
ബെര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ബംഗ്ലാദേശിനെതിരായ സെമി പോരാട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വ്യത്യസ്തമായ വിജയാഘോഷം. ആദ്യ ഓവറിലെ ബംഗ്ലാദേശിന് സൗമ്യ സര്‍ക്കാരിനെ നഷ്ടമായെങ്കിലും പിന്നീടെത്തിയ സാബിര്‍ റഹ്മാന്‍ അടിച്ചു തകര്‍ത്തു. ഭുവനേശ്വര്‍ കുമാറിനെതിരെ തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടിയാണ് സാബിര്‍ ഇന്ത്യയെ വെല്ലുവിളിച്ചത്. ഒടുവില്‍ തന്ത്രപരമായ നീക്കത്തിലൂടെ ഭുവി സാബിറിനെ വീഴ്ത്തിയപ്പോള്‍ കോലി അത് ശരിക്കും ആഘോഷിച്ചു.
മുഷ്ടിചുരുട്ടിയാണ് കോലി സാബിറിന്റെ വിക്കറ്റ് വീഴ്ച ആഘോഷിച്ചത്. സാബിര്‍ പുറത്തായതോടെ അതുവരെയുണ്ടായിരുന്ന ദേഷ്യവും നിരാശയുമെല്ലാം പ്രതിഫലിപ്പിക്കുന്നതായിരുന്നു കോലിയുടെ ആഘോഷം. ആഘോഷത്തിനിടെ അരിശം കൊണ്ട് കോലി എന്തൊക്കെയോ വിളിച്ചുപറയുന്നുമുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് തമീം ഇക്ബാലും മുഷ്ഫീഖുര്‍ റഹീമും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചു പരത്തിയതോടെ ക്യാപ്റ്റന്റെ മുഖത്തെ ചിരി മങ്ങി. കേദാര്‍ ജാദവിനെ പന്തേല്‍പിച്ച കോലിയുടെ തന്ത്രം പലിച്ചു. ആദ്യം തമീമിനെ വീഴ്ത്തിയ ജാദവ് മുഷ്ഫീഖുറിനെ കോലിയുടെ കൈകളിലെത്തിച്ചു. ക്യാച്ചെടുത്തശേഷം പതിവില്‍ നിന്ന് വ്യത്യസ്തമായി നാവ് പുറത്തേക്കിട്ടാണ് വിക്കറ്റ് വീഴ്ച ആഘോഷിച്ചത്.