'കുറുക്കുവഴികളില്ല; കഠിനാധ്വാനം മാത്രം'; ഐഎഫ്എസ് പതിനാറാം റാങ്കിന്‍റെ തിളക്കവുമായി വിഷ്ണുദാസ്

Sumam Thomas   | Asianet News
Published : Mar 06, 2020, 01:53 PM ISTUpdated : Mar 06, 2020, 03:18 PM IST
'കുറുക്കുവഴികളില്ല; കഠിനാധ്വാനം മാത്രം'; ഐഎഫ്എസ് പതിനാറാം റാങ്കിന്‍റെ തിളക്കവുമായി വിഷ്ണുദാസ്

Synopsis

'അധ്വാനത്തിന് മികച്ച ഫലം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്.' വിജയത്തിളക്കത്തെക്കുറിച്ച് വിഷ്ണുദാസിന്റെ വാക്കുകൾ. 

എറണാകുളം: 'കഠിനമായി പരിശ്രമിക്കുക എന്നതല്ലാതെ വിജയത്തിലേക്ക് മറ്റു കുറുക്കുവഴികൾ ഒന്നുമില്ല.' പറയുന്നത് എറണാകുളം ജില്ലയിലെ പിറവം രാമമം​ഗലം ഊരമന സ്വദേശി വിഷ്ണുദാസ്. ഐഎഫ്എസ് പരീക്ഷയുടെ വിജയത്തിളക്കം നൽകിയ അനുഭവത്തിൽ നിന്നാണ് വിഷ്ണുദാസിന്റെ ഈ വാക്കുകൾ. യുപിഎസ്‍സി പ്രസിദ്ധീകരിച്ച ഐഎഫ്എസ് റാങ്ക്ലിസ്റ്റിൽ പതിനാറാമനാണ് വിഷ്ണുദാസ്.  ഈ മാസം 19 ന് നടക്കുന്ന ഐഎഎസ് അവസാനഘട്ട അഭിമുഖത്തിനായി തയ്യാറെടുപ്പ് നടത്തുന്ന അവസരത്തിലാണ് ഈ വാർത്ത എത്തിയത് എന്നത് ഈ വിജയത്തിന്റെ തിളക്കമേറ്റുന്നുണ്ട്. കേരളത്തിൽ നിന്ന് മറ്റ് നാലുപേർക്ക് കൂടി ഐഎഫ്എസ് ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിലും ഒന്നാമൻ വിഷ്ണുദാസ് തന്നെയാണ്. 

ഊരമന മഞ്ഞപ്പിള്ളിക്കാട്ടിൽ എം.സി. ദാസിന്റെയും ബിന്ദുവിന്റെയും മകനാണ് വിഷ്ണുദാസ്. പാമ്പാക്കുട അഡ്വഞ്ചർ പബ്ളിക് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കടയിരുപ്പ് സെയ്ന്റ് പീറ്റേഴ്‌സിൽ നിന്ന് പ്ലസ് ടു പാസ്സായി. കോഴിക്കോട് എൻ.ഐ.ടി.യിൽ നിന്ന് ബി.ടെക്കും ദില്ലി ഐ.ഐ.ടി.യിൽ നിന്ന്  എം.ടെക്കും പാസ്സായി. ദില്ലിയിൽ എംടെകിന് പഠിക്കുന്ന സമയത്ത് തന്നെ സിവിൽ സർവ്വീസ് പരിശീലനത്തിന് ചേർന്നതായി വിഷ്ണു പറയുന്നു. അവിടെ നിന്ന് കോഴ്സ് കഴിഞ്ഞ് തിരുവനന്തപുരം ഐലേൺ അക്കാദമിയിൽ ചേർന്ന് പഠനം തുടർന്നു. കഴിഞ്ഞ ഫെബ്രുവരി 11 നാണ് ഐഎഫ് എസിന്റെ അഭിമുഖം കഴിഞ്ഞത്. മാർച്ച് 19 ന് നടക്കുന്ന സിവിൽ സർവ്വീസ് അവസാനഘട്ട അഭിമുഖത്തിനായുള്ള ഒരുക്കത്തിലാണ് ഈ ചെറുപ്പക്കാരൻ.

''ഇത്രയും മികച്ച വിജയം നേടാൻ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പഠനം കഴി‍ഞ്ഞ് ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു. ജോലി ശരിയാകാത്ത ടെൻഷനുമുണ്ടായിരുന്നു. അധ്വാനത്തിന് മികച്ച ഫലം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്.'' വിജയത്തിളക്കത്തെക്കുറിച്ച് വിഷ്ണുദാസിന്റെ വാക്കുകൾ. ''ചെറുപ്പത്തിൽ തന്നെ അറിവ് നേടാനുള്ള മാർ​ഗങ്ങൾ സ്വീകരിക്കണം എന്നാണ് എന്റെ അഭിപ്രായം. കറന്റ് അഫയേഴ്സിനെക്കുറിച്ച് വ്യക്തമായ ധാരണ യുണ്ടായിരിക്കുക, എല്ലാ ദിവസവും പത്രം വായിക്കുക എന്നതൊക്കെ വളരെ പ്രധാനമാണ്. വായന കുറവായ‍തിന്റെ ബുദ്ധിമുട്ടുകൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പരീശീലന സമയത്ത് കൂടുതൽ വായിക്കേണ്ടതായി വന്നു. പക്ഷേ ചെറുപ്പം മുതൽ അത്തരം ശീലങ്ങൾ പിന്തുടർന്നാൽ പിന്നീട് ബുദ്ധിമുട്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.'' മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോ​ഗാർത്ഥികളോട് വിഷ്ണു ദാസിന് പറയാനുള്ളത് ഇതാണ്.  

രാമമം​ഗലം ഊരമന സ്വദേശിയായ ദാസിന്റെയും ബിന്ദുവിന്റെയും രണ്ട് മക്കളിൽ മൂത്തയാളാണ് വിഷ്ണു. വിഷ്ണുവിന്റെ അച്ഛൻ ദാസ് പൈനാപ്പിള്‍ കർഷകനാണ്  അമ്മ ബിന്ദു വീട്ടമ്മയും. ഇത്രയും വലിയൊരു വിജയത്തിലേക്ക് തന്നെ കൈപിടിച്ച് നടത്തിയത് അച്ഛനും അമ്മയുമാണെന്ന് വിഷ്ണു പറയുന്നു. എല്ലാ ക്രെഡിറ്റും നൽകുന്നത് അവർക്കാണ്. മൂവാറ്റുപുഴ നിർമല കോളേജിൽ അവസാന വർഷ ബി.കോം. വിദ്യാർഥിനിയാണ് സഹോദരി ചന്ദന ദാസ്.


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു