
ഓവല്‍: പാകിസ്ഥാന്‍ ഉയര്‍ത്തിയ 339 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്‌ക്ക് തുടക്കത്തിലേ കനത്ത തിരിച്ചടി. രോഹിത് ശര്‍മ്മ(പൂജ്യം), ക്യാപ്റ്റന്‍ വിരാട് കോലി(അഞ്ച്) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്‌ക്ക് തുടക്കത്തിലേ നഷ്‌ടമായി. പരിക്ക് മാറി തിരിച്ചെത്തിയ പാകിസ്ഥാന്റെ സ്‌ട്രൈക്ക് ബൗളര്‍ മൊഹമ്മദ് ആമിറാണ് ഇരുവരെയും മടക്കിയത്. ഇന്ത്യന്‍ ഇന്നിംഗ്സിലെ മൂന്നാമത്തെ പന്തില്‍ രോഹിത് ശര്‍മ്മയെ ആമിര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. അഞ്ചു റണ്‍സെടുത്ത കോലിയെ ആമിറിന്റെ പന്തില്‍ ശദാബ് ഖാന്‍ പിടിച്ചാണ് കോലി പുറത്തായത്. അപ്പോള്‍ 2.4 ഓവറില്‍ ആറ് റണ്‍സ് മാത്രമായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത പാകിസ്ഥാന്‍ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് അടിച്ചുകൂട്ടി. കന്നി ഏകദിന സെഞ്ച്വറി നേടിയ ഫഖര്‍ സമാന്റെ ഇന്നിംഗ്സാണ് പാകിസ്ഥാന് മുതല്‍ക്കൂട്ടായത്.