
ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് ആ ഫൈനല്‍ എന്നതാണ് ഏറ്റവും ആവേശകരമായ കാര്യം. കളി തുടങ്ങാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ, കിരീടം ഇന്ത്യ നേടുമെന്നാണ് ജ്യോതിഷ പ്രവചനം. ജന്മനക്ഷത്രം അനുസരിച്ച് വിരാട് കോലിയ്‌ക്ക് ഇത് നല്ല സമയമാണെന്നാണ് ജ്യോതിഷികളുടെ പ്രവചനം. കോലിയ്‌ക്ക് ഇപ്പോള്‍ ശുക്രന്‍ ഉച്ചസ്ഥായിയിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കിരീടം നേടുമെന്ന് ഉറപ്പിക്കുകയാണ് ജ്യോതിഷികള്‍. ഇതിന് സമാനമായ ഗ്രഹനില ഇതിന് മുമ്പും കോലിയ്‌ക്ക് ഉണ്ടായിട്ടുണ്ട്. കോലിയും പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദും ക്യാപ്റ്റന്‍മാരായിരിക്കെ, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അണ്ടര്‍-19 ലോകകപ്പ് ഫൈനലായിരുന്നു അത്. അന്ന് ജയം കോലിയുടെ ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. കഴിഞ്ഞ മാസം വരെ കോലിയ്‌ക്ക് മോശം സമയമായിരുന്നു. അതുകൊണ്ടാണ് ഐപിഎല്ലില്‍ കോലി നയിച്ച, ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സ് തോറ്റമ്പിയത്. ഇതുകൊണ്ടുമാത്രം ജ്യോതിഷികള്‍ നിര്‍ത്തുന്നില്ല. ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയ്‌ക്കും ഗ്രഹനില അനുസരിച്ച് ഏറ്റവും നല്ല സമയമാണിത്. എന്നാല്‍ പാകിസ്ഥാന്‍ പരിശീലകന്‍ മിക്കി ആര്‍തറുടെ ജീവിതത്തിലെ ഏറ്റവും മോശം സമയവുമാണിത്. എന്നാല്‍ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് സമ്മിശ്രമായ സമയമായാണ് ഇത് കണക്കാക്കുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് ജ്യോതിഷികള്‍ ഇന്ത്യ കിരീടം നേടുമെന്ന് ഉറപ്പിക്കുന്നത്.