ഇന്ത്യൻ വിദ്യാർ‍ത്ഥികൾ 'അമേരിക്കൻ ഡ്രീം' ഉപേക്ഷിക്കുന്നു? പുതിയ കണക്കുകൾ പുറത്ത്

Published : Oct 15, 2025, 12:48 PM IST
US education

Synopsis

യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്‌സിന്റെ പുതിയ കണക്കുകൾ പ്രകാരം അമേരിക്കയിൽ പഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 44% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ന്യൂയോർക്ക്: അമേരിക്കയിൽ പഠിക്കുകയെന്നത് പലരുടെയും സ്വപ്നമാണ്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ അമേരിക്കയുടെ സ്ഥാനം അത്രയ്ക്ക് വലുതാണ്. യൂറോപ്പിലെ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പ് നൽകുന്നുണ്ടെങ്കിലും അമേരിക്ക എക്കാലവും ഇന്ത്യക്കാരുടെ പ്രഥമ പരി​ഗണനയിൽ ഇടംനേടുന്ന രാജ്യമാണ്. എന്നാൽ, സമീപകാല കണക്കുകൾ പരിശോധിച്ചാൽ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ അമേരിക്കയോടുള്ള ആകർഷണം കുറയുകയാണെന്ന് വ്യക്തമാകും.

യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്‌സിന്റെ ഇന്റർനാഷണൽ ട്രേഡ് അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, ഈ വർഷം ഓഗസ്റ്റിൽ അമേരിക്കയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 41,540 ആണ്. എന്നാൽ, കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലെ കണക്കുകളെ അപേക്ഷിച്ച് അമേരിക്കയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 44% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 15% ആയി പരിമിതപ്പെടുത്താനും, ഒരു രാജ്യത്ത് നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം 5% ആയി നിജപ്പെടുത്താനും യു.എസ് ഭരണകൂടം സർവകലാശാലകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

വിസ കാലതാമസം, പഠനാനന്തര ജോലി അവസരങ്ങളുമായി ബന്ധപ്പെട്ട് വർദ്ധിച്ചുവരുന്ന അനിശ്ചിതത്വം, പുതിയ യാത്രാ നിയന്ത്രണങ്ങൾ, ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ഭരണപരിഷ്കാരങ്ങൾ എന്നിവ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വരവിനെ പിന്നോട്ടടിച്ചെന്നാണ് വിലയിരുത്തൽ. വിസ പ്രോസസ്സിംഗിലെ മന്ദഗതിയും കർശനമായ പരിശോധനയും മറ്റ് നടപടിക്രമങ്ങളും ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. അതേസമയം, അമേരിക്കയിലേയ്ക്ക് എത്തുന്ന മൊത്തം അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 23% കുറഞ്ഞുവെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ അമേരിക്കയിലുള്ള വിശ്വാസം നഷ്ടമാകുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

യുഎസ്-ചൈന ബന്ധം വഷളായതിനെ തുടർന്ന് അമേരിക്കയിൽ പഠിക്കാൻ ചൈനീസ് വിദ്യാർത്ഥികളും താത്പ്പര്യപ്പെടുന്നില്ലെന്നാണ് വിലയിരുത്തൽ. ആഫ്രിക്കയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏകദേശം മൂന്നിലൊന്ന് കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈയിലെ പുതിയ വിസ നിയമങ്ങളുടെ ഫലമായി ഘാനയിലും നൈജീരിയയിലും ഏകദേശം 50% കുറവ് അനുഭവപ്പെട്ടു. അതേസമയം, ഏഷ്യയും ആഫ്രിക്കയും അമേരിക്കയിലെ പഠനത്തോട് താത്പ്പര്യക്കുറവ് പ്രകടിപ്പിക്കുമ്പോഴും യൂറോപ്പ് സ്ഥിരത പുലർത്തുന്നുണ്ട്.

ന്യൂയോർക്കിലെ നയാഗ്ര സർവകലാശാലയിൽ 45% ഇടിവാണ് നേരിട്ടത്. ചിക്കാഗോയിലെ ഡി പോൾ സർവകലാശാലയിൽ പുതിയ ബിരുദ പ്രവേശനത്തിൽ 62% ഇടിവ് നേരിട്ടു. ഇത് ശമ്പളം വെട്ടിക്കുറയ്ക്കാനും നിയമനം മരവിപ്പിക്കാനും സർവകലാശാലകളെ നിർബന്ധിതരാക്കി. ഒഹായോ സ്റ്റേറ്റ് 38%, ഇന്ത്യാന യൂണിവേഴ്സിറ്റി 30% എന്നിങ്ങനെയാണ് മറ്റ് സര്‍വകലാശാലകളിലെ ഇടിവിന്റെ കണക്കുകൾ. നിലവിലുണ്ടാകുന്ന കുറവ് ഈ വർഷം മാത്രം യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് 7 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. എച്ച് 1 ബി വിസ ഫീസ് കുത്തനെ വർധിപ്പിച്ചതും അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ വര്‍ഷം യുഎസ് അനുവദിച്ച എച്ച് 1 ബി വിസകളില്‍ 71 ശതമാനവും ഇന്ത്യയ്ക്കുള്ളതായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു