
എഡ്ജ്ബാസ്റ്റണ്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ സെമിസാധ്യത നിലനിര്‍ത്തി പാകിസ്ഥാന്‍. നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന്‍ പത്തൊന്‍പത് റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചു. മഴതടസ്സപ്പെടുത്തിയ കളിയില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു പാകിസ്ഥാന്റെ ജയം.
പാകിസ്ഥാന്‍ 27 ഓവറില്‍ 3 വിക്കറ്റിന് 119 റണ്‍സ് എന്ന നിലയില്‍ ബാറ്റ് ചെയ്യവേയാണ് മഴയെത്തിയത്. ഇതോടെ മഴനിയമപ്രകാരം പാകിസ്ഥാനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ ഇന്ത്യക്കും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും രണ്ട് പോയിന്റ് വീതമായി.
ഒരവസരത്തില്‍ ആറിന് 118 എന്ന നിലയില്‍ തകര്‍ന്നുപോയ ദക്ഷിണാഫ്രിക്കയെ പുറത്താകാതെ 75 റണ്‍സെടുത്ത ഡേവിഡ് മില്ലറുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 104 പന്ത് നേരിട്ട മില്ലര്‍ മൂന്നു സിക്സറും ഒരു ബൗണ്ടറിയും ഉള്‍പ്പടെയാണ് 75 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് 33 റണ്‍സും ക്രിസ് മോറിസ് 28 റണ്‍സും നേടി. പാകിസ്ഥാന് വേണ്ടി ഹസന്‍ അലി മൂന്നു വിക്കറ്റും ജുനൈദ്ഖാന്‍, ഇമാദ് വാസിം എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.