എയർ ഇന്ത്യയെ വാങ്ങാൻ കമ്പനിയിലെ ജീവനക്കാർ രം​ഗത്ത്, വിമാനക്കമ്പനിക്കായി ബിഡ് സമർപ്പിച്ചു

By Web TeamFirst Published Dec 14, 2020, 9:31 PM IST
Highlights

“ഞങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന ഒരു പങ്കാളിക്കൊപ്പം ഞങ്ങൾ ഒരു ഇഒഐ സമർപ്പിച്ചു,”

ദില്ലി: എയര്‍ ഇന്ത്യയെ വാങ്ങാന്‍ തയ്യാറെടുത്ത് കമ്പനിയിലെ ജീവനക്കാര്‍ രംഗത്ത്. ദേശീയ വിമാനക്കമ്പനിയിലെ 209 ജീവനക്കാരുടെ സംഘമാണ് എയര്‍ ഇന്ത്യയ്ക്കായി താല്‍പര്യപത്രം (ഇഒഐ) സമര്‍പ്പിച്ചിരിക്കുന്നത്. ധനകാര്യ പിന്തുണ ഉറപ്പാക്കുന്ന പങ്കാളിക്കൊപ്പം ചേര്‍ന്നാണ് ജീവനക്കാരുടെ സംഘം പ്രാഥമിക ബിഡ് സമര്‍പ്പിച്ചിരിക്കുന്നത്. എയർ ഇന്ത്യയിലെ ഇപ്പോഴത്തെ കൊമേഴ്ഷ്യൽ ഡയറക്ടറായ മീനാക്ഷി മാലിക്കാണ് ബിഡ് പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.

“ഞങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന ഒരു പങ്കാളിക്കൊപ്പം ഞങ്ങൾ ഒരു ഇഒഐ സമർപ്പിച്ചു,” രഹസ്യസ്വഭാവമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മാലിക്ക് വിസമ്മതിച്ചതായി ബിസിനസ് സ്റ്റാൻഡേർഡിന് റിപ്പോർട്ട് ചെയ്യുന്നു.

നിയമങ്ങൾ എയർ ഇന്ത്യ ജീവനക്കാർക്ക് ബിഡ് അനുവദിക്കുമ്പോഴും, ഒരു സ്വകാര്യ കമ്പനിയുമായി പങ്കാളിയാകാൻ കമ്പനിക്ക് കഴിയില്ലെന്ന് ഓഹരി വിറ്റഴിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുശാസിക്കുന്നു. എന്നാൽ, ഒരു ബാങ്കുമായോ ഒരു ധനകാര്യ സ്ഥാപനവുമായോ പങ്കാളിയാക്കുന്നതിന് മാർ​​​ഗനിർദ്ദേശങ്ങൾ പ്രകാരം വിലക്കില്ല. ധനകാര്യ പങ്കാളിയുടെ പിന്തുണ കൂടാതെ, ബിഡിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന ഓരോ ജീവനക്കാരോടും ബിഡിനായി ഒരു ലക്ഷം രൂപ സംഭാവന ചെയ്യാൻ ആവശ്യപ്പെടാനാണ് കൺസോർഷ്യത്തിന്റെ നീക്കം.

ജീവനക്കാരുടെ കൺസോർഷ്യം എയർലൈനിന്റെ 51 ശതമാനം ഓഹരി കൈവശം വയ്ക്കാൻ പദ്ധതിയിടുന്നു, ബാക്കി 49 ശതമാനം സാമ്പത്തിക പങ്കാളികൾക്കായി നീക്കിവയ്ക്കാനാണ് അവരുടെ ആലോചനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

click me!