
തിരുവനന്തപുരം: കാട്ടാക്കടയിലെ വിദ്യാസമ്പന്നരായ യുവതീ യുവാക്കൾക്ക് 1500ൽ അധികം തൊഴിലവസരങ്ങളുമായി അന്താരാഷ്ട്ര കമ്പനികളും സ്ഥാപനങ്ങളും. നാളെ (ഒക്ടോബർ 15) രാവിലെ 9.30ന് കിള്ളി പങ്കജ കസ്‌തൂരിയിലാണ് ജോബ് ഫെയർ. 50 ൽ അധികം മൾട്ടി നാഷണൽ കമ്പനികളും 30ൽ അധികം തദേശീയ കമ്പനികളും പങ്കെടുക്കും. 7000ത്തിലധികം ഉദ്യോഗാർത്ഥികളാണ് കാട്ടാക്കട വെബ്സൈറ്റ് മുഖേനയും കുടുംബശ്രീ വഴിയും രജിസ്റ്റർ ചെയ്തത്.
ഉദ്യോഗാർത്ഥികൾക്കായി കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും സമഗ്ര തൊഴിൽ പരിശീലന പരിപാടി നടത്തി. പള്ളിച്ചൽ, വിളവൂർക്കൽ, വിളപ്പിൽശാല, കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ പഞ്ചായത്തുകളിൽ മൂന്നു ദിവസങ്ങളിലായി നടന്ന മെഗാ ജോബ് ഓറിയൻ്റേഷൻ പരിശീലന പരിപാടിയിൽ 2000ത്തോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. തൊഴിൽ പരിശീലന രംഗത്തെ വിദഗ്ധർ ക്ളാസുകളെടുത്തു. ബയോഡേറ്റ തയ്യാറാക്കേണ്ട വിധവും അഭിമുഖത്തെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്നും ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി. പരമാവധിപ്പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷ് ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. അനിൽകുമാർ അധ്യക്ഷത വഹിക്കും. വിജ്ഞാനകേരളം ഡി.എം.സി ജിൻരാജ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കില ഡയറക്ടർ എ. നിസാമുദ്ദീൻ ഐ.എ.എസ്, പങ്കജ കസ്തൂരി ഡോ. ജെ. ഹരീന്ദ്രൻ നായർ, കേരള നോളെജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല, നേമം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻ്റ് എസ്. കെ. പ്രീജ, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ലാലി മുരളി, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷണൻ, കാട്ടാക്കട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. വിജയകുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗം വി.ജെ സുനിത, ട്രിവാൻഡ്രം ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് സി.ഇ.ഒ രാജമോഹൻ തുടങ്ങിയവർ പങ്കെടുക്കും.