
ആലപ്പുഴ: ചേര്‍ത്തല ശ്രീനാരായണ ബോയ്സ് സ്‌കൂളിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ക്ലാസ് മുറികള്‍ താത്കാലികമായി സജ്ജീകരിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍ ഷൈല പറഞ്ഞു. യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി ആകെ 13 ക്ലാസ് മുറികളാണ് വേണ്ടത്. നിലവില്‍ ഉപയോഗക്ഷമമായ ഏഴു ക്ലാസ് മുറികളുണ്ട്. ബാക്കി അഞ്ചു ക്ലാസുകള്‍ ഡി.ഇ.ഒ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഹാളിനുള്ളില്‍ താത്കാലിമായി സജ്ജീകരിക്കാന്‍ ഇന്നലെ സ്‌കൂളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
നിലവിലെ ക്ലാസ് മുറികളില്‍ നിന്നുള്ള ബെഞ്ചുകളുടെയും ഡെസ്‌കുകളുടെയും ഉപയോഗക്ഷമത ഉറപ്പാക്കി ഈ ക്ലാസ് മുറികളില്‍ ക്രമീകരിക്കും. രക്ഷിതാക്കളുടെ സഹകരണത്തോടെ സ്‌കൂള്‍ പരിസരം ശുചികരിക്കും. സ്‌കൂളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പിന്തുണ ഉറപ്പാക്കുന്നതിന് അടിയന്തിരമായി സ്‌കൂള്‍ വികസന സമിതി രൂപീകരിക്കും. രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, പ്രദേശത്തെ വ്യാപാരികള്‍, മറ്റ് അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ പങ്കാളിത്തം സമിതിയില്‍ ഉറപ്പാക്കും.
സ്‌കൂള്‍ വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഒരു കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. മുനിസിപ്പല്‍ കൗണ്‍സിലര്‍ രാജശ്രീ ജ്യോതിസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രസന്നന്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.