
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ തവണ വില്ലനായത് അപ്രക്ഷീതമായി എത്തിയ മഴയായിരുന്നു. മഴമൂലം ഏറ്റവുമധികം തിരിച്ചടി നേരിട്ടതാകട്ടെ മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയക്കാണെങ്കില്‍ ആനുകൂല്യം ലഭിച്ചത് ഇന്ത്യാ നാളെ നേരിടാനിറങ്ങുന്ന ബംഗ്ലാദേശിനാണ്. ഓസ്ട്രേലിയക്കെതിരെ മഴമൂലം കളിമുടങ്ങിയതിനാല്‍ ലഭിച്ച ഒരുപോയന്റ് ബംഗ്ലാദേശിന്റെ സെമി പ്രവേശത്തില്‍ നിര്‍ണായകമായി. ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ആദ്യ സെമി നടക്കുന്ന കാര്‍ഡിഫില്‍ മഴ കാരണം കളി കാര്യമായി മുടങ്ങിയിട്ടില്ല. എന്നാല്‍ ഇന്ത്യാ-ബംഗ്ലാദേശ് മത്സരം നടക്കുന്ന എഡ്ജ്ബാസ്റ്റണില്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഇവിടെ നടന്ന നിരവധി മത്സരങ്ങള്‍ മഴമൂലം മുടങ്ങിയിട്ടുണ്ട്.
എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ഇന്ത്യാ-ബംഗ്ലാദേശ് രണ്ടാം സെമി ഫൈനലില്‍ മഴ കളിമുടക്കിയാല്‍ ആരാവും ഫൈനലിലെത്തുക. സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനമില്ല. അതുകൊണ്ടുതന്നെ മഴമൂലം കളി മുടങ്ങിയാല്‍ തൊട്ടടുത്ത ദിവസം കളി നടത്തില്ല. എന്നാല്‍ എഡ്ജ്ബാസ്റ്റണില്‍ നാളെ മഴ പെയ്യില്ലെന്നാണ് കാലവസ്ഥാ പ്രവചനം.
ഇനി പെയ്താല്‍ 20 ഓവര്‍ വീതമെങ്കിലും ഇരുടീമുകളും പൂര്‍ത്തിയാക്കിയാല്‍ മാത്രമെ മത്സരത്തിന് ഫലമുണ്ടാവുകയുള്ളു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാവും ഈ അവസരത്തില്‍ വിജയിയെ നിര്‍ണയിക്കുക. ഇനി മഴമൂലം മത്സരം പൂര്‍ണമായും തടസപ്പെടുകയാണെങ്കില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായവര്‍ ഫൈനലിലെത്തും. അതായത് എ ഗ്രൂപ്പില്‍ ഇംഗ്ലണ്ടും ബി ഗ്രൂപ്പില്‍ ഇന്ത്യയുമാണ് ഒന്നാം സ്ഥാനക്കാര്‍. അതുകൊണ്ടുതന്നെ ഇന്ത്യാ-ഇംഗ്ലണ്ട് ഫൈനലിനാവും അരങ്ങൊരുങ്ങുക. ഫൈനലിന് റിസര്‍വ് ദിനമുണ്ട്. ഫൈനലില്‍ മഴ പെയ്താല്‍ റിസര്‍വ് ദിനത്തില്‍ കളി നടത്തും. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലേതുപോലെ 20 ഓവര്‍ ഫൈനലായിരിക്കില്ലെന്ന് ചുരുക്കം.