
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ആരാകും ഇന്ത്യയുടെ വിക്കറ്റ് കാക്കുക, എംഎസ് ധോണിയോ ദിനേശ് കാര്‍ത്തിക്കോ ?. ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും കോച്ച് അനില്‍ കുംബ്ലെയും തലപുകയ്ക്കുന്നത് ഇപ്പോള്‍ ഇക്കാര്യത്തെക്കുറിച്ചാകും. നിലവിലെ ഫോം വെച്ചുനോക്കിയാല്‍ കാര്‍ത്തിക്ക് തന്നെയാണ് അവസാന 11ല്‍ ഇടം നേടാന്‍ എന്തുകൊണ്ടും യോഗ്യന്‍. എന്നാല്‍ അനുഭവസമ്പത്ത് പരിഗണിച്ചാല്‍ ധോണിയ്ക്കാകും നറുക്ക് വീഴുക.
ആദ്യ സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ കാര്‍ത്തിക്ക് പൂജ്യത്തിന് പുറത്തായപ്പോള്‍ അന്തിമ ഇലവനില്‍ ധോണിയുടെ സ്ഥാനം ഉറച്ചതാണ്. എന്നാല്‍ രണ്ടാം സന്നാഹമത്സരത്തില്‍ 94 റണ്‍സടിച്ച് കാര്‍ത്തിക്ക് ടോപ് സ്കോററായതിനൊപ്പം വിക്കറ്റിന് പിന്നിലും മികവുകാട്ടി. ഇത് ധോണിയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറ്റുമെന്നാണ് കരുതുന്നത്. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനായി മികച്ച പ്രകടനം പുറത്തെടുത്ത കാര്‍ത്തിക്ക് ആഭ്യന്തര സീസണിലും മികവുകാട്ടിയിരുന്നു. പ്രതിഭയുണ്ടായിട്ടും കരിയറിലെ നല്ലകാലമെല്ലാം ധോണിയുടെ നിഴലില്‍ ഒതുങ്ങേണ്ടിവന്ന കാര്‍ത്തിക്കിന് ധോണിക്കും അടുത്ത ഇന്ത്യന്‍ കീപ്പറാകുമെന്ന് കരുതുന്ന ഡല്‍ഹിയുടെ 19കാരന്‍ റിഷഭ് പന്തിനും ഇടയിലുള്ള പാലമാകാന്‍ കഴിയുമെന്ന് കരുതുന്നവരേറെ.
പാക്കിസ്ഥാനെതിരെ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ധോണിയുടെ അനുഭവസമ്പത്ത് വേണോ കാര്‍ത്തിക്കിന്റെ ബാറ്റിംഗ്-കീപ്പിംഗ് മികവ് വേണോ എന്നതാണ് കോലിയെയും കുംബ്ലെയെയും കുഴയ്ക്കുന്നത്. രണ്ടാം സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ധോണിയും കോലിയും ബാറ്റിംഗിനിറങ്ങാതിരുന്നത് അന്തിമ ഇലവനെക്കുറിച്ചുള്ള സൂചനയായി കണക്കാക്കിയാല്‍ പാക്കിസ്ഥാനെതിരെ ധോണി കളിക്കും. മറിച്ച് നിലവിലെ ഫോം മാത്രമാണ് മാനദണ്ഡമെങ്കില്‍ കാര്‍ത്തിക്ക് അന്തിമ ഇലവനിലെത്തും. പനിയെത്തുടര്‍ന്ന് പരിശീലനത്തില്‍നിന്ന് വിട്ടുനിന്ന യുവരാജ് ആദ്യ മത്സരത്തിന് മുമ്പ് പൂര്‍ണ ആരോഗ്യക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ പാക്കിസ്ഥാനെതിരെ ധോണിയും കാര്‍ത്തിക്കും കളിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.