പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിക്കുമെന്ന് അഫ്രിദി- അതിന് കാരണക്കാര്‍ രണ്ടുപേര്‍!

By Web DeskFirst Published Jun 3, 2017, 2:50 PM IST
Highlights

വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് അരങ്ങുണരുമ്പോള്‍ മുന്‍ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രിദിക്ക് ആരു ജയിക്കുമെന്ന് നന്നായി അറിയാം. ഈ ചാംപ്യന്‍സ് ട്രോഫിയില്‍ ചിരവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യ ജയിക്കുമെന്നാണ് അഫ്രിദി പറയുന്നത്. അങ്ങനെ പറയുന്നതിന് അഫ്രിദിക്ക് ചില ന്യായങ്ങളുമുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ എഴുതിയ കോളത്തിലാണ് അഫ്രിദി നയം വ്യക്തമാക്കുന്നത്. അടുത്തകാലത്തായി മികച്ച ഫോമിലാണ് ഇന്ത്യ. ഒരു ടീമെന്ന നിലയില്‍ ഇന്ത്യ സെറ്റാണ്. മികച്ച റിസര്‍വ്വ് ബെഞ്ചുള്ള ഇന്ത്യന്‍ ടീമിലെ ഓരോ കളിക്കാരും മികവ് പുലര്‍ത്തുന്നവരാണെന്നാണ് അഫ്രിദിയുടെ ന്യായം.

എന്നാല്‍ ഇത്തവണ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കുന്നതിന് കാരണക്കാര്‍ രണ്ടു താരങ്ങളായിരിക്കും. ഏതൊരു എതിരാളിയും ഭയപ്പെടുന്ന വിരാട് കോലിയും ജസ്‌പ്രീത് ബംറയും പാകിസ്ഥാന് വെല്ലുവിളിയാകുമെന്ന പക്ഷക്കാരനാണ് അഫ്രിദി. ഏകദിനത്തില്‍ കോലിയുടെ റെക്കോര്‍ഡുകള്‍ അനുപമമാണ്. കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനങ്ങള്‍ നേരില്‍ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കോലി തിളങ്ങിയാല്‍ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ ഏറെ ദുഷ്‌കരമായിരിക്കും. കോലിയെ നേരത്തെ പുറത്താക്കിയാല്‍ മാത്രമെ പാകിസ്ഥാന് മല്‍സരത്തില്‍ സാധ്യതയുള്ളുവെന്നും അഫ്രിദി പറയുന്നു. എന്നെ സംബന്ധിച്ചിടത്തോളം കോലിക്കെതിരായ ബൗളിംഗ് എന്നുമൊരു വെല്ലുവിളിയായിരുന്നു. ഇപ്പോഴത്തെ പാക് ബൗളര്‍മാര്‍ക്കും അങ്ങനെ തന്നെയായിരിക്കും- അഫ്രിദി പറയുന്നു.

അതുപോലെ തന്നെ പാകിസ്ഥാന്‍ ഭയപ്പെടേണ്ട മറ്റൊരു ഇന്ത്യന‍് താരമാണ് ബംറ. അവസാന ഓവറുകളിലെ ബംറയുടെ പന്തേറ് മാരകമാണ്. ബംറയുടെ യോര്‍ക്കറുകള്‍ പാക് ബാറ്റിങ് നിരയില്‍ നാശം വിതച്ചേക്കാം. 1990കളില്‍ പാക് പേസര്‍മാര്‍ പ്രയോഗിച്ച വിനാശകരമായ ബൗളിംഗാണ് ബംറയുടേതെന്നും അഫ്രിദി പറയുന്നു.

click me!