'വിജ്ഞാന കേരളം' ജനകീയ ക്യാമ്പയിന്‍; കോഴിക്കോട് ജില്ലയില്‍ 13,478 തൊഴിലവസരങ്ങള്‍ കണ്ടെത്തി

Published : Oct 09, 2025, 05:50 PM IST
Students

Synopsis

വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിലൂടെ കോഴിക്കോട് ജില്ലയില്‍ 13,478 തൊഴിലവസരങ്ങള്‍ കണ്ടെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 38 തൊഴില്‍ മേളകള്‍ നടന്നു. 

കോഴിക്കോട്: സംസ്ഥാനത്തെ തൊഴില്‍ദാതാക്കളെയും തൊഴിലന്വേഷകരെയും ഏകോപിപ്പിച്ച് പുതിയ തൊഴില്‍ വിപ്ലവത്തിന് തുടക്കമിടുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിലൂടെ കോഴിക്കോട് ജില്ലയില്‍ 13,478 തൊഴിലവസരങ്ങള്‍ കണ്ടെത്തി. വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളെ ലക്ഷ്യമിട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴില്‍മേളകളും നടന്നുവരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 38 തൊഴില്‍ മേളകള്‍ നിലവില്‍ പൂര്‍ത്തിയായി. പ്രാദേശിക ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനവും നടക്കുന്നുണ്ട്. ഇവയിലൂടെയെല്ലാം ജില്ലയില്‍ 3,672 പേര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ചു. 1,293 പേരെ വിവിധ തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടികയിലും ഉള്‍പ്പെടുത്തി.

കോര്‍പ്പറേഷനില്‍ വി-ലിഫ്റ്റ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ നടക്കുന്നത്. ഒക്ടോബര്‍ 11ന് കല്ലൂത്താന്‍ കടവില്‍ പുതുതായി നിര്‍മിച്ച വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ വെച്ചാണ് കോര്‍പ്പറേഷന്‍തല ജോബ് ഫെയര്‍ നടക്കുന്നത്. ജില്ലയിലെ ബ്ലോക്ക്, മുനിസിപ്പല്‍ തലങ്ങളിലെ ഒന്നാംഘട്ട ജോബ് ഫെയറുകള്‍ ഒക്ടോബര്‍ 23ന് പൂര്‍ത്തിയാകും. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല തൊഴില്‍ മേള ഒക്ടോബര്‍ 26ന് കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും നടക്കും.

ഇതിനകം കണ്ടെത്തിയവക്ക് പുറമെ കൂടുതല്‍ തൊഴിലുകള്‍ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ തുടരുകയാണ്. ഈ തൊഴിലുകളിലേക്ക് ആവശ്യമായ തൊഴിലന്വേഷകരെ കണ്ടെത്തുന്നതിനും കുറഞ്ഞത് 15,000 പേര്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാക്കുന്നതിനുമുള്ള പ്രവര്‍ത്തനമാണ് ജില്ലയില്‍ നടന്നുവരുന്നതെന്ന് വിജ്ഞാന കേരളം ജില്ലാ കോഓഡിനേറ്റര്‍ ഡോ. എം ജി സുരേഷ് കുമാര്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ തന്നെ ലക്ഷ്യം മറികടക്കാനാവുമെന്നാണ് പ്രതീക്ഷ.

തൊഴിലന്വേഷകരെ കണ്ടെത്തുന്നതും തൊഴില്‍മേളകളിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡി.ഡബ്ല്യൂ.എം.എസിലൂടെയാണ്. ഈ പോര്‍ട്ടലില്‍ ജില്ലയിലെ തൊഴില്‍ ആവശ്യമായ 1,35,000 ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, രജിസ്റ്റര്‍ ചെയ്ത പലരും തൊഴില്‍ ലഭിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നില്ല. അതിനാല്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരെയും ബന്ധപ്പെട്ട് അടിയന്തരമായി ജോലി ആവശ്യമായവരെ പ്രത്യേകം കണ്ടെത്തുന്ന പ്രവര്‍ത്തനവും നടക്കുന്നുണ്ട്. കുടുംബശ്രീ സിഡിഎസുകളിലെ കമ്യൂണിറ്റി അംബാസഡര്‍മാര്‍ വഴിയും ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളിലായുള്ള 20 ജോബ് സ്റ്റേഷനുകള്‍ വഴിയുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലയില്‍ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റും നിലവിലുണ്ട്. ഇത്തരത്തില്‍ 31,190 പേരെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇവരെ വിവിധ തൊഴില്‍മേളകളില്‍ പങ്കെടുപ്പിക്കുന്നതിനുള്ള ഇടപെടലുകളാണ് വിജ്ഞാനകേരളം കാമ്പയിന്റെ ഭാഗമായി നടന്നുവരുന്നത്.

വൈജ്ഞാനിക സമ്പദ്വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിലെ പ്രധാന സംരംഭമാണ് വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്‍. സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങളുമായി നൈപുണ്യ വികസനവും തൊഴിലവസര സൃഷ്ടിയും സമന്വയിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. തൊഴിലന്വേഷകരെ അണിനിരത്തി തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുക, തൊഴിലിനാവശ്യമായ നൈപുണ്യ വികസന പരിപാടികള്‍ നടപ്പാക്കുക എന്നിവ ഇതിലൂടെ നടക്കുന്നു. കെ-ഡിസ്‌ക്, നോളജ് ഇകോണമി മിഷന്‍ തുടങ്ങി തൊഴില്‍ മേഖലയില്‍ ഇടപെട്ടുവരുന്ന എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും ക്യാമ്പയിന്റെ ഭാഗമാണ്. കുടുംബശ്രീ മിഷനാണ് ഈ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം