'ഇവിടെ വൈദ്യുതി ഇല്ല, പഠിക്കാൻ സൗകര്യങ്ങളൊന്നുമില്ല'; ഓൺലൈൻ ക്ലാസ് നഷ്ടമായി നിരവധി വിദ്യാർത്ഥികൾ

By Web TeamFirst Published Jun 15, 2020, 9:33 AM IST
Highlights

ടീച്ചർമാർ ലാപ്ടോപ്പ് കൊണ്ട് വന്ന് പഠിപ്പിക്കും. അരമണിക്കൂർ വീതമാണ് ക്ലാസ്. ഇവിടെ കറന്റൊന്നും ഇല്ലാത്തത് ഭയങ്കര ബുദ്ധിമുട്ടാണ്. പഠിക്കാൻ ബുദ്ധിമുട്ടാണ്. 

വയനാട്: സംസ്ഥാനത്ത് ഓൺലൈൻ ക്ലാസ്സുകൾ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഓൺലൈനായി പഠിക്കാൻ സൗകര്യമില്ലാത്ത നൂറ് കണക്കിന് വിദ്യാർത്ഥികളാണ് വയനാട്ടിലുള്ളത്. മുട്ടിൽ‌ പഞ്ചായത്തിലെ പത്താം വാർഡിലെ പാക്കംമടംകുന്ന് കോളനിയിലാണ്. ഇവിടെ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള യാതൊരു വിധ സംവിധാനങ്ങളും ഇവിടെ ലഭ്യമല്ല. ഈ കോളനിയിലെ താമസക്കാരെല്ലാം കൂടി സജ്ജമാക്കിയ ഒരു ചെറിയ ഷെഡ്ഡിലാണ് കുട്ടികൾക്ക് പഠിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. 

രണ്ട് അധ്യാപകരാണ് ഇവിടെ പഠിപ്പിക്കാനായി എത്തുന്നത്. ലാപ്ടോപ്പ് കൊണ്ടുവന്നാണ് അവർ പഠിപ്പിക്കുന്നത്. പാഠഭാ​ഗങ്ങൾ ഡൗൺലോഡ് ചെയ്തതിന് ശേഷം അവർ ഇവിടെ കൊണ്ടുവന്ന് കുട്ടികളെ പഠിപ്പിക്കും. എന്നാൽ ലാപ്ടോപ്പിലെ ചാർജ്ജ് തീർന്നാൽ പിന്നെ പഠിപ്പിക്കാൻ സാധ്യമല്ല. 'രണ്ട് ടീച്ചർമാർ ലാപ്ടോപ്പ് കൊണ്ട് വന്ന് പഠിപ്പിക്കും. അരമണിക്കൂർ വീതമാണ് ക്ലാസ്. ഇവിടെ കറന്റൊന്നും ഇല്ലാത്തത് ഭയങ്കര ബുദ്ധിമുട്ടാണ്. പഠിക്കാൻ ബുദ്ധിമുട്ടാണ്. കറന്റും അത്യാവശ്യമാണ്. ഫോൺ കിട്ടിയിരുന്നെങ്കിൽ എളുപ്പമായിരുന്നു.' വിദ്യാർത്ഥികൾ പറയുന്നു.

പ്ലാസ്റ്റിക് മേഞ്ഞ കുടിലുകളിലാണ് ഇവിടെയുള്ളവർ താമസിക്കുന്നത്. വൈദ്യുതി കൊടുക്കാൻ ഇന്നേവരെ അധികൃതർ തയ്യാറായിട്ടില്ല. അതിനുള്ള നടപടി വേണമെന്നാണ് ഇവരുടെ പ്രധാനപ്പെട്ട ആവശ്യം.'കുട്ടികൾക്ക് ഫോണോ ടിവിയോ ഒന്നുമില്ലാത്തത് പഠനം ബുദ്ധിമുട്ടാണ്. ഇതിന് മുമ്പ് നടത്തിയ ക്ലാസ്സും കുട്ടികൾക്ക് അറ്റൻഡ് ചെയ്യാൻ സാധിച്ചിട്ടില്ല. സർക്കാരിന്റെ ഭാ​ഗത്ത് നിന്നോ പഞ്ചായത്തിന്റെ ഭാ​ഗത്ത് നിന്നോ ഇതിനുള്ള യാതൊരു സൗകര്യങ്ങളും ചെയ്ത് തരുന്നില്ല.' മാതാപിതാക്കളിലൊരാൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

കാരാപ്പുഴ പദ്ധതി പ്രദേശത്താണ് ഇവർ താമസിക്കുന്നത്. ഇത് നേരത്തെ ഇറി​ഗേഷന് വേണ്ടി ഏറ്റെടുത്തിട്ടുള്ള സ്ഥലമാണ്. അതുകൊണ്ട് തന്നെ ഇവിടെ മറ്റൊന്നും ചെയ്ത് കൊടുക്കാൻ പറ്റില്ല എന്ന നിലപാടാണ് അധികൃ‍തർക്ക്. കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമെങ്കിലും ഏർപ്പെടുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഒന്നാം ക്ലാസ്സുമുതൽ പ്ലസ് ടൂ വരെയുള്ള കുട്ടികളാണ് ഇവിടെയുള്ളത്. അധികൃതർ തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ കുട്ടികളും മാതാപിതാക്കളും. 

click me!