ദക്ഷിണാഫ്രിക്കയെ മറികടക്കാന്‍ ഇന്ത്യക്ക് മുന്നിലുള്ള 5 വെല്ലുവിളികള്‍

By Web DeskFirst Published Jun 11, 2017, 12:47 PM IST
Highlights

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണ്. ഡിവില്ലിയേഴ്സ് മുതല്‍ റബാദവരെയുണ്ട് ഇന്ത്യക്ക് ഭീഷണിയാവുന്നവരുടെ കൂട്ടത്തില്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മുന്നിലുള്ള 5 പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1-ഇമ്രാന്‍ താഹിറും റബാദയും: ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത് ഇമ്രാന്‍ താഹിറിന്റെ ബൗളിംഗായിരുന്നു. ഐപിഎല്ലിലും മിന്നുന്ന ഫോമിലായിരുന്നു താഹിര്‍. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരനായ ബൗളറായിരുന്നു റബാദ. ന്യൂബോളില്‍ ഇന്ത്യന്‍ നിരയ്ക്കുമേല്‍ നാശം വിതയ്ക്കാന്‍ റബാദയ്ക്കാവും. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക വലിയ സ്കോര്‍ നേടിയാല്‍ റബാദയെയും താഹിറിനെയും ഇന്ത്യ എങ്ങനെ നേരിടുന്നു എന്നത് മത്സരഫലത്തെ സ്വാധീനിക്കും.

2-ക്ലിക്കാകണം മധ്യനിര: കോലിയും യുവരാജും ധോണിയും അടങ്ങുന്ന ഇന്ത്യന്‍ മധ്യനിര തങ്ങളുടേതായ ദിവസത്തില്‍ വിനാശകാരികളാണ്. എന്നാല്‍ ഇവര്‍ ഒരുമിച്ച് ക്ലിക്ക് ചെയ്താല്‍ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയാവും. ശ്രീലങ്കയ്ക്കെതിരെ കോലിയും യുവിയും പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സ്കോറിംഗിനെ അത് ബാധിച്ചു. ധോണിയുടെ തുടക്കത്തിലെ മെല്ലെപ്പോക്കും ഇന്ത്യക്ക് തലവേദനയാണ്.

3-അശ്വിന്‍ വന്നാല്‍: സ്പിന്നിനെതിരെ എന്നും പതറിയിട്ടുള്ള ദക്ഷിണാഫ്രിക്കയ്ക്കെതിരെ അശ്വിന്‍ അന്തിമ ഇലവനില്‍ ഇടം നേടുമെന്ന് ഏതാണ്ട് ഉറപ്പിക്കാം. അപ്പോഴും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റ് കളിക്കാത്ത അശ്വിന് തിരിച്ചുവരവില്‍ എത്രമാത്രം തിളങ്ങാനാവുമെന്ന വലിയ ചോദ്യം ബാക്കിയാണ്. ബാറ്റിംഗ് വിക്കറ്റില്‍ അശ്വിനും ജഡേജയും എത്രമാത്രം ഫലപ്രദമാവും എന്നും കണ്ടറിയേണ്ട കാര്യമാണ്.

4-ഡിവില്ലിയേഴ്സും ഡീകോക്കും: ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇന്ത്യ ഏറെ പേടിക്കേണ്ട ബാറ്റ്സ്മാന്‍മാര്‍ ആരാണെന്ന് ചോദിച്ചാല്‍ ഡിവില്ലിയേഴ്സിനെക്കാള്‍ ഒരുപടി മുന്നില്‍ ഡീ കോക്ക് ഉണ്ടാവും. കാരണം രാജ്യാന്തര ക്രിക്കറ്റില്‍ ഡീ കോക്കിന് ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡാണുള്ളത്. 12 ഏകദിന സെഞ്ചുറികള്‍ ഡീകോക്ക് നേടിയതില്‍ അഞ്ചും ഇന്ത്യക്കെതിരെയാണെന്നത് കോലിയ്ക്കും സംഘത്തിനും കാണാതിരിക്കാനാവില്ല. ഇതില്‍ തുടര്‍ച്ചയായ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഡിവില്ലിയേഴ്സ് പതിവ് ഫോമിലേക്ക് ഉയര്‍ന്നാല്‍ പിന്നെ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല.

5-അംലയെന്ന നിശബ്ദ കൊലയാളി: ഒരറ്റത്ത് ഹഷീം അംല ബാറ്റ് ചെയ്യുന്നുണ്ടെന്ന് ആരും ശ്രദ്ധിക്കാറേയില്ല. സ്ഫോടനാത്മകമല്ല അംലയുടെ ബാറ്റിംഗ്. പക്ഷെ ദക്ഷിണാഫ്രിക്ക ഏറ്റവും ആശ്രയിക്കുന്ന ബാറ്റ്സ്മാനാണ് ഈ 34കാരന്‍. ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയുടെ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതി മുന്നേറുന്ന അംലയെ പിടിച്ചുകെട്ടാനായില്ലെങ്കില്‍ അത് ഇന്ത്യയ്ക്ക് വലിയ തലവേദനയാവും. ഐപിഎല്ലില്‍ രമ്ട് സെഞ്ചുറിയടിച്ച അംല മിന്നുന്ന ഫോമിലുമാണ്. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിലും അംല സെഞ്ചുറി നേടിയിരുന്നു.

click me!