'ഞാനോ അവരോ ജീവിതത്തിൽ തോറ്റു പോയിട്ടില്ല'; അന്ന് അച്ഛന് കിട്ടിയ സ്കോളർഷിപ്പ് ഇന്ന് മകൾക്കും; വൈറലായി കുറിപ്പ്

By Web TeamFirst Published Jul 21, 2020, 4:41 PM IST
Highlights

താല്ക്കാലികമായി 80 ൽ 48 മാർക്ക് കിട്ടിയില്ല എന്നത് കൊണ്ട് ആ കുട്ടികളാരും മോശക്കാരാകുന്നില്ല. തോറ്റുപോയവരെ ചേർത്തുപിടിക്കാനും കരുത്ത് പകരാനും അധ്യാപകരും സമൂഹവും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.


തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പുകളുടെ ഫലം പ്രസിദ്ധീകരിച്ചത്. നിരവധി കുട്ടികളാണ് മികച്ച വിജയവുമായി രം​ഗത്തെത്തിയത്. വിജയിക്കാത്തവരുമുണ്ട് ഇക്കൂട്ടത്തിൽ. എന്നാൽ പരീക്ഷകളിലെ ജയപരാജയങ്ങളല്ല ജീവിതം തീരുമാനിക്കുന്നെന്ന് വെളിപ്പെടുത്തുന്ന ഒരു ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നുണ്ട്. മകൾ സഫ നിലോഫറിന് എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അബ്ദുൾ സക്കീർ എന്ന വ്യക്തി. 

മകൾക്ക് ലഭിച്ച എൽഎസ്എസ് സ്കോളർഷിപ്പ് 27 വർഷം മുമ്പ് തനിക്ക് ലഭിച്ചിരുന്നു എന്ന് തന്റെ കുറിപ്പിൽ അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഒപ്പം അന്നത്തെ പത്രവാർത്തയും ചേർത്തിട്ടുണ്ട്. ഈ ഫേസ്ബുക്ക് കുറിപ്പിന്റെ പ്രത്യേകതയും അത് തന്നെയാണ്. '25 കുട്ടികൾ പരീക്ഷയെഴുതിയതിൽ ‌
13 പേർക്ക് മാത്രമാണ് സ്കോളർഷിപ്പ് കിട്ടിയത്‌. താല്ക്കാലികമായി 80 ൽ 48 മാർക്ക് കിട്ടിയില്ല എന്നത് കൊണ്ട് ആ കുട്ടികളാരും മോശക്കാരാകുന്നില്ല.' തോറ്റുപോയവരെ ചേർത്തുപിടിക്കാനും കരുത്ത് പകരാനും അധ്യാപകരും സമൂഹവും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അബ്ദുൽ സക്കീർ കുറിച്ചിരിക്കുന്നു. 

''27 വർഷം മുമ്പ് മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിൽ വച്ച് LSS നേടിയ എന്റെ ഫോട്ടോ കൂടെ വെക്കുന്നു. 9 പേർ എഴുതിയിട്ട് 2 പേർക്കാണ് ലഭിച്ചത്. അന്ന് LSS നേടിയ ഞാൻ SSLC തേഡ് ക്ലാസിലാണ് പാസായത്. ഇന്ന് ജീവിക്കുന്നത് പാചകക്കാരനായിട്ടാണ്. അന്ന് കിട്ടാതെ പോയ 7 പേരിൽ 4 പേർ ഡിസ്റ്റിംഗ് ഷനോടെയാണ് ട ട Lc പാസായത്. എല്ലാവരും അധ്യാപകരായോ സർക്കാർ ഉദ്യോഗസ്ഥരായോ ഉയർന്ന ശമ്പളം പറ്റുന്ന പ്രൊഫഷനലുകളയോ ജീവിക്കുന്നു. ഞാനോ അവരോ ആരും തന്നെ ജീവിതത്തിൽ തോറ്റു പോയിട്ടില്ല. ഇന്നൊരു ദിവസമെങ്കിലും ഹൃദയ വേദന അനുഭവിക്കുന്ന പിഞ്ചു മക്കൾക്കും അവർക്ക് കരുത്തു പകരുന്നതിന് പകരം കുത്തി നോവിക്കാൻ സാധ്യതയുള്ള ചെറിയ ശതമാനം രക്ഷിതാക്കൾക്കും മുൻപിൽ എന്റെ ജീവിതം ഞാൻ തുറന്നു വെക്കുന്നു.'' അബ്ദുൾ സക്കീറിന്റെ കുറിപ്പിലെ വരികളാണിത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

മകൾക്ക് (സഫ നിലോഫർ ) LSS കിട്ടി. നിറഞ്ഞ സന്തോഷം ... മുന്നോട്ടുള്ള പ്രയാണത്തിൽ ആത്മവിശ്വാസമേകാനിടയുള്ള ഈ വിജയത്തിന് അവൾക്ക് അഭിനന്ദനങ്ങൾ...

