14ാം വയസില്‍ കോടിപതി, എംബിബിഎസിന് പിന്നാലെ ഐപിഎസ്; മോഹിപ്പിക്കും ഈ 33കാരന്‍റെ നേട്ടങ്ങള്‍

By Web TeamFirst Published May 28, 2020, 3:52 PM IST
Highlights

2001ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കോന്‍ ബനേഗാ ക്രോര്‍പതി ജൂനിയറില്‍ സാഹ്നി പങ്കെടുക്കുന്നത്. ഒരു കോടി വിജയത്തിലെത്താനായി 15 ചോദ്യങ്ങള്‍ക്കായിരുന്നു സാഹ്നി അന്ന് കൃത്യമായി മറുപടി നല്‍കിയത്

അഹമ്മദാബാദ്: പോര്‍ബന്ദര്‍ എസ് പിയായി നിയമനം ലഭിച്ച് 2001ല്‍ പതിനാലാം വയസില്‍ കോന്‍ ബനേഗാ ക്രോര്‍പതി ജൂനിയര്‍ വിജയം കരസ്ഥമാക്കിയ രാജസ്ഥാന്‍ സ്വദേശി. രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശിയായ രവി മോഹന്‍ സാഹ്നിയാണ് മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വ്വീസ് നേടിയത്. 2014ല്‍ ഗുജറാത്ത് കേഡറില്‍ ഐപിഎസ് ഉദ്യോഗസ്ഥനായി എത്തിയ സാഹ്നി ചൊവ്വാഴ്ചയാണ് പോര്‍ബന്ദറിലെ എസ്പിയായി ചാര്‍ജ് എടുത്തത്. 

പിതാവ് നാവിക സേന ഉദ്യോഗസ്ഥനായിരുന്നതിനാല്‍ വിശാഖപട്ടണത്തായിരുന്നു സാഹ്നിയുടെ സ്കൂള്‍ വിദ്യാഭ്യാസം. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കോന്‍ ബനേഗാ ക്രോര്‍പതി ജൂനിയറില്‍ സാഹ്നി പങ്കെടുക്കുന്നത്. ഒരു കോടി വിജയത്തിലെത്താനായി 15 ചോദ്യങ്ങള്‍ക്കായിരുന്നു സാഹ്നി അന്ന് കൃത്യമായി മറുപടി നല്‍കിയത്. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ജയ്പൂരിലെ മഹാത്മ ഗാന്ധി മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിസിന്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും സിവില്‍ സര്‍വ്വീസ് സാഹ്നി നേടിയിരുന്നു. 

നേരത്തെ രാജ്കോട്ട് സിറ്റി സോണ്‍ വണിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണറായി നിയമനം ലഭിച്ച സാഹ്നിക്ക് മുപ്പത്തിമൂന്നാം വയസിലാണ് പോര്‍ബന്ദര്‍ ജില്ലയുടെ ചുമതല ലഭിക്കുന്നത്. കൊവിഡ് മഹാമാരിക്കിടെ ലഭിച്ച ചുമതല ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതായി സാഹ്നി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലോക്ക്ഡൌണ്‍ നിര്‍ദേശം കര്‍ശനമായി പിന്തുടര്‍ന്ന് കൊവിഡ് വ്യാപനം പോര്‍ബന്ദറില്‍ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമമെന്ന് സാഹ്നി പറയുന്നു. 

click me!