
കാര്‍ഡിഫ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ് സെമി സാധ്യത സജീവമാക്കി. അഞ്ചു വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ഗംഭീര വിജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 266 റണ്‍സിന്റെ വിജയലക്ഷ്യം 16 പന്തും അഞ്ചു വിക്കറ്റും ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. ഈ വിജയത്തോടെ ബംഗ്ലാദേശ് ചാംപ്യന്‍സ് ട്രോഫി സെമിയിലെത്താനുള്ള സാധ്യത നിലനിര്‍ത്തി. എ ഗ്രൂപ്പില്‍ മൂന്നു പോയിന്റുള്ള ബംഗ്ലാദേശ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. ശനിയാഴ്‌ച നടക്കുന്ന ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മല്‍സരത്തില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടാല്‍ ബംഗ്ലാദേശിന് സെമിയിലെത്താം. ഓസ്‌ട്രേലിയ വിജയിച്ചാല്‍ ബംഗ്ലാദേശ് പുറത്താകും.
മഹമ്മദുള്ള(പുറത്താകാതെ 102), ഷാകിബ് അല്‍ ഹസന്‍(114) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്. ഒരവസരത്തില്‍ നാലിന് 33 എന്ന നിലയില്‍ പരുങ്ങിയ ബംഗ്ലാദേശിനെ ഷാകിബ് അല്‍ ഹസനും മഹമ്മദുള്ളയും ചേര്‍ന്ന് വിജയതീരത്ത് എത്തിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 224 റണ്‍സിന്റെ സഖ്യമാണ് ഉണ്ടാക്കിയത്. 115 പന്ത് നേരിട്ട ഷാകിബ് 11 ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. ന്യൂസിലാന്‍ഡിനുവേണ്ടി ടിം സൗത്തി മൂന്നു വിക്കറ്റെടുത്തു. 107 പന്ത് നേരിട്ട മഹമ്മദുള്ള എട്ട് ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്‌ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടിന് 265 റണ്‍സ് എടുക്കുകയായിരുന്നു. അര്‍ദ്ധസെഞ്ച്വറി നേടിയ റോസ് ടെയ്‌ലര്‍(63), കെയ്ന്‍ വില്യംസണ്‍(57) എന്നിവരാണ് ന്യൂസിലാന്‍ഡ് നിരയില്‍ തിളങ്ങിയത്. ബംഗ്ലാദേശിന് വേണ്ടി മൊസാദെക് ഹൊസെയ്ന്‍ മൂന്നു വിക്കറ്റും ടസ്കിന്‍ അഹമ്മദ് രണ്ടു വിക്കറ്റും സ്വന്തമാക്കി. നാലു ഓവര്‍ എറിഞ്ഞ മൊസാദെക് വെറും റണ്‍സ് വിട്ടുനല്‍കിയാണ് മുന്നു വിക്കറ്റെടുത്തത്. ഒരവസരത്തില്‍ നാലിന് 201 എന്ന നിലയിലായിരുന്ന ന്യൂസിലാന്‍ഡ് മദ്ധ്യനിരയെ മൊസാദെക് ഹൊസെയ്ന്‍ എറിഞ്ഞിടുകയായിരുന്നു. നീല്‍ ബ്രൂം, ജെയിംസ് നീഷാം, കോറി ആന്‍ഡേഴ്സണ്‍ എന്നിവരെ അടുത്തടുത്ത് പുറത്താക്കിയാണ് ന്യൂസിലാന്‍ഡിനെ മൊസാദെക് ഹൊസെയ്ന്‍ പ്രതിരോധത്തിലാക്കിയത്.