കേട്ടിട്ടുണ്ടോ, വീരുവിന്റെ ഉരുളയ്ക്കുപ്പേരി മറുപടികള്‍

By Web DeskFirst Published Jun 12, 2017, 5:15 PM IST
Highlights

എതിരാളികള്‍ക്ക് മാത്രമല്ല സ്വന്തം ടീമംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം ഉരുളയ്ക്കുപ്പേരിപോലെ മറുപടി നല്‍കുന്നതില്‍ കേമനാണ് വീരേന്ദര്‍ സെവാഗ്. ടീമിലെ തമാശക്കാരന്‍ കൂടിയായ വീരു തന്റെ ബാറ്റിംഗ്പോലെ വെടിക്കെട്ട് മറുപടികള്‍കൊണ്ടും പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. ഇതാ അവയില്‍ ചിലത്.

  • ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകന്‍ സെവാഗിനോട് ചോദിച്ചു-സച്ചിനും താങ്കളും തമ്മിലുള്ള വ്യത്യാസമെന്താണ് ? സെവാഗിന്റെ മറുപടി- ഞങ്ങളുടെ ബാങ്ക് ബാലന്‍സ് തന്നെ.
  • ഇംഗ്ലീഷ് ബാറ്റിംഗ് ഇതിഹാസം ജെഫ് ബോയ്ക്കോട്ട് വീരുവിനെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞു-താന്‍ കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും പ്രതിഭാധനനായ ബാറ്റ്സ്മാന്‍മാരിലൊരാളാണ് സെവാഗ്. പക്ഷെ ബാറ്റ് ചെയ്യുമ്പോള്‍ നജഫ്ഗഢിലെ നവാബിന് ബുദ്ധിമാത്രം കുറവാണെന്ന്. അതിന് സെവാഗ് നല്‍കിയ മറുപടി ഇങ്ങനെ- ബോയ്ക്കോട്ട് എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, അദ്ദേഹം ഒരിക്കല്‍ ദിവസം മുഴുവന്‍ ബാറ്റ് ചെയ്തിട്ട് അടിച്ചത് ആകെ ഒരു ബൗണ്ടറി മാത്രമാണ്. അതോടെ ബോയ്‌ക്കോട്ടിന്റെ വായടഞ്ഞു.
  • പാക്കിസ്ഥാനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റില്‍ 295 റണ്‍സുമായി വീരു ക്രീസില്‍ നില്‍ക്കുന്നു. കൂട്ടിനുള്ളത് സച്ചിന്‍. നീ എന്താ സിക്സടിക്കാത്തത് എന്ന് സച്ചിന്‍ സെവാഗിനോട് ചോദിച്ചു. സഖ്‌ലിയന്‍ മുഷ്ത്താഖ് ബൗള്‍ ചെയ്യാന്‍ വന്നാല്‍ തീര്‍ച്ചയായും സിക്സറടിക്കുമെന്ന് വീരുവിന്റെ മറുപടി. വാക്കു പാലിച്ച് സഖ്‌ലിയനെ സിക്സറിന് പറത്തി വീരു ട്രിപ്പിള്‍ തികച്ചു.
  • 2006ല്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ ഓപ്പണിംഗ് വിക്കറ്റില്‍ സെവാഗും ദ്രാവിഡും ചേര്‍ന്ന് 410 റണ്‍സടിച്ചു. അതിനുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ 413 റണ്‍സടിച്ച വിനു മങ്കാദിന്റെ റെക്കോര്‍ഡ് മറികടക്കാനാവാത്തതില്‍ നിരാശയുണ്ടോ എന്നായിരുന്നു മാധ്യമങ്ങള്‍ക്ക് അറിയേണ്ടത്. ആ ചോദ്യത്തിന് വീരു നല്‍കിയ മറുപടിയോ ആരാണ് വിനു മങ്കാദെന്ന മറുചോദ്യമായിരുന്നു.
  • 2003ല്‍ കൗണ്ടി ക്രിക്കറ്റില്‍ ലെസസ്റ്റര്‍ഷെയറിനായി കളിക്കുകയായിരുന്നു സെവാഗ്. ജെര്‍മി സ്നെയ്പായിരുന്നു ക്രീസില്‍ സെവാഗിന് കൂട്ട്. പാക്കിസ്ഥാന്റെ അബ്ദുള്‍ റസാഖ് പഴയ പന്തില്‍ റിവേഴ്സ് സിംഗിലൂടെ ബാറ്റ്സ്മാന്‍മാരെ വെള്ളംകുടിപ്പിക്കുകയായിരുന്നു. അതുകണ്ട് സെവാഗ് സ്നെയപ്പിനോട് പറഞ്ഞു. ഈ പന്ത് അടിച്ചു ദൂരെക്കളഞ്ഞാളെ നമുക്ക് രക്ഷയുള്ളു. റസാഖിന്റെ അടുത്ത ഓവറില്‍ സെവാഗ് പന്ത് അടിച്ച് ഗ്രൗണ്ടിന് പുറത്തിട്ടു. അതോടെ അമ്പയര്‍ പുതിയ പന്തെടുത്തു. അതുകണ്ട സെവാഗ് പറഞ്ഞു. ഇനി ഒരു മണിക്കൂറിനെങ്കിലും വലിയ പ്രശ്നമില്ല.
  • 2003ല്‍ ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ 195 റണ്‍സില്‍ നില്‍ക്കെ സിക്സറടിക്കാന്‍ ശ്രമിച്ച് സെവാഗ് പുറത്തായി. അപ്പോള്‍ ക്രീസില്‍ കൂട്ടായിട്ടുണ്ടായിരുന്ന ദ്രാവിഡ് സെവാഗിനോട് പറഞ്ഞു. ‍ഡിബിള്‍ സെഞ്ചുറിക്ക് വെറും അഞ്ച് സിംഗിള്‍ മതിയായിരുന്നല്ലോ, അതുകേട്ട സെവാഗിന്റെ മറുപടി ഇങ്ങനെയായിരുന്നു, വെറും മൂന്നുവാര ദൂരത്തിനാണ് എനിക്കാ സിക്സര്‍ നഷ്ടമായത്.
  • ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സെവാഗിനോട് ചോദിച്ചു, എങ്ങനെയാണ് താങ്കള്‍ മക്‌ഗ്രാത്തിനെയും ബ്രെറ്റ് ലീയെയുംമെല്ലാം തുടര്‍ച്ചയായി അടിച്ചു പരത്തുന്നത്. അതിന് സെവാഗിന്റെ മറുപടി ബൗളറെയല്ല ഞാനടിക്കുന്നത് അവരെറിയുന്ന പന്താണ് എന്നായിരുന്നു.
  • 2011ലെ ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയപ്പെട്ടപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ സെവാഗിനോട് ചോദിച്ചു. നിങ്ങള്‍ ഇനി ഒരിക്കലും ഇന്ത്യക്കായി കളിക്കില്ലെന്നാണ് തോന്നുന്നത്. അതിന് സെവാഗ് ഒരു മറു ചോദ്യമാണ് ചോദിച്ചത്. അത് ആരുടെ നഷ്ടമാണ് ?. ഇപ്പോള്‍ ആരാധകര്‍ തിരിച്ചറിയുന്നുണ്ടാവണം. അത് ഇന്ത്യയുടെ നഷ്ടമായിരുന്നുവെന്ന്.
click me!