
ദില്ലി: വീരേന്ദര്‍ സെവാഗിനെക്കുറിച്ച് ആര് എന്ത് പറഞ്ഞാലും അതിന്റെ അവസാനം ഒരു ചിരിയുണ്ടാകും. സെവാഗ് തിരിച്ചുപറഞ്ഞാലും അതെ. സെവാഗ് തന്നെ ഭീരുവാക്കി മാറ്റിയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ചാമ്പ്യന്‍ സ്പിന്നറായ ആര്‍ അശ്വിന്‍. വിക്രം സതായെ അവതരിപ്പിക്കുന്ന വാട്ട് ദ ഡക്ക്-2 എന്ന ടെലിവിഷന്‍ പരിപാടിയിലാണ് അശ്വിന്റെ തുറന്നുപറച്ചില്‍.
ഐപിഎല്ലിലെ മികച്ച പ്രകടനങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ടീമിലും നല്ല രീതിയില്‍ പന്തെറിഞ്ഞുകൊണ്ടിരുന്ന കാലത്താണ് സെവാഗ് തന്നെ ഭീരുവാക്കിയതെന്ന് അശ്വിന്‍ പറയുന്നു. ധാംബുള്ളയില്‍ നെറ്റ്സില്‍ സെവാഗിനെതിരെ പന്തെറിഞ്ഞപ്പോഴാണ് സംഭവം. ഞാനെറിഞ്ഞ ആദ്യ പന്ത് ഓഫ് സ്റ്റമ്പിലായിരുന്നു, അത് സെവാഗ് കട്ട് ചെയ്തു. അടുത്ത പന്തും ഓഫ് സ്റ്റമ്പില്‍ അതും കട്ട് ചെയ്തു. അടുത്ത പന്ത് മിഡില്‍ സ്റ്റമ്പില്‍ എറിഞ്ഞു, അതും സെവാഗ് കട്ട് ചെയ്തു. പിന്നീട് ഞാന്‍ ഫുള്‍ ലെംഗ്തില്‍ എറിഞ്ഞു. അപ്പോള്‍ സെവാഗ് ഫ്രണ്ട് ഫൂട്ടില്‍ കയറിവന്ന് സിക്സറടിച്ചു. അതോടെ ഓഫ് സ്പിന്നറെന്ന നിലയില്‍ എന്റെ കഴിവിനെക്കുറിച്ച് എനിക്കുതന്നെ വിശ്വാസം നഷ്ടപ്പെട്ടു. ഒന്നുകില്‍ ഞാന്‍ അത്ര കേമനല്ല, അല്ലെങ്കില്‍ സെവാഗിന് പന്തെറിയാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല എന്ന് ഞാന്‍ കരുതി.
നെറ്റ്സില്‍ സച്ചിന് പന്തെറിയുമ്പോള്‍ പോലും ഞാനിത്ര വെള്ളം കുടിച്ചിട്ടില്ല. സെവാഗിന്റെ ബാറ്റിംഗ് എന്റെ മനസിനെ മഥിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ സെവാഗിനോട് തന്നെ ഇക്കാര്യം നേരിട്ട് ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ എവിടെയാണ് മെച്ചപെടേണ്ടതെന്ന് സെവാഗിനോട് ചോദിച്ചു. ഇതേ ചോദ്യം ഞാന്‍ സച്ചിനോടാണ് ചോദിക്കുന്നതെങ്കില്‍ അദ്ദേഹം കുറച്ചു ടിപ്സ് പറഞ്ഞുതരുമായിരുന്നു. ധോണിയോടായിരുന്നെങ്കില്‍ അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ ചിലകാര്യങ്ങള്‍ പറയും. എന്നാല്‍ സെവാഗ് പറഞ്ഞത് മറ്റൊന്നായിരുന്നു.
താങ്കള്‍ക്ക് ഒരു കാര്യമറിയുമോ, ഓഫ് സ്പിന്നര്‍മാരെ താന്‍ ബൗളര്‍മാരായിപ്പോലും കണക്കാക്കുന്നില്ലെന്നായിരുന്നു സെവാഗിന്റെ മറുപടി. അവരുടെ പന്തുകള്‍ എന്നെ കുഴക്കാറില്ല. ഓഫ് സ്പിന്നറുടെ പന്തുകള്‍ അടിച്ചകറ്റുക വളരെ എളുപ്പമാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു, പക്ഷെ താങ്കള്‍ എന്നെ കട്ട് ചെയ്യുകയായിരുന്നു. അതിന് അദ്ദേഹം പറഞ്ഞത്, അതെ കട്ട് ചെയ്യുകയായിരുന്നു. ഓഫ് സ്പിന്നര്‍മാരെ ഓഫ് സൈഡിലേക്കും ഇടം കൈയന്‍ സ്പിന്നര്‍മാരെ ലെഗ് സൈഡിലേക്കും ഞാനടിക്കും. അടുത്ത ദിവസം നെറ്റ്സില്‍ സെവാഗിനെതിരെ ഞാന്‍ വ്യത്യസ്ത ഡെലിവറികള്‍ പരീക്ഷിച്ചു. അപ്പോഴും അദ്ദേഹം എന്നെ അടിച്ചുപറത്തി. ഞാനൊരു പഴംതുണിയാണെന്ന് എനിക്കു തോന്നി. 10 വയസുകാരനായ കുട്ടിയ്ക്കെതിരെ ഞാനെങ്ങനെ കളിക്കുമോ അതുപോലെയാണ് സെവാഗ് എനിക്കെതിരെ കളിച്ചത്.
സെവാഗിനെ പുറത്താക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ഈഗോയെ ആക്രമിക്കണം. നിങ്ങള്‍ എത്ര നല്ല പന്തെറിയുന്നുവോ അതിലും മികച്ചതായി അദ്ദേഹം അടിച്ചകറ്റും. അപ്പോള്‍ നല്ല പന്തുകള്‍ എറിഞ്ഞിട്ടു കാര്യമില്ല. ഏറ്റവും മോശം പന്തുകള്‍ എറിയണം. എത്ര മോശമായി എറിയാമോ അത്രയും മോശമായി എറിഞ്ഞാല്‍ അദ്ദേഹം ചിലപ്പോള്‍ അലക്ഷ്യമായി വിക്കറ്റ് നല്‍കും. ഐപിഎല്ലില്‍ തന്റെ അത്തരം പരീക്ഷണം വിജയിച്ചിട്ടുണ്ടെന്നും അശ്വിന്‍ പറഞ്ഞു.