ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ ഉച്ചകോടിയുടെ ഭാഗമായാണ് 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നത്. ഡിസംബര്‍ 21ന് ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിക്കും. 

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ചലനാത്മക സംരംഭകത്വ-ആശയ പ്ലാറ്റ് ഫോമായ 'ഇന്നൊവേഷന്‍ ട്രെയിന്‍' സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയായ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ (ഐഇഡിസി) ഉച്ചകോടിയുടെ ഭാഗമായാണ് 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നത്.

പ്രാദേശിക പ്രശ്നങ്ങള്‍ തിരിച്ചറിയാനും പ്രായോഗിക പരിഹാരത്തിനാവശ്യമായ ആശയങ്ങള്‍ രൂപപ്പെടുത്താനും സജ്ജീകരണങ്ങളുള്ള 'ഇന്നൊവേഷന്‍ ട്രെയിനില്‍' സംസ്ഥാനത്തുടനീളമുള്ള യുവസംരംഭകര്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് വരെ യാത്ര ചെയ്യും. ഡിസംബര്‍ 21 ന് ഉച്ചയ്ക്ക് 2 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുക. വിവിധ ജില്ലകളിലൂടെ കടന്നു പോകുന്ന 'ഇന്നൊവേഷന്‍ ട്രെയിന്‍' ഡിസംബര്‍ 22 ന് കാസര്‍കോഡ് നടക്കുന്ന ഐസിഡിസി ഉച്ചകോടിയോടനുബന്ധിച്ച് സമാപിക്കും.

'ഇന്നൊവേഷന്‍ ട്രെയിന്‍' ലെ ഓരോ കോച്ചും പ്രത്യേക വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഐഡിയേഷന്‍ സോണായി പ്രവര്‍ത്തിക്കും. പ്രോബ്ളം സ്റ്റേറ്റ്മെന്‍റ് ബോര്‍ഡുകള്‍, ഗൈഡഡ് ഡിസൈന്‍-തിങ്കിംഗ് സെഷനുകള്‍, റാപ്പിഡ് വാലിഡേഷന്‍ ടൂളുകള്‍, മെന്‍റര്‍ ഇന്‍ററാക്ഷന്‍ സ്ലോട്ടുകള്‍, ലൈവ് പിച്ച് കോര്‍ണറുകള്‍ എന്നിവ ഐഡിയേഷന്‍ സോണിന്‍റെ ഭാഗമാണ്. ഉപജീവനമാര്‍ഗ്ഗങ്ങള്‍, പൊതു സേവനങ്ങള്‍, കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കല്‍, കൃഷി, മത്സ്യബന്ധനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പ്രശനങ്ങള്‍ യാത്രയിലുടനീളം തിരിച്ചറിഞ്ഞ് പരിഹാരാശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കിതിലൂടെ അവസരം ലഭിക്കും.

സമൂഹത്തിന് ഗുണകരമാകുന്നതും നടപ്പിലാക്കാനാകുന്നതുമായ ഇരുന്നൂറോളം നൂതനാശയങ്ങള്‍ ഇതിലൂടെ രൂപപ്പെടുമെന്ന് കരുതുന്നു. ഇന്നൊവേഷന്‍ ട്രെയിനിന്‍റെ ഭാഗമായി രൂപപ്പെടുന്ന ആശയങ്ങള്‍ക്ക് ഉച്ചകോടിയിലെ പിച്ച് സെഷനുകള്‍, ഇന്നൊവേഷന്‍ ഷോകേസുകള്‍, ഫണ്ടിംഗ് ഏജന്‍സികളുമായുള്ള നെറ്റ് വര്‍ക്കിംഗ് എന്നിവയില്‍ മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുത്ത ആശയങ്ങള്‍ക്ക് വിദഗ്ധ മാര്‍ഗനിര്‍ദേശം, പ്രൂഫ്-ഓഫ്-കണ്‍സെപ്റ്റ് വികസനം, ഇന്‍കുബേഷന്‍ അവസരങ്ങള്‍ എന്നിവയും കെഎസ്‌യുഎം ലഭ്യമാക്കും.

പ്രാദേശിക തലത്തിലെ അടിസ്ഥാന പ്രശ്നങ്ങളെ യുവസംരംഭകര്‍ തിരിച്ചറിയുന്നതിനൊപ്പം പരിഹാര ആശയങ്ങളിലേക്കും വിപണി സാധ്യതകളിലേക്കും തുറക്കുന്ന പാതകളിലൊന്നാണ് 'ഇന്നൊവേഷന്‍ ട്രെയിന്‍' എന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂതനാശയക്കാര്‍ക്ക് ഇതിന്‍റെ ഭാഗമാകാനാകും.

എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളുന്നതും തുല്യപങ്കാളിത്തവും താഴെത്തട്ടിലുള്ള നവീകരണവും ഉറപ്പുവരുത്തുന്നതിനുമുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രതിബദ്ധത ഇത്തരം സംരംഭങ്ങളിലൂടെ ഉയര്‍ത്തിക്കാട്ടാനാകും. സമൂഹത്തിന് പ്രയോജനകരമായ നൂതനാശയങ്ങള്‍ കണ്ടെത്താന്‍ അടുത്ത തലമുറയെ ഇതിലൂടെ പ്രചോദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിരുദതലത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ട് കെഎസ്‌യുഎം ആവിഷ്കരിച്ച സംരംഭമാണ് ഐഇഡിസി. വിദ്യാര്‍ത്ഥി സംരംഭകരെ അവരുടെ ആശയങ്ങളും അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കാന്‍ സഹായിക്കുന്ന പ്രധാന ഉദ്യമമാണ് ഐഇഡിസി ഉച്ചകോടി. സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യ വികസനം തുടങ്ങി ഒട്ടനവധി മേഖലകളുടെ സംയോജനമാണിത്. വ്യവസായ നേതാക്കള്‍, വിവിധ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ തുടങ്ങിയവരുമായി വിദ്യാര്‍ത്ഥി സമൂഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള വേദിയുമുണ്ടാകും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപരിചയം നേടാനും കൂടുതല്‍ വിദഗ്ധരുമായി ആശയവിനിമയം നടത്താനും സാധിക്കും.

യുവജനങ്ങളില്‍ നൂതന ചിന്തകളും സംരംഭകത്വ കാഴ്ചപ്പാടുകളും വളര്‍ത്തുന്നതിനൊപ്പം കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സംരംഭകര്‍, വ്യവസായ വിദഗ്ധര്‍ എന്നിവരെ ഒരുമിപ്പിക്കുന്ന വേദിയാകും ഇത്. വിദ്യാര്‍ത്ഥികളുടെ ആശയങ്ങളെ പ്രായോഗിക സ്റ്റാര്‍ട്ടപ്പുകളായി വളര്‍ത്താനുള്ള അവസരങ്ങള്‍ ഒരുക്കി കേരളത്തിന്‍റെ സംരംഭക ഭാവി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഷം തോറും ഈ പരിപാടി സംഘടിപ്പിച്ചു വരുന്നത്.

സംസ്ഥാനത്തുടനീളമുള്ള 550-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 1000-ത്തിലധികം അധ്യാപകരും 10,000-ത്തിലധികം വിദ്യാര്‍ത്ഥികളും ഇതിന്‍റെ ഭാഗമാകും. കെഎസ്‌യുഎമ്മിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഐഇഡിസി സെന്‍ററുകള്‍, സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍, ഗവേഷകര്‍, വ്യവസായ വിദഗ്ധര്‍, നവോത്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കും.