
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും ചേര്‍ന്ന് ക്യാപ്റ്റന്‍ വിരാട് കോലിയ്ക്ക് എട്ടിന്റെ പണി കൊടുക്കുമോ. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെയെ തന്നെ നിലനിര്‍ത്താനാണ് മൂവരും ചേര്‍ന്ന് തീരുമാനമെടുത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടീമിലെ പത്തോളം താരങ്ങള്‍ കുംബ്ലെയ്ക്കെതിരായ നിലപാടെടുത്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കുംബ്ലെയെതന്നെ കോച്ചായി നിലനിര്‍ത്താന്‍ മൂവരും താല്‍പ്പര്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളും വരുന്നതെന്നാണ് രസകരം.
കുംബ്ലെയ്ക്ക് കീഴില്‍ ടീം മികച്ച പ്രകടനം പുറത്തെടുത്ത സാഹചര്യത്തില്‍ മറ്റൊരു പരിശീലകനെക്കുറിച്ച് ചിന്തിക്കേണ്ടെന്നാണ് ഇവരുടെ പൊതുനിലപാട്. കുംബ്ലെയുമായി മൂവര്‍ക്കും മികച്ച ബന്ധമാണുള്ളത്. നിലവില്‍ ക്യാപ്റ്റന്‍ കോലിയും ടീം അംഗങ്ങളുമായി കുംബ്ലെയ്ക്കുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂവെന്നും ഇവര്‍ കരുതുന്നു. കുംബ്ലെയെ അഭിമുഖത്തിന് ക്ഷണിക്കുന്നതിന് മുമ്പ് മൂവര്‍ സംഘം ഒരിക്കല്‍ കൂടി കോലിയുമായും ടീം അംഗങ്ങളുമായും സംസാരിക്കും.
ടീം അംഗങ്ങളുടെ നിലപാടുകള്‍ മൂവരും കുംബ്ലെയെ ധരിപ്പിക്കും. കുംബ്ലെ തന്റെ സമീപനം മാറ്റിയാല്‍ കളിക്കാര്‍ക്ക് കുംബ്ലെയുമായി വ്യക്തിപരമായ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെ ടീം അംഗങ്ങളം കുംബ്ലെയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാവാത്തതാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ മറ്റൊരു പരിശീലകനെക്കുറിച്ച് ഉപദേശകസമിതി ചിന്തുക്കുകയുള്ളൂ.
കരാര്‍ നീട്ടുകയാണെങ്കില്‍ 2019 ലോകകപ്പ് വരെ കുംബ്ലെയ്ക്ക് കോച്ചായി തുടരാനാവും. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ മൂവരും മുന്നോട്ടുവെയ്യകുന്ന ഒത്തുതീര്‍പ്പ് നിര്‍ദേശം തള്ളിക്കളയാന്‍ നിലവിലെ സാഹചര്യത്തില്‍ കോലിയ്ക്കാവില്ലെന്നാണ് സൂചന. കുംബ്ലെയെ കോച്ച് ആയി നിലനിര്‍ത്തുന്നതിനായി സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ്‌യുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്തായാലും കുംബ്ലെയെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ അത് കോലിയ്ക്ക് കിട്ടുന്ന വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പ്.