
കാര്‍ഡിഫ്: ഇതിലും അനായാസമായൊരു ക്യാച്ച് ഇനി ലഭിക്കാനില്ല. പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് നല്‍കിയ അത്രമേല്‍ അനായാസമായ ആ ക്യാച്ച് മിഡ് ഓണില്‍ തിസാര പെരേര കൈയിലൊതുക്കിയിരുന്നെങ്കില്‍ ശ്രീലങ്ക ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി സെമിയിലെത്തുന്ന നാലാമത്തെ ടീമായേനെ. ലങ്കയ്ക്കും പാക്കിസ്ഥാനും തുല്യസാധ്യത ഉണ്ടായിരുന്ന കളിയില്‍ ജയത്തിലേക്ക് പാക്കിസ്ഥാന് 44 റണ്‍സ് കൂടി വേണ്ടിയിരുന്നപ്പോഴായിരുന്നു ലങ്കയോട് പെരേരയുടെ കൊലച്ചതി.
മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ പാക് നിരയിലെ അവസാന അംഗീകൃത ബാറ്റ്സ്മാനായ സര്‍ഫ്രാസിനെ വീഴ്‌ത്താന്‍ ലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് തന്റെ ഏറ്റവും വിശ്വസ്തനായ ബൗളര്‍ ലസിത് മലിംഗയെ തിരികെ വിളിച്ചു. ക്യാപ്റ്റന്റെ തന്ത്രത്തിനനുസരിച്ചായിരുന്നു മലിംഗയുടെ ബൗളിംഗ്. പന്ത് ഉയര്‍ത്തി അടിക്കാനുള്ള സര്‍ഫ്രാസിന്റെ സാഹസം തിരിച്ചറിഞ്ഞ മാത്യൂസ് ക്യാച്ചിനായി ഷോട്ട് മിഡ് ഓണില്‍ പെരേരയെ നിര്‍ത്തി.
പറഞ്ഞുറപ്പിച്ചപ്പോലെ സര്‍ഫ്രാസ് മലിംഗയുടെ സ്ലോ ബോള്‍ ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ചു. പന്തേ നേരെ പെരേരയുടെ കൈകളിലേക്ക്. എന്നാല്‍ ലങ്കയെ മാത്രമല്ല സര്‍ഫ്രാസിനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് പെരേര അവിശ്വസനീയമായി പന്ത് നിലത്തിട്ടു. ക്യാച്ച് മാത്രമായിരുന്നില്ല സെമി ബര്‍ത്ത് കൂടിയായിരുന്നുു പെരേര നിലത്തിട്ടത്. എല്ലായ്പ്പോഴും ചിരിച്ചുകൊണ്ട് പ്രതികരിക്കാറുള്ള മലിംഗപോലും ഒരുനിമിഷത്തേക്ക് രോഷാകുലനായി. സ്കൂള്‍ കുട്ടികള്‍ പോലും കൈവിടാത്തൊരു ക്യാച്ച് പേരേര കൈവിടുന്നത് അവിശ്വസനീയ കാഴ്ചയായി.
വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ആ വിക്കറ്റ് വീണിരുന്നെങ്കില്‍ പാക് വാലറ്റത്തെ വീഴ്ത്താന്‍ മലിംഗയുടെ രണ്ടോവറുകള്‍ ധാരാളമായിരുന്നു. മലിംഗയുടെ തൊട്ടടുത്ത ഓവറിലും സര്‍ഫ്രാസ് ഒരവസരം കൂടി ലങ്കയ്ക്ക് നല്‍കി. എന്നാല്‍ ഇത്തവണ അത്ര അനായസമല്ലെങ്കിലും ബൗണ്ടറിയില്‍ നിന്ന് ഓടിവന്ന് ക്യാച്ചെടുക്കാനുള്ള ഗുണതിലകെയുടെ ശ്രമവും പാളിപ്പോയി. പന്ത് കൈവെള്ളയില്‍ വീണ് തെറിച്ചുപോയി.
സര്‍ഫ്രാസിനെ കൈവിട്ട ആ രണ്ടവസരങ്ങള്‍ ലങ്കയുടെ വിധിയെഴുതി. 1999ലെ ലോകകപ്പില്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോയുടെ അനായാസ ക്യാച്ച് കൈവിട്ട ഹെര്‍ഷെല്‍ ഗിബ്സിനോട് വോ മത്സരശേഷം പറഞ്ഞത് നിങ്ങള്‍ നിലത്തിട്ടത് ലോകകപ്പ് ആണെന്നായിരുന്നു. എന്നാല്‍ പേരെര നിലത്തിട്ടത് ചാമ്പ്യന്‍സ് ട്രോഫിയിലെ സെമി ബര്‍ത്തായിരുന്നുവെന്ന് മാത്രം.