
ലണ്ടന്‍: പന്ത് പറന്നു പിടിക്കുന്ന ജോണ്ടി റോഡ്സിന്റെ ചിത്രം നമുക്ക് തല്‍ക്കാലം മറക്കാം. ഇനി പറന്നുപിടിക്കുന്ന ഡിവില്ലിയേഴ്സിനെ ഓര്‍ക്കാം. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്നലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലായിരുന്നു റോഡ്സ് പോലും അതിശയിച്ചുപോകുന്ന ഡിവില്ലിയേഴ്സിന്റെ പറക്കും ഫീല്‍ഡിംഗ്. ശ്രീലങ്കയുടെ ദിനേശ് ചണ്ഡീമലില്‍ ആണ് ഡിവില്ലിയേഴ്സിന്റെ അത്ഭുത ഫീല്‍ഡിംഗിന് മുന്നില്‍ വീണത്.
ഇമ്രാന്‍ താഹിറിന്റെ പന്തില്‍ മിഡ് ഓഫിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളെടുക്കാനുള്ള ശ്രമമാണ് ഡിവില്ലിയേഴ്സിന്റെ ഇടപെടലിലൂടെ അപ്രതീക്ഷിത റണ്ണൗട്ടിലെത്തിയത്. പന്തിലേക്ക് പറന്നുവീണ ഡിവില്ലിയേഴ്സിന് ആദ്യം അത് കൈപ്പിടിയില്‍ ഒതുക്കാനായില്ല. പിന്നീട് വീണ്ടും പന്ത് കൈയിലെടുത്ത് നിലത്തുവീഴും മുമ്പെ വിക്കറ്റിലേക്ക് ത്രോ ചെയ്ത് ഡയറക്ട് ഹിറ്റിലൂടെ ചണ്ഡീമലിനെ വീഴ്‌ത്തുകയായിരുന്നു.
ഇതിന് തൊട്ടു മുമ്പ് മെന്‍ഡിസിനെയും സമാനമായൊരു അത്ഭുത ഫീല്‍ഡിംഗിലൂടെ ഡിവില്ലിയേഴ്സ് വീഴ്‌ത്തിയിരുന്നു.സര്‍ക്കിളിന് മുകളിലൂടെ ബൗണ്ടറി നേടാന്‍ ശ്രമിച്ച ലങ്കന്‍ താരത്തെ ഞെട്ടിച്ച് അവിശ്വസനീയമായി ഡിവില്ലേഴ്‌സ് ആ പന്ത് കൈപിടിയില്‍ ഒതുക്കുകയായിരുന്നു. നല്ല തുടക്കം ലഭിച്ചിട്ടും ഡിവില്ലിയേഴ്സിന്റെ ഇരട്ട പ്രഹരത്തിന് മുന്നിലാണ് ശ്രീലങ്കയ്ക്ക് അടിതെറ്റിയത്. ബാറ്റിംഗില്‍ തിളങ്ങിയില്ലെങ്കിലും ഡിവില്ലിയേഴ്സ് ഫീല്‍ഡില്‍ ശരിക്കും പുലിക്കുട്ടിയായി. 300 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ലങ്ക 15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 കടന്നെങ്കിലും 96 റണ്‍സിന് തോറ്റു.