കുട്ടികൾക്കുള്ള കൈത്തറി യൂണിഫോം വിതരണത്തിന് തയ്യാർ, പാഠപുസ്തകവിതരണം തുടരുന്നു

By Web TeamFirst Published May 28, 2021, 10:12 AM IST
Highlights

ഈവർഷം ബജറ്റിൽ 105 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വർഷം സ്‌കൂൾ തുറക്കാനായാൽ കൈത്തറി യൂണിഫോം നൽകാത്ത കുട്ടികൾക്ക് യൂണിഫോം അലവൻസായി 600 രൂപ നൽകും.

തിരുവനന്തപുരം: 2020-21 വർഷത്തിൽ സ്‌കൂൾ കുട്ടികൾക്ക് നൽകേണ്ട കൈത്തറി യൂണിഫോം കഴിഞ്ഞ അധ്യയനവർഷം അവസാനം എല്ലാ ഉപജില്ലകളിലും വിതരണകേന്ദ്രത്തിൽ എത്തിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഈ അധ്യയനവർഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 29ന് തിരുവനന്തപുരം മണക്കാട് ഗവ: സ്‌കൂളിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആകെ 9,39,107 കുട്ടികൾക്കുള്ള യൂണിഫോം വിതരണകേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. 39 ലക്ഷം മീറ്റർ തുണിയാണ് ഇതിനായി സജ്ജമായത്. ഈവർഷം ബജറ്റിൽ 105 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വർഷം സ്‌കൂൾ തുറക്കാനായാൽ കൈത്തറി യൂണിഫോം നൽകാത്ത കുട്ടികൾക്ക് യൂണിഫോം അലവൻസായി 600 രൂപ നൽകും. കൈത്തറി യൂണിഫോം നൽകുന്നത് ഒന്നുമുതൽ നാല്, ഒന്നുമുതൽ അഞ്ച്, ഒന്നുമുതൽ ഏഴ്്, അഞ്ചു മുതൽ ഏഴ് ക്ലാസുകൾ ഉള്ള സർക്കാർ സ്‌കൂളുകൾക്കും ഒന്നുമുതൽ നാല് വരെ ക്ലാസുകൾ ഉള്ള എയ്ഡഡ് സ്‌കൂളുകൾക്കുമാണെന്ന് മന്ത്രി പറഞ്ഞു.

ഈ അധ്യയനവർഷം 288 ടൈറ്റിലുകളിലായി 2.62 കോടി എണ്ണം ആദ്യവാല്യം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്. 13064 സൊസൈറ്റികൾ വഴിയാണ് പുസ്തകവിതരണം. കേരള സിലബസ് ഗവൺമെൻറ്/എയ്ഡഡ്/അൺ-എയ്ഡഡ് (അംഗീകൃത) സ്‌കൂളുകൾക്കാണ് വിതരണം. അച്ചടിയുടെയും വിതരണത്തിന്റെയും ചുമതല കെ.ബി.പി.എസിനാണ്.

കോവിഡ് മഹാമാരി രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യമാണെങ്കിലും പാഠപുസ്തക വിതരണത്തിന് പ്രത്യേക ഇളവ് ലഭിച്ചതിനാൽ മെയ് 24 മുതൽ വീണ്ടും വിതരണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ 70 ശതമാനത്തോളം ഒന്നാംവാല്യം പാഠപുസ്തകങ്ങളുടെ വിതരണം സ്‌കൂൾ സൊസൈറ്റികളിലേക്ക് പൂർത്തിയാക്കിയിട്ടുണ്ട്. ജൂൺ ഒന്നിനകം അടിയന്തിരമായി അച്ചടി പൂർത്തിയാക്കാമെന്ന് കെ.ബി.പി.എസ് ഉറപ്പുനൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ഹബ്ബുകളിലും ഹബ്ബുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകളിലും കെ.ബി.പി.എസ് പാഠപുസ്തകങ്ങൾ എത്തിക്കുകയും അവിടെനിന്ന് ചുമതലപ്പെടുത്തിയ കുടുംബശ്രീ യൂണിറ്റുകൾ മുഖേന വിവിധ സ്‌കൂൾ സൊസൈറ്റികളിൽ എത്തിച്ചുനൽകുകയാണ് ചെയ്യുന്നത്. സ്‌കൂളുകളിൽ എത്തിയ പുസ്തകങ്ങളുടെ വിതരണം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുന്ന മുറയ്ക്ക് പൂർത്തിയാക്കും. പാഠപുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 29ന് രാവിലെ 10ന് തിരുവനന്തപുരം മണക്കാട് ഗവ: ടി.ടി.ഐയിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!