ഈ വിക്കറ്റ് കിട്ടിയാല്‍ ജയിക്കാമെന്ന് പാക് ബൗളര്‍

By Web DeskFirst Published Jun 17, 2017, 7:36 PM IST
Highlights

പരിക്കില്‍നിന്ന് മോചിതനായി മൊഹമ്മദ് ആമിര്‍ വരാന്‍ സാധ്യതയുണ്ട് എന്നതാണ് പാക് ബൗളിങ് നിരയെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ വ്യത്യസ്‌തമാക്കുന്നത്. ഇമ്രാന്‍ഖാനും വാസിം അക്രവും വഖാര്‍ യൂനിസും ഷൊയ്‌ബ് അക്‌തറുമൊക്കെ നിറഞ്ഞാടി പാക് പേസ് പാരമ്പര്യത്തെ കാത്തുനിര്‍ത്തുന്ന ഈ കാലഘട്ടത്തിലെ പോരാളിയാണ് മൊഹമ്മദ് ആമിര്‍. പരിക്ക് മൂലം ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ആമിറിന് കളിക്കാനായില്ല. എന്നാല്‍ ഫൈനലില്‍ ഇന്ത്യയെ നേരിടുന്ന പാക് ടീമില്‍ മൊഹമ്മദ് ആമിറും ഉണ്ടാകുമെന്നാണ് സൂചന. ഏതായാലും പാകിസ്ഥാന്റെ സാധ്യതയെക്കുറിച്ച് ചോദിക്കുമ്പോള്‍, മൊഹമ്മദ് ആമിര്‍ പറയുന്നത്, എല്ലാം ഒരു ഒറ്റ വിക്കറ്റിലാണ് ഇരിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റ് നേരത്തെ കിട്ടിയാല്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പ്രയാസമില്ലെന്ന പക്ഷക്കാരനാണ് മൊഹമ്മദ് ആമിര്‍. ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലാണ് കോലി. എന്നാല്‍ ഇത്തവണ അദ്ദേഹം സമ്മര്‍ദ്ദത്തിലാണ്. കോലി ക്യാപ്റ്റനായ ശേഷമുള്ള ആദ്യ ഫൈനലാണിത്. അതുകൊണ്ടുതന്നെ കോലിയുടെ വിക്കറ്റ് നേരത്തെ തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്- മൊഹമ്മദ് ആമിര്‍ പറഞ്ഞു. അതേസമയം മൊഹമ്മദ് ആമിറിനെ ഫൈനലില്‍ കളിപ്പിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാക് ബൗളിങ് കോച്ച് അസര്‍ മഹ്‌മൂദ് കൃത്യമായ ഉത്തരം നല്‍കിയില്ല. ഇന്ന് നെറ്റ്‌സില്‍ ആമിര്‍ പന്തെറിഞ്ഞു. അദ്ദേഹം കായികക്ഷമത വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഫൈനലില്‍ ആരെയൊക്കെ കളിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും അസര്‍ മഹ്മൂദ് പറഞ്ഞു.

click me!