കൊവിഡ് 19: സിവിൽ സർവ്വീസ് അഭിമുഖം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾ മാറ്റിവച്ചു

By Web TeamFirst Published Mar 21, 2020, 3:13 PM IST
Highlights

 മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടക്കേണ്ടിയിരുന്ന അഭിമുഖങ്ങളാണ് മാറ്റിവെച്ചത്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകളും മാറ്റിവെച്ചു. മാര്‍ച്ച് 17ന് ആരംഭിച്ച കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ നിര്‍ത്തിവെച്ചിരിക്കുകയാണ്. 

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിവില്‍ സര്‍വീസസ് അഭിമുഖം, സ്റ്റാഫ് സെലക്ഷന്‌ കമ്മീഷന്റെ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകൾ എന്നിവ മാറ്റിവെച്ചു. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടക്കേണ്ടിയിരുന്ന അഭിമുഖങ്ങളാണ് മാറ്റിവെച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച സിവില്‍ സര്‍വീസസ് അഭിമുഖം ഏപ്രിലില്‍ തീര്‍ക്കാനായിരുന്നു നേരത്തെ യു.പി.എസ്.സി തീരുമാനിച്ചിരുന്നത്. റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഏപ്രില്‍ 15 വരെയുള്ള വിവിധ ഇന്റര്‍വ്യൂകളും മാറ്റിവെച്ചതായി കമ്മീഷന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകളും മാറ്റിവെച്ചു. മാര്‍ച്ച് 17ന് ആരംഭിച്ച കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് 20 മുതല്‍ 28 വരെ എഴുതാന്‍ ഹാള്‍ടിക്കറ്റ് നല്‍കിയവര്‍ക്കുള്ള പുതിയ തീയതി കമ്മീഷന്‍ പിന്നീട് അറിയിക്കും. മാര്‍ച്ച് 30 മുതല്‍ നടത്താനിരുന്ന ജൂനിയര്‍ എന്‍ജിനീയര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. അറിയിപ്പുകള്‍ ലഭിക്കാനായി കമ്മീഷന്റെ വെബ്‌സൈറ്റ് (www.ssc.nic.in) സന്ദര്‍ശിക്കണമെന്നും നിര്‍ദേശമുണ്ട്.

നേരത്തെ മാര്‍ച്ച് 17 മുതല്‍ 28 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് 30 ലക്ഷത്തോളംപേര്‍ അപേക്ഷിച്ചിരുന്നു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെയായിരുന്നു ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷ നിശ്ചയിച്ചിരുന്നത്. രാജ്യത്താകമാനം ഇരുന്നൂറോളം പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നത് സുരക്ഷിതമല്ലെന്നാണ് അധികൃതരുടെ വിശദീകരണം.

click me!