വടകര ശിവാനന്ദ വിലാസം ജെ ബി യിലാണ് മകൾ പഠിച്ചത്. അവളുടെ അധ്യാപകരോടും നന്ദി പറയുന്നു.25 കുട്ടികൾ എഴുതിയതിൽ 13 പേർക്കാണ് അവിടെ LSS കിട്ടിയത്. നന്നായി മികവ് പുലർത്തുന്നവരായത് കൊണ്ടാണ് 25 പേർ ഈ പരീക്ഷ എഴുതാൻ തെരഞ്ഞെടുക്കപ്പെട്ടത് എന്ന് കരുതുന്നു. താല്ക്കാലികമായി 80 ൽ 48 മാർക്ക് കിട്ടിയില്ല എന്നത് കൊണ്ട് ആ കുട്ടികളാരും മോശക്കാരാകുന്നില്ല.  മകൾക്ക് അഭിനന്ദനം നേരാൻ വിളിച്ച അധ്യാപികയോട് ഞാൻ പറഞ്ഞത് ആദ്യം ഒന്നോ രണ്ടോ മാർക്കിൽ LSS നഷ്ടപ്പെട്ട ആ മക്കളെ വിളിക്കാനാണ്.

സ്കൂളുകൾ തമ്മിലും അധ്യാപകർ തമ്മിലും രക്ഷിതാക്കൾ തമ്മിലും വളർന്നു വരുന്ന ആരോഗ്യപരമോ / അനാര്യോഗ്യപരമോ ആയ മത്സരങ്ങൾക്കിടയിൽ LSS/ USS തുടങ്ങിയ പരീക്ഷകൾക്ക് നല്കാൻ തുടങ്ങിയ അമിത പ്രാധാന്യത്തെയും .അത് നേടുന്ന കുട്ടികൾക്ക് നൽകുന്ന അമിതമായ സാമൂഹിക ലാളനകളെയും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഫേസ്ബുക്കിലും വാട്സ് ആപ്പിലും പ്രവഹിക്കുന്ന ആശംസാപ്രവാഹങ്ങളും ... സ്കൂൾ മതിലിലും സ്കൂൾ ബസിലും പ്രദർശിപ്പിക്കാനിടയുള്ള അഭിനന്ദന ഫ്ലക്സുകളും റസിഡൻസ് അസോസിയേഷനുകളിലും വായനശാലകളിലും നടക്കാൻ പോകുന്ന അനുമോദന യോഗങ്ങളും രക്ഷിതാക്കൾ നല്കാൻ പോകുന്ന ഗിഫ്റ്റുകളും പാർട്ടികളുമെല്ലാം സ്കോളർഷിപ്പ് നേടിയ കുട്ടികളിൽ അമിത ആത്മവിശ്വാസം ഉണ്ടാക്കാനേ ഉപകരിക്കൂ.....
കൂട്ടത്തിൽ നിന്ന് മോശക്കാരൻ / മോശക്കാരി എന്ന് ചിത്രീകരിച്ച് മാറ്റി നിർത്തുന്ന നിർഭാഗ്യവശാൽ പിന്തള്ളപ്പെട്ടു പോയ പ്രതിഭകളുടെ ഹൃദയത്തിൽ ഇത്തരം കാട്ടിക്കൂട്ടലുകളുണ്ടാക്കാനിടയുള്ള ഉണങ്ങാത്ത മുറിവും നിരാശാബോധവും ഒരു പക്ഷേ നാളെ ഏറ്റവും മികച്ചതാകാനിടയുള്ള സമർത്ഥനായ ഒരു വിദ്യാർഥിയെ / മനുഷ്യനെ നമുക്ക് നഷ്ടപ്പെടുത്താനേ ഉപകരിക്കൂ...

അതിനാൽ അവരെ ചേർത്ത് പിടിക്കാനും കരുത്ത് പകരാനും അധ്യാപകരും രക്ഷിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്.

വാൽക്കഷണം :
27 വർഷം മുമ്പ് മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിൽ വച്ച് LSS നേടിയ എന്റെ ഫോട്ടോ കൂടെ വെക്കുന്നു. 9 പേർ എഴുതിയിട്ട് 2 പേർക്കാണ് ലഭിച്ചത്. അന്ന് LSS നേടിയ ഞാൻ SSLC തേഡ് ക്ലാസിലാണ് പാസായത്. ഇന്ന് ജീവിക്കുന്നത് പാചകക്കാരനായിട്ടാണ്. അന്ന് കിട്ടാതെ പോയ 7 പേരിൽ 4 പേർ ഡിസ്റ്റിംഗ് ഷനോടെയാണ് ട ട Lc പാസായത്. എല്ലാവരും അധ്യാപകരായോ സർക്കാർ ഉദ്യോഗസ്ഥരായോ ഉയർന്ന ശമ്പളം പറ്റുന്ന പ്രൊഫഷനലുകളയോ ജീവിക്കുന്നു. ഞാനോ അവരോ ആരും തന്നെ ജീവിതത്തിൽ തോറ്റു പോയിട്ടില്ല.

ഇന്നൊരു ദിവസമെങ്കിലും ഹൃദയ വേദന അനുഭവിക്കുന്ന പിഞ്ചു മക്കൾക്കും അവർക്ക് കരുത്തു പകരുന്നതിന് പകരം കുത്തി നോവിക്കാൻ സാധ്യതയുള്ള ചെറിയ ശതമാനം രക്ഷിതാക്കൾക്കും മുൻപിൽ എന്റെ ജീവിതം ഞാൻ തുറന്നു വെക്കുന്നു........

'അവരെ തുറന്നു വിടുക....
സ്വതന്ത്രരായി....
അവരുടെ ആകാശം ....
.അവർ കണ്ടെത്തുക തന്നെ ചെയ്യും.....

LSS ഉം USS ഉം എഴുതാൻ ഭാഗ്യം ലഭിച്ച എല്ലാ കുഞ്ഞു മക്കൾക്കും അഭിനന്ദനങ്ങൾ.......


 

click me!