻ നൽകിയ ആത്മവിശ്വാസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഊർജ്ജമെന്ന് കളക്ടർ ഓർക്കുന്നു.
അച്ഛൻ രോഗബാധിതനായപ്പോൾ കഴിഞ്ഞ 20 വർഷം തങ്ങൾക്കായി വിയർപ്പൊഴുക്കിയത് അമ്മയാണ്. കമ്പനിയിൽ മണിക്കൂറുകളോളം നിന്നുകൊണ്ട് ജോലി ചെയ്ത് ക്ഷീണിച്ചുവരുന്ന അമ്മയ്ക്ക് പഠനകാര്യങ്ങളിൽ സഹായിക്കാൻ അറിയില്ലായിരുന്നു. എങ്കിലും മകളുടെ സ്വപ്നങ്ങൾക്ക് അമ്മ കൂട്ടുനിന്നു. കുടുംബശ്രീയിൽ നിന്നും സഹകരണ ബാങ്കിൽ നിന്നും ലോണെടുത്താണ് തന്നെ സിവിൽ സർവീസ് കോച്ചിങ്ങിന് അയച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജോലിക്ക് പോകാൻ തുനിഞ്ഞപ്പോൾ അച്ഛനും അമ്മയും തന്നെ പിന്തിരിപ്പിച്ചു.
കളക്ടറായി ചാർജെടുക്കാൻ ഇറങ്ങുമ്പോൾ അമ്മയുടെ കാൽ തൊട്ട് വന്ദിച്ചപ്പോൾ അമ്മ വിതുമ്പിപ്പോയി. ആ കണ്ണീരിൽ അച്ഛന്റെ അഭാവമുണ്ടായിരുന്നു. ഔദ്യോഗിക വാഹനത്തിൽ ഇരിക്കുമ്പോഴും സങ്കടം കൊണ്ട് അമ്മ ഒന്നും മിണ്ടിയില്ലെന്ന് കളക്ടർ കുറിച്ചു "സിവിൽ സർവീസ് കസേരയിലേക്ക് എന്നെ എത്തിച്ചത് വായിച്ച പുസ്തകങ്ങൾ മാത്രമല്ല, മകൾ അത് നേടിയെടുക്കുമെന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും അമ്മയുമാണ്" എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
സ്വപ്നം കാണുവാൻ പഠിപ്പിച്ചത് അച്ഛനാണ്. ഇന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ആയി ചാർജ് എടുത്തപ്പോൾ, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നൽകാനായിട്ടില്ല. കണ്ണുകൾ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛൻറെ അനുഗ്രഹങ്ങൾ എന്നും എന്നിൽ ഉണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള എൻറെ ഊർജ്ജം. ചാർജ് എടുക്കുവാൻ കളക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാൽ തൊട്ടു തൊഴുതപ്പോൾ, അമ്മ വിതുമ്പിയതിന് കാരണം അച്ഛൻറെ അഭാവമാണ്. എന്നോടൊപ്പം ജില്ലാ കളക്ടറുടെ കാറിൽ കയറിയപ്പോഴും സങ്കടം കൊണ്ടു അമ്മ ഒന്നും മിണ്ടിയിരുന്നില്ല. അച്ഛൻ രോഗബാധിതനായപ്പോൾ ഏതാണ്ട് ഇരുപത് വർഷം ഞങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയിൽ ഏറെ സമയവും നിന്നു കൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മയ്ക്ക്, മകൾക്ക് ഉപദേശങ്ങൾ നൽകുവാനോ, പഠനത്തിലെ സംശയങ്ങൾ ദൂരീകരിക്കുവാനോ അറിയുമായിരുന്നില്ല. സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽ നിന്നും ,സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചു. വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു.
സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ നിന്നും ജില്ലാ കളക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല ; മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോൾ , ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോൾ , തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ , എല്ലാം- തന്റെ മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്