റഷ്യയിൽ മെഡിസിൻ ബിരുദം പൂർത്തിയാക്കി വിജയലക്ഷ്മി; ഇന്ത്യയിലെ യോഗ്യതപരീക്ഷക്കൊരുങ്ങി മീൻവെട്ട് തൊഴിലാളിയുടെ മകൾ

By Web TeamFirst Published May 25, 2022, 11:28 AM IST
Highlights

ജീവിത സാഹചര്യങ്ങളോട് പൊരുതുന്ന എല്ലാ സ്ത്രീകൾക്കും പ്രചോദനമാണ് വിജയലക്ഷ്മിയും മത്സ്യച്ചന്തയിലെ  മീൻവെട്ട് തൊഴിലാളിയായ അവളുടെ അമ്മ രമണിയും.

ചെന്നൈ: തമിഴ്നാട്ടിലെ മയിലാടുതുറയിൽ വിജയലക്ഷ്മി (Vijayalakshmi) എന്ന പെൺകുട്ടി ഡോക്ടറാകാൻ ഒരുങ്ങുകയാണ്. റഷ്യയിൽ മെ‍ഡിക്കൽ ബിരുദം (Medical Degree) പൂർത്തിയാക്കിയതിന് ശേഷം യോഗ്യതാ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് വിജയലക്ഷ്മി. ഇതിലെന്താണിത്ര വിശേഷമെന്നറിയാൻ ഈ വാർത്ത കാണണം. ജീവിത സാഹചര്യങ്ങളോട് പൊരുതുന്ന എല്ലാ സ്ത്രീകൾക്കും പ്രചോദനമാണ് വിജയലക്ഷ്മിയും മത്സ്യച്ചന്തയിലെ  മീൻവെട്ട് തൊഴിലാളിയായ അവളുടെ അമ്മ രമണിയും.

24 വർഷമായി മയിലാടുതുറ മുനിസിപ്പൽ മാർക്കറ്റിലെ മീൻവെട്ട് തൊഴിലാളിയാണ് രമണി. ഭർത്താവ് നേരത്തേ മരിച്ചു. മകൻ രവിചന്ദ്രൻ കുട്ടിക്കാലം മുതലേ രക്തധമനികൾ ചുരുങ്ങുന്ന രോഗത്തിനടിമ. മകന്‍റെ ചികിത്സയ്ക്കും വിജയലക്ഷ്മിയുടെ പഠനത്തിനുമെല്ലാം ആശ്രയം മത്സ്യച്ചന്തയിലെ തൊഴിൽ മാത്രമായിരുന്നു. മീൻ വെട്ടിക്കൊടുക്കുമ്പോൾ കിട്ടുന്ന അഞ്ചും പത്തും രൂപയിൽ നിന്ന് സ്വരുക്കൂട്ടി രമണി മകളെ പഠിപ്പിച്ചു.

വിദേശ പഠനം: കോഴ്സുകൾ, സ്കോളര്ഷിപ്പുകൾ, കോളേജുകൾ

നിത്യരോഗിയായ രവിചന്ദ്രനേയും കൊണ്ട് എല്ലാ മാസവും ആശുപത്രിയിൽ പോകണം. ആശുപത്രി കണ്ടുകണ്ടാണ് വിജയലക്ഷ്മിക്ക് ഡോക്ടറാകണമെന്ന ആശ തോന്നിയത്. അമ്മയുടെ അവസ്ഥ അറിയാവുന്നതുകൊണ്ട് അവളത് ആരോടും പറഞ്ഞില്ല. ഒരിക്കൽ ആശുപത്രിയിൽ പോയി തിരികെ വീട്ടിലെത്തിയപ്പോൾ വിജയലക്ഷ്മി നിയന്ത്രണം വിട്ട് കരഞ്ഞുപോയി.

''ഒരിക്കൽ വയ്യാത്ത അണ്ണനേയും കൊണ്ട് ആശുപത്രിയിൽ പോയപ്പോൾ അവിടെ മെഡിക്കൽ വിദ്യാർത്ഥികളെ കണ്ട് ഞാൻ താങ്ങാനാകാതെ കരഞ്ഞുപോയി. അമ്മ കാര്യം തിരക്കിയപ്പോൾ ഇങ്ങനെയൊരു ആശയെനിക്കുണ്ട്, നമ്മളെക്കൊണ്ട് ആവില്ലല്ലോ എന്ന് കരുതി പറയാതിരുന്നതാണ്'' എന്ന് പറഞ്ഞു. ആശുപത്രിയിൽ കണ്ട മെഡിക്കൽ വിദ്യാർത്ഥികളെപ്പോലെ ഒരാളാകാൻ ഒരിക്കലും തനിക്ക് വിധിയില്ലെന്ന മകളുടെ സങ്കടം അമ്മ തിരുത്തി. താമസിച്ചിരുന്ന വീടും പൊന്നും പൊട്ടും പൊടിയുമെല്ലാം പെറുക്കി വിറ്റ് രമണി മകളെ മെഡിസിൻ പഠിക്കാൻ റഷ്യയിലേക്കയച്ചു.

വിരമിച്ച ഉദ്യോ​ഗസ്ഥർക്ക് തൊഴിലവസരമൊരുക്കി എസ്ബിഐ; 600 ലധികം ചാനൽ മാനേജർമാർ

''ദൈവം എനിക്ക് രണ്ട് കൈകൾ തന്നിട്ടുണ്ട്. എന്‍റെ കാലിനെന്തെങ്കിലും പറ്റിയാലും കൈകൾക്ക് ഒന്നും വരരുതെന്ന പ്രാർത്ഥനയേ ഉള്ളൂ. മകൾ ഒരു നിലയാകുംവരെ ജോലി ചെയ്തേ തീരൂ.'' രമണി പറയുന്നു, പഠനം പൂർത്തിയാക്കി തിരികെയെത്തിയ വിജയലക്ഷ്മി ഇപ്പോൾ റഷ്യൻ മെഡിക്കൽ ബിരുദത്തിന് ഇന്ത്യയിലെ അംഗീകാരത്തിനായുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. വിജയലക്ഷ്മിക്ക് ഇനിയൊരു സ്വപ്നമുണ്ട്. ''ഈ ജോലി ചെയ്താൽ ഒരുപാടു പേരെ സഹായിക്കാനാകും. അമ്മ ഒരുപാട് കഷ്ടപ്പെട്ടു. അമ്മയെ നന്നായി നോക്കണം. രമണിയുടെ മകൾ ഡോക്ടറാണ് എന്ന് നാട്ടുകാർ പറയുന്നത് അമ്മ കേട്ട് സന്തോഷിക്കണം.''

click me!